August 14, 2022 Sunday

സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ട്; സഞ്ജയ് കിർലോസ്കർ

Janayugom Webdesk
December 7, 2019 6:31 pm

കൊച്ചി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും അത്കൊണ്ട് തന്നെ ഇത് പരിഹരിപ്പിക്കപ്പെടുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും കിർലോസ്കർ ബ്രദേഴ്‌സ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കിർലോസ്കർ. സാങ്കേതികവിദ്യ അതിവേഗം മുന്നേറുകയാണെന്നും രാജ്യത്തെ സമ്പദ്‌വ്യവസ്‌ഥയുടെ ചെറിയ മാറ്റങ്ങൾ പോലും ഉൾക്കൊണ്ടു അതിനനുസരിച്ചുള്ള പ്രവർത്തനമാണ് നടത്തേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച സിഇഒ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ കനത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. നാണയപ്പെരുപ്പവും ധനക്കമ്മിയും ആശാവഹമല്ല. സമ്പദ്‌വ്യവസ്‌ഥയുടെ നട്ടെല്ലായ നികുതി പിരിവും മെച്ചമല്ല. സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യത്തിന് അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക സമ്പദ്‌വ്യവസ്‌ഥ അമേരിക്കയുടെയും ചൈനയുടെയും എതിരാളികളും ആശ്രിതരും എന്ന രീതിയിൽ രണ്ടായി വിഭജിച്ചു നിൽക്കുകയാണ്. ആഗോള സമ്പദ്‌വ്യവസ്‌ഥയുടെ ചലനങ്ങൾക്കൊപ്പം പിടിച്ചു നില്ക്കാൻ ഇന്ത്യക്ക് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ബാങ്കിങ്, ഫിനാൻസ്, ഓട്ടോ, ടെലികോം, ഏവിയേഷൻ, എഫ്.എം.സി.ജി മേഖലകൾ അടിയന്തിര സഹായം ഉണ്ടെങ്കിൽ മാത്രമേ നിലനിൽക്കൂ. സാമ്പത്തിക പരിഷ്‌കാരങ്ങൾ പല തരത്തിൽ സർക്കാർ പരീക്ഷിക്കുന്നത് ആശാവഹമാണ്.

സാമ്പത്തിക മാന്ദ്യം നേരിടാൻ ഏറ്റവും നല്ല മാർഗം പ്രവർത്തനവും നിക്ഷേപവും ക്രമീകരിക്കുക എന്നത് മാത്രമാണ്. പുതിയ ആശയങ്ങളും വിപണിയും സാങ്കേതികവിദ്യകളും കണ്ടെത്തണം. ബിസിനസിന്റെ പ്രധാന ഘട്ടത്തിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. വിഷമ ഘട്ടങ്ങളെ അവസരങ്ങളാക്കി മാറ്റണമെന്നും വളർച്ചയിലേക്ക് മത്സരബുദ്ധിയോടെ മുന്നേറണമെന്നും സഞ്ജയ് കിർലോസ്കർ ഓർമ്മിപ്പിച്ചു.

കെഎംഎ പ്രസിഡൻറ് ജിബു പോൾ അധ്യക്ഷത വഹിച്ചു. ആൾ ഇന്ത്യ മാനേജ്‌മെൻറ് അസോസിയേഷൻ ഡയറക്ടർ ജനറൽ രേഖ സേത്തി ആശംസാ പ്രസംഗം നടത്തി. കെഎംഎ സിഇഒ ഫോറം ചെയർമാൻ കെആൻറണി സെബാസ്റ്റ്യൻ സ്വാഗതവും കെഎംഎ ഓണററി സെക്രട്ടറി ബിബു പുന്നൂരാൻ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.