കഥാപ്രസംഗത്തിൽ ആധിപത്യം നിലനിർത്താൻ അഞ്ചാം തവണയും സാന്ദ്രയെത്തി

Web Desk
Posted on December 08, 2018, 12:01 pm
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി അഞ്ചാം വർഷവും തന്റെ ആധിപത്യം നിലനിർത്താൻ സാന്ദ്രപുല്ലാനിക്കാട് എത്തി. എച്ച് എസ് എസ്  വിഭാഗം  കഥാപ്രസംഗ മത്സരത്തിലാണ് ഈ കൊച്ചു കാഥിക അസ്വാദകരുടെ മനം കവർന്നത്. പാലക്കാട് പിടിഎം വൈ എച്ച് എസ് എസിലെ പ്ലസ് വൺ  വിദ്യാർഥിനിയാണ് സാന്ദ്രപുല്ലാനിക്കാട്.
അധികാരക്കൊതി മൂലമുള്ള ആപത്താണ് വിഭീഷണം എന്ന  കഥാപ്രസംഗത്തിലൂടെ സാന്ദ്ര അവതരിപ്പിച്ചത്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത് അന്ന് സമ്മാനം നേടിയ മിടുക്കി പിന്നീട് ആ സ്ഥാനം നിലനിർത്തിപ്പോരുകയായിരുന്നു.
സംഗീതത്തിലും കവിതാലാപനത്തിലും ജില്ലയിൽ സമ്മാനം നേടിയിട്ടുണ്ട്. മഞ്ജു വാര്യരേയും കാവ്യ മാധവനെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിന് കഥാപ്രസംഗം പഠിപ്പിച്ചിട്ടുള്ള പ്രശസ്തനായ കാഥികൻ കീപ്പേരി നാരായണൻ മാസ്റ്ററാണ്  സാന്ദ്ര യേയും കഥാപ്രസംഗം പരിശീലിപ്പിച്ചിട്ടുള്ളത്. പ്രസംഗത്തിൽ ചെറുപ്പത്തിലെ കാട്ടിയ താൽപര്യമാണ് കഥാപ്രസംഗത്തിലേക്ക് തിരിയാൻ ഇടയാക്കിയതെന്ന് സാന്ദ്ര പറഞ്ഞു. മനോജ് പുല്ലാനിക്കാടിന്റെയും സ്മിതയുടെയും മകളാണ്. വേദി 21 ലാണ് ഗവ.ബോയ്സ് മുഹമ്മദൻസ് ഹാളിലാണ് കഥാപ്രസംഗ മത്സരം നടയ്ക്കുന്നത്.
ഷാജി ഇടപ്പള്ളി