14 October 2024, Monday
KSFE Galaxy Chits Banner 2

രാജ്യത്തിനു മുന്നില്‍ ഉയരുന്ന സംഘ്പരിവാര്‍ വെല്ലുവിളികള്‍

Janayugom Webdesk
June 8, 2022 6:00 am

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ രാജ്യസങ്കല്പത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായാണ് ഭരണഘടന പ്രഖ്യാപിച്ചിട്ടുള്ളത്. ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും ഉയര്‍ത്തിപ്പിടിച്ച് ലോകത്തിലെ ജനങ്ങളുടെ മുമ്പില്‍ അഭിമാനപൂര്‍വം തല ഉയര്‍ത്തി നില്‍ക്കാന്‍ കഴിയുന്ന ജനതയാണ് ഇന്ത്യയില്‍ ഉള്ളത്. സങ്കുചിതമായ രാഷ്ട്രീയലക്ഷ്യം നടപ്പിലാക്കുന്നതിനായി ഭരണഘടന വിഭാവനം ചെയ്യുന്ന രാഷ്ട്ര സങ്കല്പങ്ങളെ എല്ലാം ഇല്ലായ്മചെയ്ത്, നവ ഫാസിസ്റ്റ് — ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്താനുള്ള കഠിന പ്രയത്നത്തിലാണ് സംഘ്പരിവാര്‍ സംഘടനകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തങ്ങള്‍ തയാറാക്കിയ അജണ്ട പ്രകാരം ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് 2014 ല്‍ നരേന്ദ്രമോഡി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതുമുതല്‍ രാജ്യത്ത് നടപ്പിലാക്കിയത്. സാര്‍വദേശീയ – ദേശീയ ധനമൂലധന ശക്തികളുടെ താല്പര്യം സംരക്ഷിക്കുന്ന നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതിനെതിരായി രാജ്യത്ത് ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്. ആ പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാനുള്ള ഏറ്റവും നല്ല മാര്‍ഗം വര്‍ഗീയപരമായി രാജ്യത്തെ ജനങ്ങളെ ചേരിതിരിക്കുക എന്നതാണ്. അതാണ് രാജ്യത്ത് പ്രകടമായി കാണുന്നത്. 1925 ല്‍ ആര്‍എസ്എസ് ഇന്ത്യയില്‍ രൂപീകരിച്ചതു മുതല്‍ ഉയര്‍ത്തിയ ഹിന്ദുരാഷ്ട്രവാദം അവര്‍ ശക്തമായി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നു. 2024 ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കുന്നതിന് ഹിന്ദുരാഷ്ട്രവാദം സഹായകരമാകും എന്നാണ് സംഘ്പരിവാര്‍ സംഘടനകള്‍ കണക്കുകൂട്ടുന്നത്. ഇന്നത്തെ ഭരണഘടനയെ മാറ്റിയെഴുതി, തങ്ങള്‍ ഉദ്ദേശിക്കുന്ന ഹിന്ദുരാഷ്ട്ര സങ്കല്പത്തിനനുസൃതമായ ഭരണഘടനയും ഭരണ സംവിധാനവും രൂപപ്പെടുത്താന്‍ ഇന്ത്യയിലെ ജനങ്ങളെ തയാറാക്കുന്ന പ്രവര്‍ത്തനത്തിലാണ് ആര്‍എസ്എസും — ബിജെപിയും. ഇതിന്റെ ഭാഗമായാണ് പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തില്‍ ബിജെപിയുടെ നേതാക്കളായ നൂപുര്‍ ശര്‍മ്മയും നവീന്‍ കുമാറും പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്ത്യയുടെ മതേതര സങ്കല്പങ്ങള്‍ക്ക് ലോക രാജ്യങ്ങളുടെ മുന്നില്‍ കളങ്കം ചാര്‍ത്തിയ പ്രസ്താവനയാണിത്. ബിജെപിയുടെ മുഖം മിനുക്കല്‍ തന്ത്രത്തിന്റെ ഭാഗമായി രണ്ടുപേര്‍ക്കുമെതിരായി നടപടികള്‍ സ്വീകരിച്ചതുകൊണ്ടു മാത്രം ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ പരിഹാരം കാണാന്‍ കഴിയില്ല. രാജ്യത്തെ ഭിന്നിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുക എന്ന സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമായി നടത്തിയതാണ് പ്രസ്താവന. കേന്ദ്ര ഗവണ്‍മെന്റും ബിജെപിയും ഇതുവരെയായിട്ടും ഖേദം രേഖപ്പെടുത്തുന്നതിന് തയാറായിട്ടില്ല.


ഇതുകൂടി വായിക്കാം; മോഡീഭരണത്തിന്റെ എട്ടുവര്‍ഷക്കാലം


ചാനലില്‍ അഭിപ്രായം പറയുന്ന ബിജെപിയുടെ വക്താക്കള്‍ പ്രവാചകനെ നിന്ദിച്ച പ്രസ്താവനകളെ ന്യായീകരിക്കുന്ന തരത്തിലുള്ള വിശദീകരണങ്ങളാണ് നടത്തുന്നത്. ജൂണ്‍ ഏഴാം തീയതി ഏഷ്യാനെറ്റില്‍ രാത്രി നടന്ന ചര്‍ച്ചയില്‍ ബിജെപി വക്താവ് നടത്തിയ വിശദീകരണം പ്രവാചക നിന്ദയെ ന്യായീകരിക്കുന്നതായിരുന്നു. അത്തരം നിലപാടുതന്നെയാണ് സംഘ്പരിവാര്‍ സംഘടനകള്‍ സ്വീകരിച്ചിട്ടുള്ളത്. പ്രവാചക നിന്ദ നടത്തിയതിനെതിരായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത പ്രതിഷേധം ഇതിനകം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. 57 രാജ്യങ്ങളടങ്ങിയ ലോക ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടന (ഒഐസി) പരസ്യമായി രംഗത്തുവന്ന് പ്രതിഷേധം രേഖപ്പെടുത്തി. ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ഇറാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം വൈകാതെ തന്നെ അറിയിച്ചിട്ടുണ്ട്. മാലിദ്വീപിലും ബിജെപി നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഉയര്‍ത്തി. ഇന്ത്യന്‍ നിര്‍മ്മിത ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കുന്ന ക്യാമ്പയിനും ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ചരിത്രപരമായി തന്നെ അറബി രാജ്യങ്ങളുമായി ഇന്ത്യക്ക് നല്ല ബന്ധമാണ്. നൂറ്റാണ്ടുകളായി വ്യാപാരബന്ധം നിലനില്ക്കുന്നു. ഇന്ത്യന്‍ ചരക്കുകളുടെ പ്രധാന വിപണി കേന്ദ്രമാണ് ഗള്‍ഫ് മേഖലകള്‍ ഉള്‍പ്പെടെയുള്ള ഒഐസി രാജ്യങ്ങള്‍ (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്‍). ലക്ഷക്കണക്കായ ഇന്ത്യക്കാര്‍ വിവിധ മുസ്‌ലിം രാജ്യങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ സുപ്രധാനമായ പങ്കുവഹിക്കുന്ന രാജ്യങ്ങളാണ് മുസ്‌ലിം രാജ്യങ്ങള്‍. ഇന്ത്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഉള്‍പ്പെടെ ഇതിനകം ഉയര്‍ന്നുവന്നത് ആശങ്ക ഉളവാക്കുന്നതാണ്. സാമ്പത്തിക ഉപരോധം ഉണ്ടാകുന്നതോടെ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഗുരുതരമായ വെല്ലുവിളികള്‍ ഉണ്ടാകും. പ്രകൃതിവാതകവും ക്രൂഡ് ഓയിലും അടക്കം രാജ്യത്തിന്റെ ഇറക്കുമതിയില്‍ 80 ശതമാനത്തിലധികം ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നാണ്. ഇതൊന്നും മുന്നില്‍ കാണാതെയാണ് ബിജെപി ഭരണം മുന്നോട്ടു കൊണ്ടുപോകുന്നതും എന്തും വിളിച്ചു പറഞ്ഞ് ആക്ഷേപിക്കുന്നതും. നൂറ്റാണ്ടുകളായി രാജ്യങ്ങള്‍ തമ്മിലും ജനങ്ങള്‍ തമ്മിലും നിലനില്ക്കുന്ന സാഹോദര്യത്തെ ഇല്ലായ്മ ചെയ്യുന്ന നീക്കങ്ങള്‍ അപകടകരമാണ്. ഹിന്ദു രാഷ്ട്രത്തിലേക്ക് ജനങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമാണ് ഈ പ്രചരണങ്ങളെല്ലാമെന്ന് വ്യക്തമാണ്.


ഇതുകൂടി വായിക്കാം; കശ്മീർ: നിലവിളിയുടെ താഴ്‌വര


ഇന്ത്യയുടെ പൗരാണിക കാലഘട്ടത്തെ തെറ്റായി അവതരിപ്പിക്കാനുള്ള നീക്കങ്ങളും സംഘ്പരിവാര്‍ സംഘടനകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ബാബരി മസ്ജിദ് രാമ ജന്മഭൂമിയാണ് എന്ന് പ്രചരിപ്പിച്ചാണ് ബിജെപി ഹിന്ദു വികാരത്തെ ഉയര്‍ത്തിക്കൊണ്ടു അധികാരത്തില്‍ വന്നത്. 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും ക്ഷേത്രങ്ങളുടെ വിഷയങ്ങള്‍ രാജ്യത്തിന്റെ മുമ്പില്‍ അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണ്. കാശി വിശ്വനാഥ് ക്ഷേത്രത്തിനടുത്തുള്ള ഗ്യാന്‍വ്യാപി മസ്ജിദ് നൂറ്റാണ്ടുകളായി മുസ്‌ലിം മതവിശ്വാസികളുടെ പ്രാര്‍ത്ഥനാ കേന്ദ്രമാണ്. അവിടെ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നില്ല. ഹിന്ദു മുസ്‌ലിം ജനവിഭാഗങ്ങള്‍ അവിടെ സ്നേഹത്തോടെ ജീവിച്ചുവരുന്നു. ഗ്യാന്‍വാപി മസ്ജിദ്, ഹിന്ദു ക്ഷേത്രം തകര്‍ത്താണ് നിര്‍മ്മിച്ചതെന്ന ആര്‍എസ്എസ് പ്രചരണം നടത്തുകയാണ്. മഥുരയിലെ ഈദ് ഗാഹും ഹിന്ദു ക്ഷേത്രം തകര്‍ത്താണ് നിര്‍മ്മിച്ചതെന്ന പ്രചരണവും ശക്തിപ്പെടുത്തുന്നുണ്ട്. കുത്തബ് മിനാര്‍, താജ്മഹല്‍‍ എന്നീ ചരിത്ര സ്മാരകങ്ങളും ഹിന്ദുക്കളുടേതാണെന്ന പ്രചരണവും ശക്തിപ്പെടുത്തി. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘ്പരിവാര്‍ സംഘടനകള്‍ ആവിഷ്കരിച്ച അജണ്ടയുടെ ഭാഗമായാണ് ഈ നീക്കങ്ങളെല്ലാം. ഇന്ത്യയുടെ മതേതരത്വ – ജനാധിപത്യ സങ്കല്പങ്ങള്‍ക്കെതിരായി ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്. ഈ നീക്കങ്ങള്‍ വിജയിച്ചാല്‍ മഹത്തായ ചരിത്രപാരമ്പര്യമുള്ള ജനതയും രാജ്യവും ഇല്ലാതാകും. രാജ്യസ്നേഹികളായ മുഴുവന്‍ ജനങ്ങളും രംഗത്തുവരേണ്ട സന്ദര്‍ഭമാണിത്. മതേതര – ജനാധിപത്യ വിശ്വാസികളും ഇടതുപക്ഷ ചിന്താഗതിക്കാരും എല്ലാം രാജ്യത്തിന് മുന്നില്‍ ഉയര്‍ന്നുവന്ന വെല്ലുവിളികളെ നേരിടാന്‍ മുന്നോട്ടു വരേണ്ട സന്ദര്‍ഭമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.