വാഴനാരില്‍ നിന്നും സാനിറ്ററി നാപ്കിന്‍

Web Desk
Posted on December 27, 2018, 6:53 pm

സ്വന്തം ലേഖിക

തൃശൂര്‍: വാഴനാരില്‍ നിന്നും നിര്‍മ്മിച്ചിരിക്കുന്ന സാനിറ്ററി നാപ്കിന്‍ പരിചയപ്പെടുത്തുകയാണ് ഗുജറാത്തില്‍ നിന്നുള്ള അനില്‍ വാര്യ. പ്രകൃതിദത്തമായ രീതിയില്‍ സംസ്‌കരിച്ചെടുക്കുന്ന വാഴനാര് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന നാപ്കിനുകള്‍ തികച്ചും സുരക്ഷിതവും മാലിന്യപ്രശ്‌നത്തിനിടയാക്കാത്തതുമാണ്. തൃശൂരില്‍ നടക്കുന്ന കൃഷി ഉന്നതിമേള- വൈഗ 2018ലാണ് ഗുജറാത്ത് ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാശ്വതിനെ പ്രതിനിധീകരിച്ച് വാഴനാരു കൊണ്ടുള്ള മൂല്യ വര്‍ധിത ഉല്പന്നങ്ങളുമായി അനില്‍ വാര്യയും സംഘവും എത്തിയിരിക്കുന്നത്.

കുറഞ്ഞ ചെലവില്‍ എല്ലാ സ്ത്രീകള്‍ക്കും സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേവലം രണ്ടോ, മൂന്നോ രൂപ മാത്രം വില വരുന്ന ഇവ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി അനില്‍ പറഞ്ഞു. ആര്‍ത്തവകാല ശുചിത്വം ആരോഗ്യസംരക്ഷണത്തിന് അനിവാര്യമായതിനാല്‍ സമൂഹത്തിന്റെ എല്ലാമേഖലകളിലും ഇവ സൗജന്യനിരക്കില്‍ എത്തിക്കാനാണ് ശ്രമമെന്നും വ്യക്തമാക്കി.

സാനിറ്ററി നാപ്കിനു പുറമെ, നിരവധി കരകൗശല ഉല്പന്നങ്ങളും, വാഴനാരിനാല്‍ നിര്‍മ്മിച്ചിരിക്കുന്ന ശില്പവും, ജൈവവള ലായിനി, വേര്‍മി കംപോസ്റ്റ്, പേപ്പര്‍ ആന്റ് ബോര്‍ഡ്, വാഴനാര് കൊണ്ടുള്ള വസ്ത്രങ്ങള്‍, ബാഗുകള്‍, പായകള്‍ എന്നിവയും ശാശ്വത് വികസിപ്പിച്ചെടുത്തിട്ടുണ്ട്. പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങളാണ് ശാശ്വത് നിര്‍മ്മിക്കുന്നത്.

അതോടൊപ്പം ഏറെ ഔഷധഗുണമുള്ള ശുദ്ധമായ തേനും ആപിസ് ഡിവൈന്‍ ഹണി എന്ന പേരില്‍ ഇവര്‍ പരിചയപ്പെടുത്തുന്നുണ്ട്. ശുദ്ധീകരിച്ച തേനിനോടൊപ്പം കൃഷിയിടത്തില്‍ നിന്നും എടുക്കുന്ന തേന്‍ അറകളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിനു പുറമെ തനത് കൃഷി രീതികളും ഉല്പന്നങ്ങളുമായി ജമ്മു കശ്മീര്‍, സിക്കിം, ഛണ്ഡിഗണ്ട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളും കൃഷി ഉന്നതി മേളയിലുണ്ട്.