പ്രത്യേക ലേഖകൻ

ന്യൂഡൽഹി

July 31, 2020, 10:21 pm

ദേശീയ വിദ്യാഭ്യാസ നയം: സംഘപരിവാർ സ്വാധീനം പുറത്തുവരുന്നു

Janayugom Online

മോഡി സർക്കാർ കഴിഞ്ഞ ദിവസം അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിൽ കാവിവൽക്കരണത്തിനായുള്ള സംഘപരിവാർ സ്വാധീനം മറനീക്കി പുറത്തുവരുന്നു. തങ്ങളുടെ അജണ്ടകൾക്ക് അനുസൃതമായി വിദ്യാഭ്യാസ നയം രൂപീകരിക്കാൻ കഴിഞ്ഞതിലുള്ള ആഹ്ലാദം അവർ പങ്കുവയ്ക്കുന്നുണ്ട്. വിദ്യാഭ്യാസത്തെ ഹിന്ദുദേശീയത പ്രചരിപ്പിക്കാനുള്ള മാധ്യമമാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷമാണ് ഇവർ പ്രകടിപ്പിക്കുന്നത്. സംഘപരിവാർ സംഘടനകളായ ഭാരതീയ ശിക്ഷൺ മണ്ഡൽ, ശിക്ഷാ സൻസ്കൃതി ഉത്തൻ ന്യാസ്, ഭാരതീയ ഭാഷാ മഞ്ച് എന്നിവർ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കന്നതുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ശില്പശാലകൾ സംഘടിപ്പിച്ചിരുന്നു. ഇവിടെ ഉയർന്ന ഹിന്ദുത്വ നിലപാടുകൾ ഇപ്പോഴത്തെ ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രകടമാണ്. വിദ്യാഭ്യാസ നയരൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ അക്കാദമി വിദഗ്ധരെ അല്ല മറിച്ച് സംഘപരിവാർ നേതാക്കളെ സന്ദർശിച്ചാണ് അഭിപ്രായങ്ങൾ ആരാഞ്ഞത്.

സംഘപരിവാറിന്റെ നിർദ്ദേശങ്ങൾ കസ്തൂരി രംഗൻ സമിതിക്ക് സമർപ്പിച്ചിരുന്നു. മാനവ വിഭവശേഷി മന്ത്രാലയം എന്ന പേരിനെ വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കി മാറ്റിയതിന്റെ പിന്നിലും സംഘപരിവാറിന്റെ താല്പര്യം വ്യക്തമാണ്. യുഎസ്എസ്ആർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി മന്ത്രാലത്തിന്റെ പേര് മാനവ വിഭവശേഷി മന്ത്രാലയമെന്നാക്കി മാറ്റിയത്. 2018ൽ ഭാരതീയ ശിക്ഷക് മണ്ഡൽ യോഗത്തിലാണ് മന്ത്രാലയത്തിന്റെ പേര് മാറ്റണമെന്ന ആവശ്യം ശക്തമായി ഉയർന്നത്. ഈ ആവശ്യം ഉന്നയിച്ച യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, അന്നത്തെ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ എന്നിവരും സന്നിഹിതരായിരുന്നു.

അധ്യയനം മാതൃഭാഷയിലാക്കുക എന്നതാണ് സംഘപരിവാരിന്റെ മറ്റൊരു അജണ്ട. മൂന്ന് ഭാഷയിലുള്ള അധ്യയനം വളരെ മുമ്പു തന്നെ സംഘപരിവാര്‍ ശുപാർശയായിരുന്നു. ശാസ്ത്രീയ മൂല്യങ്ങളെ അവഗണിച്ച് അശാസ്ത്രീയമായ ചിന്തകൾ ഉൾപ്പെടുത്തുകയെന്നതും സംഘപരിവാർ അജണ്ടയായിരുന്നു. സംസ്കൃതം, പ്രാക്രിറ്റ്, പാലി ഭാഷകൾ അക്കാദമിക തലത്തിൽ ഉൾപ്പെടുത്താനുള്ള ശുപാർശ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഉൾപ്പെടുത്തിയതും സംഘപരിവാറിന്റെ അജണ്ടയാണ്. ഭാരതീയ വിജ്ഞാന സംവിധാനം ഉൾപ്പെടുത്തിയതും സംഘപരിവാറിന്റെ നിർദ്ദേശപ്രകാരമാണ്. അടുത്തഘട്ടത്തിൽ വിവിധ പാഠ്യപദ്ധതിയിൽ തീവ്ര ഹിന്ദുത്വ അജണ്ട ഉൾപ്പെടുത്തുകയാണ് സംഘപരിവാറിന്റെ അടുത്ത ലക്ഷ്യം.

നിലവിലുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ സംബന്ധിച്ച പട്ടിക സംഘപരിവാർ സംഘടനകൾ ഇതിനകം ശേഖരിച്ച് കഴിഞ്ഞു. വിദേശ സർവകലാശാലകളുടെ വരവിനെ എതിർത്ത നിലപാടാണ് സംഘപരിവാർ സംഘടനയായ സ്വദേശ് ജാഗരൺ മഞ്ച് സ്വീകരിച്ചത്. എന്നാൽ വൻതോതിലുള്ള കച്ചവടക്കൊതിയിൽ കേന്ദ്ര സർക്കാർ ഈ നിർദ്ദേശം അംഗീകരിച്ചില്ല.

 

Sub: Sangh pari­war influ­ence is com­ing out

you may like this video also