June 6, 2023 Tuesday

സുരക്ഷാസാമഗ്രികളില്ലാതെ ഡൽഹിയിലെ ശുചീകരണ തൊഴിലാളികൾ

Janayugom Webdesk
ന്യൂഡൽഹി
May 19, 2020 9:24 pm

രാജ്യത്ത് ദിവസേന കോവിഡ് 19 രോഗം സ്ഥിരീകരിക്കുന്നവരുടെ കണക്കുകൾ കുതിച്ചുയരുമ്പോൾ രാജ്യതലസ്ഥാനത്ത് വ്യക്തിഗത സുരക്ഷാസാമഗ്രികളൊന്നും ലഭ്യമാകാതെ ശുചീകരണ തൊഴിലാളികൾ. രോഗാണുക്കളിൽ നിന്ന് രക്ഷ നേടാനുതകുന്ന മാസ്കോ കയ്യുറകളോ ഒന്നുമില്ലാതെയാണ് ശുചീകരണ തൊഴിലാളികൾ മണിക്കൂറുകളോളം അഴുക്കുകൂനകളിൽ ജോലി ചെയ്യുന്നത്. സുരക്ഷാ മുന്നൊരുക്കങ്ങൾ സ്വീകരിക്കണമെന്ന യാതൊരു മാർഗനിർദേശങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.

കോവിഡ് 19നെ നേരിടാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ശുചിത്വ തൊഴിലാളികൾക്ക് വേണ്ടത്ര സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ഡൽഹി മുനിസിപ്പൽ അതോറിറ്റിയും ഡൽഹി സർക്കാരിന്റെ ആരോഗ്യ വകുപ്പും മെയ് 8 ന് ഡൽഹി ഹൈക്കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് അധികൃതർ പാലിക്കുന്നില്ലെന്നും, ഡൽഹി നഗരത്തിനുള്ളിൽ നിന്നുള്ള തൊഴിലാളികളുടെ മാത്രം അവസ്ഥയാണിതെന്നും ദ വയർ റിപ്പോർട്ട് ചെയ്യുന്നു. ഓടകൾ വൃത്തിയാക്കുകയും കർണാൽ ബൈപാസിലെ വലിയ ഡംപിംഗ് സൈറ്റിൽ ജോലിചെയ്യുകയും ചെയ്യുന്ന തൊഴിലാളികൾ പകർച്ച വ്യാധികളെ തടയാൻ തക്ക രീതിയിൽ സജ്ജരല്ല. കുറച്ച് തൊഴിലാളികൾക്ക് കയ്യുറകളുണ്ടായിരുന്നു.

എന്നാൽ അവയിൽ പലതും കീറിനശിച്ചവയായിരുന്നു. ചിലർ മാസ്ക് ധരിച്ചിരുന്നെങ്കിലും തുടർച്ചയായ പുനരുപയോഗം കാരണം അതും ഉപയോഗശൂന്യമായിരുന്നു. മറ്റ് ചിലർ മാസ്കുകൾ ഇല്ലാത്തതിനാൽ വായും മൂക്കും തൂവാലകൾ കൊണ്ട് മറച്ചിരുന്നു. തൊഴിലാളികളിൽ ഒരാൾപോലും എൻ- 95 മാസ്ക് ധരിച്ചിരുന്നില്ല. എന്നാൽ സൈറ്റിന്റെ ചുമതലയുള്ള ജൂനിയർ എൻജിനീയർ ഉൾപ്പെടെയുള്ള ഉയർന്ന് ഉദ്യോഗസ്ഥരെല്ലാം എൻ ‑95 മാസ്ക് ധരിച്ച് സ്വയം സുരക്ഷിതരായിട്ടുമുണ്ട്. ശുചീകരണ തൊഴിലാളികളിൽ മിക്കവരും കരാർ ജോലിക്കാരാണ്. തൊഴിലാളികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുക മാത്രമല്ല, കഴിഞ്ഞ രണ്ട് മാസമായി പലർക്കും പ്രതിമാസ ശമ്പളം നൽകിയിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: San­i­ta­tion work­ers in del­hi with­out prop­er per­son­el pro­tec­tion kits.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.