സംഘി ഭരണകാലത്തെ ‘ശാസ്ത്രസത്യങ്ങള്‍

Web Desk
Posted on November 02, 2017, 10:37 pm

ലോകത്തെ മാറ്റിമറിച്ച ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ എന്ന് നാം പഠിച്ചതൊക്കെ അബദ്ധങ്ങളാണെന്ന് മോഡി സര്‍ക്കാര്‍ ഭരണത്തിലേറിയതോടെ വെളിവാക്കാന്‍ തുടങ്ങിയിരിക്കുന്നു. ചെറിയ ക്ലാസുകളില്‍ പഠിച്ചത് മുതല്‍ സര്‍വ്വകലാശാലാ തലത്തില്‍ അറിഞ്ഞത് വരെ തിരുത്തിയെഴുതേണ്ട അവസ്ഥയാണ് ഇപ്പോള്‍. ‘മഹാഭാരതത്തില്‍ ഉള്ളത് മറ്റു പലതിലും കണ്ടേക്കാം. പക്ഷെ മഹാഭാരതത്തില്‍ ഇല്ലാത്തത് ലോകത്തൊരിടത്തും കാണില്ല’ എന്നൊരു ചൊല്ലുണ്ട്. അതു പോലെ ഹിന്ദു പുരാണത്തില്‍ ഇല്ലാത്ത കണ്ടുപിടിത്തങ്ങള്‍ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല എന്നാണ് സംഘികള്‍ പ്രചരിപ്പിക്കുന്നത്.
ഈ ശാസ്ത്രസത്യങ്ങളുടെ പ്രചാരകരില്‍ മുമ്പന്‍ നമ്മുടെ പ്രധാനമന്ത്രിയാണ്.ലോകത്ത് ആദ്യമായി പ്ലാസ്റ്റിക് സര്‍ജറി നടത്തിയത് ഇന്ത്യയില്‍ ആണെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം.ഗണപതിക്ക് ആനയുടെ തല പ്ലാസ്റ്റിക് സര്‍ജറി നടത്തി വച്ചുപിടിപ്പിച്ചതാണത്രേ. ‘അഞ്ജനമെന്നതെനിക്കറിയാം, മഞ്ഞളുപോലെ വെളുത്തിരിക്കും’ എന്ന് പറഞ്ഞത് പോലെയാണ് ഇത്.ഇപ്പറഞ്ഞയാള്‍ക്ക് അഞ്ജനം എന്താണെന്ന് അറിയില്ല; മഞ്ഞള്‍ എന്താണെന്ന് അറിയില്ല; കറുപ്പ്, വെളുപ്പ്, മഞ്ഞ എന്നീ നിറങ്ങളും അറിയില്ല എന്ന് വ്യക്തമാണ്. മോഡിക്ക് പ്ലാസ്റ്റിക് സര്‍ജറി എന്താണെന്ന് അറിയില്ല; ഗണപതിയുടെ ജനനത്തെ കുറിച്ചുള്ള പുരാണകഥയും അറിയില്ല എന്ന് തെളിയുന്നു. പ്ലാസ്റ്റിക്‌സര്‍ജറി എന്നത് ചെടി ബഡ് ചെയ്യും പോലെയാണെന്നാകണം അദ്ദേഹം ധരിച്ചിരിക്കുന്നത്.
വിമാനം കണ്ടു പിടിച്ചത് ഇന്ത്യാക്കാരാണത്രെ. രാമായണത്തിലെ പുഷ്പക വിമാനം ചൂണ്ടിക്കാണിച്ചാണ് ഈ കണ്ടുപിടിത്തത്തിന്റെ പിതൃത്വം ഇന്ത്യാക്കാരില്‍ കെട്ടിവയ്ക്കുന്നത്. പുഷ്പകവിമാനം ആരുടെ വകയാണോ അയാള്‍ വിചാരിക്കുമ്പോള്‍ അത് അയാളുടെ അരികില്‍ എത്തും. ഉടമസ്ഥന്‍ ആഗ്രഹിക്കുന്നതുപോലെ വിമാനത്തിന്റെ വിസ്താരം കൂടുകയും കുറയുകയും ചെയ്യും. രാവണനെ കൊന്ന് സീതയെ വീണ്ടെടുത്ത ശേഷം ശ്രീരാമന്‍ കോടിക്കണക്കിനു വാനരന്മാരുമായി അയോധ്യയിലെത്തിയത് രാവണന്റെ പുഷ്പകവിമാനത്തിലായിരുന്നല്ലോ. രാവണന്‍ വധിക്കപ്പെട്ടതോടെ അനന്തരാവകാശിയായി മാറിയ വിഭീഷണന്‍ വിചാരിച്ച ഉടന്‍ വിമാനം ലങ്കയിലെത്തുകയായിരുന്നു എന്ന് രാമായണത്തില്‍ പറയുന്നുണ്ട്. പക്ഷേ എന്‍ജിനില്ലാത്തതും ഇഷ്ടാനുസരണം വലിപ്പം കൂടുന്നതുമായ വിമാനം ഇന്നുവരെയും ആരും കണ്ടിട്ടില്ല; കണ്ടുപിടിച്ചിട്ടുമില്ല. ഉലകം ചുറ്റുന്ന പ്രധാനമന്ത്രി ഇപ്പോഴും റൈറ്റ് ബ്രദേഴ്‌സ് കണ്ടുപിടിച്ച വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പുകളില്‍ തന്നെയാണ് യാത്ര.
പലതരം മിസൈലുകള്‍ ഇന്ത്യ കണ്ടുപിടിച്ചിട്ടും വിക്ഷേപിച്ചിട്ടും ഏറെക്കാലമായിട്ടില്ല. പക്ഷേ യുപിയിലെ ഒരു സംഘിമന്ത്രി പറയുന്നത് മിസൈല്‍ കണ്ടുപിടിച്ചതും പ്രയോഗിച്ചതും ശ്രീരാമനാണെന്നാണ്. രാമായണത്തിലെ ഏതു ആയുധമാണ് ഇപ്പോഴത്തെ മിസൈലിന് സമാനമെന്ന് അദ്ദേഹം പറയുന്നില്ല. ഏതു യുദ്ധത്തിലാണ് രാമന്‍ മിസൈലുപയോഗിച്ചത് എന്നും സംഘിമന്ത്രി വിശദീകരിക്കുന്നില്ല.
ആണ്‍മയിലിന്റെ കണ്ണുനീര്‍ കുടിച്ചാണ് പെണ്മയില്‍ ഗര്‍ഭംധരിക്കുന്നത് എന്നാണു മറ്റൊരു കണ്ടുപിടിത്തം.രാജസ്ഥാന്‍ ഹൈക്കോടതിയിലെ ഒരു ജഡ്ജിയാണ് ഈ കണ്ടുപിടിത്തം നടത്തിയത്. ജന്തുശാസ്ത്രം പഠിച്ച ഒരു സ്‌കൂള്‍കുട്ടി പോലും ഇത്തരം വിഡ്ഢിത്തം പുലമ്പുകയില്ല.
ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം മഹാവിഷ്ണുവിന്റെ ദശാവതാര കഥയുടെ കോപ്പിയടി മാത്രമാ ണെന്നതാണ് മറ്റൊരു കണ്ടുപിടിത്തം. ആദ്യാവതാരം മത്സ്യമായതില്‍ നിന്നും ജലത്തില്‍ നിന്നാണ് ജീവനുണ്ടായത് എന്ന പരിണാമസിദ്ധാന്തം അവതാര കഥയുമായി ഒത്തുപോകുന്നു എന്നാണ് വ്യാഖ്യാനം. ഏകകോശ ജീവി മുതല്‍ മനുഷ്യന്‍ വരെയുള്ള ജീവിപരിണാമത്തിന്റെ ചരിത്രം ഭാഗവതത്തില്‍ ഉണ്ടത്രേ. ജലത്തില്‍ നിന്ന് മത്സ്യം, പിന്നീട് ഉഭയജീവിയായ കൂര്‍മ്മം. അടുത്തത് വരാഹം. നരസിംഹം പിന്നീട് പൊക്കം കുറഞ്ഞ മനുഷ്യന്‍ വാമനന്‍. അതുകഴിഞ്ഞ് ഒത്ത മനുഷ്യന്‍ പരശുരാമന്‍. ഇങ്ങനെ പോകുന്നു വ്യാഖ്യാനങ്ങള്‍.
തപസ്സ് ചെയ്തുകൊണ്ടിരുന്ന വൈവസ്വതമനു കുളിക്കാന്‍ നദിയില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തെ അഭയം പ്രാപിച്ച കുഞ്ഞുമത്സ്യമായിട്ടാണ് മഹാവിഷ്ണു അവതരിക്കുന്നത്. അഭയം പ്രാപിച്ച കൊച്ചു മീനിനെ മനു ഒരു മണ്‍കുടത്തിലിട്ടു വളര്‍ത്തി. മത്സ്യം വലുതാകുന്നതിനനുസരിച്ച് രാജാവ് അതിനെ കുളത്തിലും നദിയിലും ഒടുവില്‍ കടലിലും എത്തിക്കുന്നതായിട്ടാണ് പുരാണ കഥ. പരിണാമത്തിന്റെ അവസാന കണ്ണിയായിട്ടാണ് മനുഷ്യനെ ശാസ്ത്രം കരുതുന്നത്. പുരാണത്തില്‍ ആ അവസാന കണ്ണിയായ മനുഷ്യനാണ് മത്സ്യത്തിന് അഭയം നല്‍കുന്നതെന്ന് പറയുന്നതോടെ പരിണാമ സിദ്ധാന്ത സാമ്യം പൊളിയുകയാണ്.
പശുവിന്റെ മൂത്രത്തിലും ചാണകത്തിലും എല്ലാം ഓക്‌സിജന്‍ നിറഞ്ഞിരിക്കയാണെന്നാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ കണ്ടുപിടിത്തം. ഈ മഹാന്റെ സംസ്ഥാനത്ത് ഓക്‌സിജന്‍ കിട്ടാതെ ദിനം പ്രതി കുഞ്ഞുങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനകം 300 ല്‍ അധികം കുട്ടികള്‍ പ്രാണവായു കിട്ടാതെ മരിച്ചു. ഗോരഖ്പുര്‍ മെഡിക്കല്‍ കോളജില്‍ പശുക്കള്‍ വിളയാടുകയാണെന്നാണ് പത്രവാര്‍ത്ത.
അണുവിസ്‌ഫോടന സിദ്ധാന്തം കണ്ടുപിടിച്ചത് എങ്ങനെ എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഭഗവദ് ഗീത ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞത്രേ: ‘എല്ലാം ഇതില്‍ ഉണ്ട്’ എന്ന്. ഇത് പറഞ്ഞത് മഹാരാഷ്ട്രയിലെ ഒരു മന്ത്രിയാണ്. അണുവിസ്‌ഫോടന സിദ്ധാന്തം എന്താണെന്നോ ഭഗവദ് ഗീതയുടെ ഉള്ളടക്കം എന്താണെന്നോ ഈ മന്ത്രിക്ക് അറിഞ്ഞുകൂടാ എന്ന് സാരം.
മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ ഏല്‍ക്കാതിരിക്കാന്‍ അതിന്റെ പുറത്ത് ചാണകം പൊതിഞ്ഞാല്‍ മതി എന്ന് പറഞ്ഞത് മറ്റൊരു സംഘിനേതാവാണ്. ആണവായുധങ്ങളില്‍ നിന്നുള്ള അപകടങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ചാണകം ഉപയോഗിച്ചാല്‍ മതിയെന്നും ഇദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യ പാമ്പാട്ടികളുടെയും മന്ത്രവാദികളുടെയും നാടാണ് എന്ന് ഇന്നാരും പറയില്ല എന്ന് ഊറ്റം കൊള്ളുന്ന നരേന്ദ്രമോഡി, അന്ധവിശ്വാസങ്ങളും ആള്‍ദൈവങ്ങളും വിഹരിക്കുന്ന കാടന്മാരുടെ നാടായിട്ടാണ് ഇന്ന് ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ കാണുന്നതെന്ന സത്യം അറിയുന്നില്ല; അഥവാ മറച്ചു വയ്ക്കുന്നു.അപരിഷ്‌കൃതരും, സംസ്‌ക്കാര ശൂന്യരും ആണ് ഭാരതീയര്‍ എന്ന് ലോക ജനതയ്ക്ക് മുമ്പില്‍ വിളംബരപ്പെടുത്തുന്നതില്‍ മോഡിയുടെയും വിവരദോഷികളായ ചില മന്ത്രിമാരുടെയും പങ്ക് ചെറുതല്ല. കെട്ടുകഥകളും കാവ്യഭാവനയും ശാസ്ത്ര സത്യങ്ങളായി പരസ്യപ്പെടുത്തുന്ന ഇവര്‍ ഭാരതീയരുടെ ശാസ്ത്ര ബോധത്തെയും ഗവേഷണ സാമര്‍ഥ്യത്തെയും യുക്തിചിന്തയേയും വികലമാക്കുകയും ക്ഷീണിപ്പിക്കുകയും വെല്ലുവിളിക്കുകയുമാണ് ചെയ്യുന്നത്. ഒപ്പം ആര്യഭടന്റെയും ഭാസ്‌കരാചാര്യന്റെയും ചരകന്റെയും സുശ്രുതന്റെയും സി വി രാമന്റെയും ജെ സി ബോസിന്റെയും ഹര്‍ഗോബിന്ദ് ഖുരാനയുടെയും ശാസ്ത്ര സംഭാവനകളെയും ഭാരതത്തെ തന്നെയും ലോകര്‍ക്ക് മുമ്പില്‍ വിലകെടുത്തുകയും.

വി ദത്തന്‍, തിരുവനന്തപുരം