Janayugom Online
Kureeppuzha Sreekumar

കുരീപ്പുഴ ശ്രീകുമാറിന് നേരെ സംഘപരിവാര്‍ ഭീഷണി

Web Desk
Posted on February 05, 2019, 10:12 pm

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ വീണ്ടും സംഘപരിവാറിന്റെ ഭീഷണി. കഴിഞ്ഞ ദിവസം തൃശൂരില്‍ സാഹിത്യ അക്കാദമി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കുരീപ്പുഴ നടത്തിയ പ്രസംഗമാണ് സംഘപരിവാര്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഇന്നലെ വൈകിട്ട് കരിങ്ങന്നൂരില്‍ കവിയുടെ വീടിന് സമീപം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തി. കുരീപ്പുഴയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടത് സംഘടനാപ്രവര്‍ത്തകരും പ്രകടനം നടത്തിയിരുന്നു. പൊലീസ് വീടിന് സുരക്ഷ ഏര്‍പ്പെടുത്തി.
സാഹിത്യ അക്കാദമിയുടെ പ്രസംഗത്തില്‍ സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ നിശിതവിമര്‍ശനമാണ് കവി നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് കുരീപ്പുഴ ശ്രീകുമാറിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്ന് ശാരീരികമായ ആക്രമണം ഉണ്ടായത്.