മോഡിക്ക് കത്തെഴുതിയവര്‍ക്കെതിരെ സംഘപരിവാര്‍; അടൂര്‍ ഭൂമിവിടണം , കൗഷിക്കിന് വധഭീഷണി

Web Desk
Posted on July 25, 2019, 11:14 pm

ന്യൂഡല്‍ഹി/കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട അക്രമണം, മതവിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണം എന്നിവയില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ച വിഖ്യാത ചലച്ചിത്രനായകര്‍ക്കെതിരെ സംഘപരിവാറിന്റെ വധഭീഷണിയും വ്യക്തിഹത്യയും. ബംഗാളി നടന്‍ കൗഷിക് സെന്നിനെതിരെ വധഭീഷണി മുഴക്കിയപ്പോള്‍ മലയാള ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ചും ഭീഷണി മുഴക്കിയും ബിജെപി സംസ്ഥാന വക്താവ് തന്നെ രംഗത്തെത്തി.
ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് വക്താവ് ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫോണിലൂടെയാണ് കൗഷിക് സെന്നിനെതിരെ വധ ഭീഷണി മുഴക്കിയത്.
ഇത് രാമായണ മാസമാണ്. ഇന്ത്യയിലും അയല്‍രാജ്യങ്ങളിലും ജയ്ശ്രീറാം വിളി ഉയരും. എപ്പോഴും ഉയരും. കേള്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാം.ഇന്ത്യയില്‍ ജയ്ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന് മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണെന്നും ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഒന്നും കിട്ടാത്തതുകൊണ്ടാണ് അടൂര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചതെന്ന തരത്തിലുള്ള പരിഹാസവും ഉയര്‍ത്തുന്ന ഗോപാലകൃഷ്ണന്‍ പരമപുച്ഛത്തോടെ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്നതിനെയല്ല അതിനെ കൊലവിളിയാക്കി മാറ്റുന്നതിനെയാണ് താനടക്കമുള്ള സാംസ്‌കാരിക, ചലച്ചിത്ര പ്രവര്‍ത്തകര്‍ എതിര്‍ത്തതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ന്യൂനപക്ഷ, ദളിത് വിഭാഗത്തില്‍പ്പെട്ടവരെ പശുക്കടത്ത് ആരോപിച്ച് മര്‍ദ്ദിക്കുമ്പോഴും കൊല്ലുമ്പോഴും ‘ജയ് ശ്രീറാം’ എന്ന് വിളിപ്പിക്കുന്നത് രാമനെ അധിക്ഷേപിക്കലാണ്. താനൊരു വിശ്വാസിയാണ്. ശ്രീരാമന്‍ ഉത്തമപുരുഷനും നീതിമാനുമാണ്. ആ ശ്രീരാമന്റെ പേര് കൊലവിളിയാക്കുന്നത് വിശ്വാസികള്‍ക്ക് സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്നലെയാണ് എനിക്ക് അജ്ഞാത നമ്പരില്‍ നിന്നും ഫോണ്‍ സന്ദേശം ലഭിച്ചത്. അസഹിഷ്ണുതയ്ക്കും ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തുന്നത് നിര്‍ത്തണമെന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി’ കൗഷിക് പറഞ്ഞു. വധഭീഷണിസന്ദേശം ലഭിച്ച ഫോണ്‍ നമ്പര്‍ പൊലീസിനു കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ‘സത്യസന്ധമായി പറയട്ടെ, ഇത്തരത്തിലുള്ള ഭീഷണികളില്‍ ഞാന്‍ ഭയപ്പെടില്ല. എന്നോടൊപ്പം ഒപ്പുവച്ചവരോട് ഞാന്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് ആ നമ്പര്‍ കൈമാറുകയും ചെയ്തു’ കൗഷിക് പറഞ്ഞു.
ജയ്ശ്രീറാം വിളിച്ചുകൊണ്ടുള്ള ആള്‍ക്കൂട്ട ആക്രമണമടക്കം സമീപകാലത്ത് രാജ്യത്തുണ്ടായ ദാരുണ സംഭവങ്ങളില്‍ ശ്രദ്ധ പതിയണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖരായ ചലച്ചിത്ര‑സാംസ്‌ക്കാരിക പ്രവര്‍ത്തകരായ അമ്പതോളം പേര്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. മണിരത്‌നം, രാമചന്ദ്രഗുഹ, രേവതി, അപര്‍ണാസെന്‍ എന്നിവര്‍ക്കൊപ്പം ഈ കത്തില്‍ ഒപ്പുവച്ചവരാണ് അടൂരും കൗഷിക് സെന്നും.
ജയ്ശ്രീറാം വിളിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രാജ്യത്ത് ദളിതരെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. ഇത്തരം സംഭവങ്ങളിലേക്ക് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ശ്രദ്ധ പതിയണമെന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കിയ കത്തിന്റെ പേരിലാണ് ഭീഷണി ഉണ്ടായിരിക്കുന്നത്. ഉത്തരേന്ത്യയിലെ ബിജെപി നേതാക്കള്‍ തങ്ങളെ വിമര്‍ശിക്കുന്നവരോട് പാകിസ്ഥാനിലേക്ക് പോകാനാണ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് കേരളത്തിലെ നേതാവ് അടൂരിനോട് ചന്ദ്രനിലേക്ക് പോകാന്‍ ഭീഷണി മുഴുക്കിയിരിക്കുന്നത്.
മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്.

ഇനി അവാര്‍ഡുകള്‍ കിട്ടാന്‍ ബാക്കിയില്ല: അടൂര്‍

തിരുവനന്തപുരം: ഭൂരിപക്ഷം ന്യൂനപക്ഷത്തെ അപമാനിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നത് ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ല. പ്രധാനമന്ത്രിക്ക് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കത്തെഴുതിയത് രാജ്യത്ത് മതത്തിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളില്‍ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിലത് സാമുദായിക ലഹളയിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടാനാണെന്നും അദ്ദേഹം പറഞ്ഞു.
അവാര്‍ഡുകള്‍ക്ക് വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ നിലപാടെടുക്കുന്നതെന്ന് പറയുന്നവരോട്, തനിക്കിനി ഈ രാജ്യത്ത് വേറെ അവാര്‍ഡൊന്നും കിട്ടാന്‍ ബാക്കിയില്ല. രാജ്യത്തെ ഒരു ചലച്ചിത്ര പ്രവര്‍ത്തകനെന്ന നിലയില്‍ പരമോന്നത ബഹുമതി വരെ തനിക്ക് കിട്ടിയിട്ടുണ്ട്. രാജ്യത്തെ ആള്‍ക്കൂട്ടക്കൊലപാതകങ്ങളില്‍ പ്രതികളാക്കപ്പെടുന്നവര്‍ പലപ്പോഴും ഒരു ശിക്ഷയുമില്ലാതെ ഇറങ്ങിപ്പോകുന്നതാണ് കാണുന്നത്. ഇവര്‍ക്ക് ഒരു തരത്തിലുള്ള ശിക്ഷയും കിട്ടാറില്ല. ഇത്തരക്കാര്‍ക്ക് വധശിക്ഷ വിധിക്കണമെന്നും അദ്ദേഹം പറഞ്ഞു.