പാകിസ്ഥാന്‍ ചാരസംഘടനയ്ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തിയത് സംഘപരിവാറുകാര്‍

Web Desk
Posted on August 25, 2019, 10:24 pm

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് രാജ്യരഹസ്യങ്ങളും ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബക്ക് സാമ്പത്തിക സഹായങ്ങളും നല്‍കിയ കേസില്‍ അറസ്റ്റിലായത് സംഘ്പരിവാര്‍ സംഘടനയിലെ പ്രവര്‍ത്തകര്‍.
കഴിഞ്ഞ ദിവസം ഝാന്‍സിയില്‍വച്ച് മധ്യപ്രദേശ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുനില്‍ സിങ്, ശുഭ തിവാരി, ബല്‍റാം സിങ് പട്ടേല്‍, എന്നിവരടക്കം അഞ്ചു പേരെ മധ്യപ്രദേശ് ഭീകരവിരുദ്ധ സേന(എടിഎസ്)യാണ് അറസ്റ്റ് ചെയ്തത്.

ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പിടിയിലായവര്‍. ഇവരെ ഭീകരവിരുദ്ധ സേന ചോദ്യം ചെയ്തുവരികയാണ്. പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത 13 സിം കാര്‍ഡുകള്‍ ഇവരില്‍നിന്ന് ലഭിച്ചിരുന്നു. നിരവധി മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. ഈ ഫോണ്‍ മുഖേന ഇവര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. സംശയത്തെ തുടര്‍ന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.
ഐഎസ്‌ഐയില്‍നിന്ന് ഇവര്‍ക്ക് കാര്യമായ പണവും ലഭിച്ചിട്ടുണ്ട്. ഐഎസ്‌ഐക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത കേസില്‍ രണ്ടുവര്‍ഷം മുമ്പ് ബിജെപി ഐടി സെല്‍ മേധാവി ധ്രുവ് സക്‌സേനക്കൊപ്പം പിടിയിലായ ആളാണ് ബല്‍റാം സിങ്. ഇയാളാണ് ചാര ഭീകരസംഘത്തിലെ പ്രധാന കണ്ണിയെന്ന് വ്യക്തമായിട്ടുണ്ട്. ബല്‍റാം സിങിന്റെ സഹായികളായ സുനില്‍, ശുഭം എന്നിവരാണ് പിടിയിലായവരില്‍ രണ്ടുപേര്‍.
ജാമ്യത്തിലിറങ്ങിയ ശേഷം ഇയാള്‍ മറ്റുള്ളവരെ ചാരപ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്യുകയായിരുന്നു. ദുബായില്‍നിന്നുള്ള അസ്ഹര്‍ മുഹമ്മദ് എന്നയാളില്‍നിന്നാണ് ബല്‍റാം സിങ് ചാരപ്രവര്‍ത്തനത്തിന് പരിശീലനം നേടിയത്. മുന്നൂറോളം എടിഎം കാര്‍ഡുകളും നിരവധി സിം കാര്‍ഡുകളും ബല്‍റാം സിങില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

YOU MAY LIKE THIS VIDEO ALSO