Monday
22 Apr 2019

അക്കാദമിക് രംഗത്തെ സംഘ് പരിവാര്‍ കടന്നുകയറ്റം

By: Web Desk | Monday 5 November 2018 10:00 PM IST


ദളിത് ആക്ടിവിസ്റ്റും ചിന്തകനുമായ കാഞ്ച ഐലയ്യയുടെ മൂന്ന് പുസ്തകങ്ങള്‍ എം എ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് നീക്കാന്‍ ഡല്‍ഹി സര്‍വകലാശാല തീരുമാനിച്ചിരിക്കുകയാണ്. നവംബര്‍ പതിനഞ്ചിന് ചേരുന്ന അക്കാദമിക് കൗണ്‍സില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ഐലയ്യയുടെ പുസ്തകങ്ങള്‍ ഹിന്ദുമതത്തെ അപമാനിക്കുന്നതാണെന്നും വിദ്യാര്‍ഥികള്‍ക്ക് വായിക്കാന്‍ പറ്റിയതല്ലെന്നും അക്കാദമിക് സമിതി അംഗം പ്രൊഫ. ഹന്‍സ് രാജ് സുമന്‍ പറയുന്നു. ഞാനെന്തുകൊണ്ട് ഹിന്ദുവല്ല, ബഫല്ലോ നാഷണലിസം, പോസ്റ്റ് ഹിന്ദു ഇന്ത്യ എന്നീ പുസ്തകങ്ങളാണ് സിലബസില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചത്. ദളിത് എന്ന് വാക്ക് അക്കാദമിക് രംഗത്ത് ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. അധഃസ്ഥിത വിഭാഗത്തെ സൂചിപ്പിക്കാനായി ‘ദളിതി’നുപകരം ഷെഡ്യൂള്‍ഡ് കാസ്റ്റ് എന്ന് ഉപയോഗിക്കണമെന്നാണ് പുതിയ നിര്‍ദേശം.

അക്കാദമിക രംഗത്തെ സംഘപരിവാര്‍ കടന്നുകയറ്റത്തിന്റെ അവസാനത്തെ ഉദാഹരണമാണിത്. ബിജെപി വലതുപക്ഷ ഭരണത്തില്‍ ഭരണപക്ഷ വ്യവഹാരത്തിലെ ബഹുസ്വരത തകര്‍ക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കാഞ്ച താന്‍ ജാതീയതയ്‌ക്കോ അസമത്വത്തിനോ എതിരെ സംസാരിക്കുമ്പോള്‍ അത് മതവിരുദ്ധമാകുന്നതെങ്ങനെയാണെന്ന് ചോദിക്കുന്നു.

മനുഷ്യരെ ജനനത്തിന്റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളാക്കി തിരിക്കുന്ന കിരാതമായ സാമൂഹിക വിധേയത്വത്തിന്റെ ആശയശ്രോതസായ മനുസ്മൃതിയാണ് ആര്‍എസ്എസിന്റെ അടിസ്ഥാന ഗ്രന്ഥം. ദളിതരും ന്യൂനപക്ഷ മതവിഭാഗങ്ങളും സംഘ്പരിവാറിന് അഭിശപ്തരാവുകയും രാജ്യത്ത് ന്യൂനപക്ഷ ദളിത് കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്യുന്നത് അതുകൊണ്ടാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്ക്ക് അപ്പുറത്തുള്ള മനുഷ്യനെന്ന പ്രാഥമിക പരിഗണനപോലും കൊതിക്കാന്‍ അര്‍ഹതയില്ലാത്ത, അരികുവല്‍ക്കരിക്കപ്പെട്ട ദളിത് ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമയുര്‍ത്തുന്ന കീഴാള ചിന്തകന്‍ സംഘ്പരിവാറിന്റെ കണ്ണിലെ കരടായി മാറിയതില്‍ അത്ഭുതപ്പെടാനില്ല.

ബ്രാഹ്മണരെ സാമൂഹിക മേധാവികളായി പ്രഖ്യാപിക്കുന്ന ഹൈന്ദവതയ്ക്കുള്ള മറുപടിയാണ് ‘എന്തുകൊണ്ട് ഞാന്‍ ഹിന്ദുവല്ല’ എന്ന ഐലയ്യയുടെ ബെസ്റ്റ് സെല്ലര്‍ കൃതി. ബ്രാഹ്മണരെ മഹത്വവല്‍ക്കരിക്കുന്ന അഹംബ്രഹ്മാസ്മി എന്ന വേദസിദ്ധാന്തത്തെ അദ്ദേഹം ചോദ്യം ചെയ്തു. ബ്രാഹ്മണര്‍ക്ക് പ്രകൃതിയുമായി യാതൊരു ബന്ധവുമില്ലെന്നും ദേഹത്ത് ചെളിയാവുന്നത് ഇഷ്ടമില്ലാത്തവരാണ് അവരെന്നും തെളിയിക്കുന്ന ഐലയ്യ ബുദ്ധമതത്തിന്റെ വ്യാപനത്തിന് തടയിടാനാണവര്‍ സസ്യാഹാരികളായതെന്നും പറയുന്നു.

വ്യത്യസ്തമായ ആശയങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു വിദ്യാര്‍ഥിയുടെ മനസ് പാകപ്പെടുത്തുകയാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സിലബസാണ് സര്‍വകലാശാല തയ്യാറാക്കേണ്ടത്. ചിന്താശേഷിയുള്ള, വിശകലന പാടവമുള്ള തലമുറ വളര്‍ന്നുവരണമെങ്കില്‍ ആശയങ്ങളുടെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാല്‍ സംഘ്പരിവാറിന്റെ ഫാസിസ്റ്റ് ഭരണത്തില്‍ രാജ്യത്തെ വിദ്യാഭ്യാസരംഗം ബഹുസ്വരതയെ ഉപേക്ഷിച്ച്, ഏകാത്മക സ്വഭാവത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. കാഞ്ച ഐലയ്യയെന്ന ലോകത്തെ വിവിധ സര്‍വകലാശാലകളില്‍ ചര്‍ച്ചചെയ്യപ്പെടുന്ന, ലോകം അംഗീകരിച്ച അക്കാദമിക് പണ്ഡിതന്‍ കരിക്കുലത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നത് ഇന്ത്യയില്‍ പടര്‍ന്നു പിടിച്ച അസഹിഷ്ണുതയുടെ ആഴം വ്യക്തമാക്കുന്നതാണ്.

ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ ഹൈന്ദവവല്‍കരണം ചടുലതാളത്തില്‍ തന്നെ നടന്നു. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടന്‍ ജയിലിലടച്ചപ്പോള്‍ മോചനം ലഭിക്കാനായി മാപ്പെഴുതി നല്‍കുകയും സ്വാതന്ത്ര്യസമരത്തിനെതിരായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ നല്‍കുകയും ചെയ്ത സവര്‍ക്കരുടെ സ്വാതന്ത്ര്യസമര ‘പങ്കാളിത്തം’ വിശദീകരിക്കാന്‍ രാജസ്ഥാന്‍ സെക്കന്‍ഡറി ബോര്‍ഡ് പേജുകള്‍ തന്നെ മാറ്റിവച്ചു.

സംഘ്പരിവാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഗാന്ധി വധത്തെക്കുറിച്ചോ 2002 ലെ ഗുജറാത്തിലെ വംശഹത്യയെക്കുറിച്ചോ ഒരു പരാമര്‍ശവുമില്ല. മോഡിയുടെ പരാജയമായ നോട്ടുനിരോധനത്തെയും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയേയും മഹത്വവല്‍ക്കരിക്കുന്ന പാഠഭാഗങ്ങളും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയെ പ്രകീര്‍ത്തിക്കുന്ന കവിതയും സിലബസില്‍ ഉള്‍പ്പെടുത്തി.

ക്ലാസിക് ഫാസിസത്തിനെക്കാള്‍ ഇന്ത്യന്‍ ഫാസിസത്തിന് സംഹാരാത്മകത കൂടുതലാണെന്നാണ് വീക്ഷിക്കപ്പെടുന്നത്. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും സംഘ്ഫാസിസം പിടിമുറുക്കിയിരിക്കുന്നു. അടുക്കള മുതല്‍ കലാശാലകള്‍ വരെ അവരുടെ നിയന്ത്രണത്തിലാണ്. രാജ്യത്തിന്റെ ഭാവിതലമുറയെ വാര്‍ത്തെടുക്കുന്ന സ്‌കൂളുകളെയും കോളജുകളെയും മറ്റ് ബൗദ്ധിക ഇടങ്ങളെയും ആസൂത്രിതമായി ബിജെപി കാവിപുതപ്പിച്ചുകൊണ്ടിരിക്കുന്നു. ബഹുസ്വരതയ്ക്ക് കൂച്ചുവിലങ്ങിട്ട് ഏകശിലാത്മക സംസ്‌കൃതിയിലേയ്ക്ക് വഴിവെട്ടിയിരിക്കുന്നു. അക്ഷരങ്ങള്‍ക്കും അറിവിനും മേലെയുള്ള ഫാസിസ്റ്റ് കടന്നുകയറ്റത്തെയാണ് കൂടുതല്‍ ഭയക്കേണ്ടത്. കാരണം, ഫാസിസത്തിന് ശവക്കല്ലറ തീര്‍ക്കാന്‍ ഏറ്റവും പറ്റിയ മികച്ച ആയുധം അക്ഷരങ്ങളാണ്. ആശയങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും വിലക്കു കല്‍പ്പിക്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കുക.

Related News