സ്വന്തം ലേഖകന്‍

കോഴിക്കോട്

November 23, 2021, 9:23 pm

ഹലാലിന് ബദല്‍ സാത്വിക് വ്യാപകമാക്കാന്‍ സംഘപരിവാര്‍ നീക്കം

Janayugom Online

ഹലാലിന് ബദലായി സാത്വിക് ഭക്ഷണം വ്യാപകമാക്കാന്‍ സംഘപരിവാര്‍ നീക്കം. സസ്യാഹാരത്തിന് പ്രത്യേകം സര്‍ട്ടിഫിക്കേഷന്‍ നല്‍കി മത-വര്‍ഗീയ മുതലെടുപ്പ് നടത്താനാണ് നീക്കം നടക്കുന്നത്. തീര്‍ത്ഥാടന ട്രെയിന്‍ സര്‍വീസുകളില്‍ ഇത് നടപ്പിലാക്കിത്തുടങ്ങി. നവംബര്‍ 15 മുതല്‍ ഡല്‍ഹിയില്‍ നിന്ന് കത്രയിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിലാണ് ആദ്യം ഇത് നടപ്പിലാക്കിയത്. രാജ്യത്തെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളിലാണ് ആദ്യഘട്ടം സാത്വിക് ഭക്ഷണം നല്കുക. തുടക്കത്തില്‍ 18 ട്രെയിനുകളില്‍ സാത്വിക് ഭക്ഷണം വ്യാപകമാക്കാനാണ് തീരുമാനം. മാംസം, മത്സ്യം, മുട്ട, നിക്കോട്ടിന്‍, ആല്‍ക്കഹോള്‍ എന്നിവ അടങ്ങാത്ത ഭക്ഷണമാണ് സാത്വിക് എന്ന് സര്‍ട്ടിഫൈ ചെയ്ത് നല്‍കുക.

ഐആര്‍സിടിസിയുടെ ഭക്ഷണശാലകളും വിശ്രമകേന്ദ്രങ്ങളും അടക്കമുള്ള ഇടങ്ങളെയും സാത്വിക സര്‍ട്ടിഫിക്കറ്റ് നല്‍കി സംഘവത്ക്കരിക്കാനാണ് നീക്കം നടക്കുന്നത്. സാത്വിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംഘടനയാണ് സാത്വിക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. പൊതുഗതാഗത സംവിധാനത്തില്‍ ഇത്തരം വേര്‍തിരിവുണ്ടാക്കുന്നത് രാജ്യമെമ്പാടും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മുതലെടുപ്പ് നടത്താനാണ്.ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഹലാല്‍ ഇന്ത്യ സര്‍ട്ടിഫിക്കേഷന്‍ സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സംഘടനകള്‍ ഉള്‍പ്പെടെ നിലവില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നുണ്ട്. ഇതിനായി അവര്‍ അനുശാസിക്കുന്ന നിബന്ധനകള്‍ പോലെ തന്നെ സാത്വിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയും സാത്വിക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനായി പല തരത്തിലുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അനുസരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാത്വിക് സര്‍ട്ടിഫിക്കേഷന്‍ നല്‍കും.

മൃഗങ്ങളെയും പക്ഷികളെയും കശാപ്പ് ചെയ്യുമ്പോള്‍ ബിസ്മി ചൊല്ലി രക്തം പൂര്‍ണമായും ഒഴുക്കിയതിന് ശേഷം മാംസാഹാരത്തിനായി ഉപയോഗിക്കുന്നതിനെയാണ് വ്യാപകമായി ഹലാല്‍ എന്ന് വിവക്ഷിച്ചിരുന്നത്. എന്നാല്‍ പിന്നീട് വിവിധ സംഘടനകള്‍ ഭക്ഷണ സാധനങ്ങള്‍ക്കും ഭക്ഷണശാലകള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഏര്‍പ്പാട് തുടങ്ങി.എന്നാല്‍ കേന്ദ്രസര്‍ക്കാരും റയില്‍വേയും നിലവില്‍ നടത്തുന്ന വര്‍ഗീയ നാടകങ്ങള്‍ക്ക് വന്‍ തിരിച്ചടി ലഭിച്ചതും ദേശീയതലത്തില്‍ അടക്കം ചര്‍ച്ചയായിട്ടുണ്ട്. രാമായണ്‍ എക്സ്പ്രസിലെ പാന്‍ട്രി ജീവനക്കാര്‍ കാവി വസ്ത്രവും രുദ്രാക്ഷമാലയും ധരിക്കുന്നതിനെതിരെ ഉജ്ജയിനിയിലെ സന്ന്യാസിമാര്‍ തന്നെ രംഗത്തെത്തുകയും സന്ന്യാസിമാരെ അവഹേളിക്കാന്‍ നടത്തുന്ന ഇത്തരം നാടകങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയുമെന്നും ഉജ്ജയിന്‍ അഖാഢ പരിഷത്ത് മുന്നറിയിപ്പ് നല്‍കിയത് റയില്‍വേയ്ക്കും കേന്ദ്രസര്‍ക്കാരിനും വന്‍ തിരിച്ചടിയായി.
eng­lish summary;Sangh Pari­var moves to expand satvik as an alter­na­tive to halal
you may also like this video;