വിദ്യാഭ്യാസ നിലവാരം തകര്‍ക്കാനൊരുങ്ങി സംഘപരിവാര്‍

Web Desk
Posted on August 15, 2019, 10:18 am

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ നിലവാരം തകര്‍ക്കാനൊരുങ്ങി സംഘപരിവാര്‍ സംഘടനകള്‍. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ വേദഗണിതം ഉള്‍പ്പെടുത്താനാണ് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സ്‌കൂള്‍ തലത്തില്‍ വേദഗണിതം ഉള്‍പ്പെടുത്തുന്നത് ഗണിതശാസ്ത്രത്തിന്റെ അധുനിക സങ്കേതങ്ങള്‍ പഠിക്കുന്നതിനുള്ള അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഇല്ലാതാകുമെന്ന് വിദ്യാഭ്യാസ വിചക്ഷണര്‍ വിലയിരുത്തുന്നു.

സംഘപരിവാറിന്റെ കീഴിലുള്ള ശിക്ഷാ സംസ്‌കൃതി ഉത്തന്‍ ന്യാസ് എന്ന സംഘടനയാണ് വേദഗണിതം ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ശനിയാഴ്ച്ച ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ ഇതുമായി ബന്ധപ്പെട്ട പ്രബന്ധം അവവതരിപ്പിക്കും. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, കേന്ദ്ര മാനവിഭവ ശേഷി മന്ത്രി രമേഷ് പൊക്രിയാല്‍, ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ തുടങ്ങിയ സംഘപരിവാര്‍ അനുകൂലികള്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും.

സംസ്‌കൃതം സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സംഘപരിവാര്‍ നേരത്തെ ഉന്നയിച്ചിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ കാവിവല്‍ക്കരണത്തിന്റെ സൂചനകളാണ് ഇപ്പോഴത്തെ നിര്‍ദ്ദേശവും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ ഒന്നരലക്ഷം ഭേദഗതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ് ഇതുവരെ ലഭിച്ചത്.