രാജ്യത്തെ അർബൻ സഹകരണ ബാങ്കുകളുടെ തലയ്ക്കു മുകളിൽ അപ്പെക്സ് ബോഡി അടിച്ചേൽപ്പിക്കാൻ നീക്കം. ഇത് സഹകരണ മേഖലയെ സംഘപരിവാറിനു തീറെഴുതാനുള്ള അജണ്ടയുടെ ഭാഗമാണെന്ന ആക്ഷേപം വ്യാപകമായി ഉയർന്നു കഴിഞ്ഞു.
റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ എൻ എസ് വിശ്വനാഥൻ ചെയർമാനായി രൂപീകൃതമായ സമിതിയുടേതാണ്, അർബൻ സഹകരണ ബാങ്കുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് എന്ന ഭാവേനയുള്ള ശുപാർശ. നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തിനും നിക്ഷേപകരുടെ നന്മയ്ക്കും ഗുണകരമാണ് സമിതിയുടെ ശുപാർശകൾ എന്നാണ് അവകാശവാദം. കഴിഞ്ഞവർഷം പ്രത്യേക ഓർഡിനൻസ് വഴി, രാജ്യത്തെ 587 മൾട്ടി- സ്റ്റേറ്റ് സഹകരണ ബാങ്കുകളെയും
1544 അർബൻ സഹകരണ ബാങ്കുകളെയും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കിയിരുന്നു. അതുപ്രകാരം അവയുടെ തലയ്ക്കു മുകളിൽ ആർബിഐയുള്ളപ്പോൾ ഒരു പ്രത്യേക അപ്പെക്സ് ബോഡിയുടെ പ്രസക്തിയെന്തെന്നാണ് പൊതുവെ ഉയരുന്ന ചോദ്യം.
നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ അർബൻ ബാങ്കുകളെ നാലായി തിരിക്കുക, തീരെ ചെറിയവയെ അതിലും മെച്ചമായ മറ്റൊന്നിൽ ലയിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും സമിതിയുടേതായിട്ടുണ്ട്. അങ്ങനെ വരുമ്പോൾ നിക്ഷേപങ്ങളുടെ കാര്യത്തിൽ ദുർബലമായ ബാങ്കുകളുടെ എണ്ണം കൂടുകയും അവയെ ലയിപ്പിക്കുമ്പോൾ സ്വാഭാവികമായി സ്ഥാപനങ്ങളുടെ എണ്ണം കുറയുകയും ചെയ്യും. അതോടൊപ്പം വലിയൊരു വിഭാഗം ജീവനക്കാരും പുറത്താകും. പൊതു മേഖലാ ബാങ്കുകളുടെ ലയനത്തിലൂടെ ആ മേഖലയിലെ ഗണ്യമായ വിഭാഗം ജീവനക്കാരെ വെട്ടിക്കുറച്ച തന്ത്രം ഇവിടെയും പ്രയോഗിക്കാനാണ് ശ്രമം.
നിലവിൽ അർബൻ ബാങ്കുകളെ ഏകോപിപ്പിക്കുന്ന ഒരു സംവിധാനമുണ്ട്. അത് പോരാ, അപ്പെക്സ് ബോഡി തന്നെ
വേണമെന്നാണ് സമിതിയുടെ നിലപാട്. സമിതിയുടെ സ്വഭാവത്തെക്കുറിച്ചോ ഘടനയെക്കുറിച്ചോ നിർദ്ദേശങ്ങളില്ല. നിലവിൽ ആർബിഐയുടെ നിയന്ത്രണത്തിലുള്ള അർബൻ ബാങ്കുകളുടെ മീതെ ഒരു പ്രത്യേക ഉന്നത സമിതിയെ നിയോഗിക്കുന്നത് നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തിനോ നിക്ഷേപകരുടെ ഗുണത്തിനോ അല്ലെന്ന് സഹകരണ മേഖലയിലെ സജീവ പ്രവർത്തകനായ മുൻ എംഎൽഎ ബാബു പോൾ പറഞ്ഞു. ഇത് സഹകരണ മേഖലയപ്പാടെ സംഘപരിവാറിന്റെ വലയിലാക്കാനുള്ള കുതന്ത്രങ്ങളുടെ ഭാഗമാണ്.
നഗരങ്ങളിലും അർദ്ധ നഗരങ്ങളിലും പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണ സ്ഥാപനങ്ങളായ അർബൻ ബാങ്കുകൾ, മുഖ്യമായും ഇടത്തരം കച്ചവടക്കാർക്കം ചെറുകിട ആവശ്യക്കാർക്കും വായ്പ നൽകാൻ ലക്ഷ്യമിട്ടുള്ളവയാണ്. 1996 വരെ കാർഷിക വായ്പകൾ മാത്രമാണ് നൽകിയിരുന്നതെങ്കിലും പിന്നീടതിനു മാറ്റം വന്നു. 1544 അർബൻ ബാങ്കുകളിലായി മൊത്തം 8.6 കോടി സഹകാരികളും 4.84 ലക്ഷം കോടി നിക്ഷേപവുമുണ്ട്. മൾട്ടി- സ്റ്റേറ്റ് സഹകരണ ബാങ്കുകൾക്കും അർബൻ ബാങ്കുകൾക്കും പുറമെ രാജ്യത്ത് 96248 ഗ്രാമീണ സഹകരണ സ്ഥാപനങ്ങൾ കൂടിയുണ്ട്. വൈകാതെ അവയ്ക്കും കൂച്ചുവിലങ്ങ് വീഴും.
English summary; Sangh Parivar agenda to swallow urban banks
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.