കളിച്ചിട്ടും കാര്‍ത്തിക് പുറത്ത്; ആരാധകര്‍ പ്രതിഷേധത്തില്‍

Web Desk
Posted on February 16, 2019, 10:17 pm

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ദയനീയ പ്രകടനം പുറത്തെടുത്ത് ടീമില്‍ നിന്ന് പുറത്തായ കെ എല്‍ രാഹുലിനെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന ട്വന്റി20 പരമ്പരകളില്‍ ഉള്‍പ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനം. മികച്ച ഫോമില്‍ കളിക്കുകയും ഫിനിഷറായി തിളങ്ങുകയും ചെയ്യുന്ന ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കി രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാരുടെ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ദിനേശ് കാര്‍ത്തിക്കിന്റെ ഏകദിന കരിയര്‍ അവസാനിച്ചുവെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറുടെ പ്രതികരണം. കിട്ടിയ അവസരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുവാന്‍ ദിനേശ് കാര്‍ത്തിക്കിന് സാധിച്ചുവെന്നും എന്നാല്‍ ന്യൂസിലാന്‍ഡിനെതിരെ ഏകദിനപരമ്പരയിലെ അവസാന മത്സരത്തില്‍ റായുഡു കാഴ്ച്ചവെച്ചതു പോലെയുള്ള പ്രകടനം ദിനേശ് കാര്‍ത്തിക്കിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.
ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ രണ്ട് അര്‍ധ സെഞ്ചുറി നേടിയതോടെയാണ് രാഹുല്‍ വീണ്ടും തിരിച്ചെത്തിയത്. ഇന്ത്യന്‍ ടീമിനായി മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും കാര്‍ത്തിക്ക് എങ്ങനെ പുറത്തായെന്നും, മോശം പ്രകടനം തുടര്‍ച്ചയാക്കിയ രാഹുലിനെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരകളില്‍ ഉള്‍പ്പെടുത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

അതേസമയം കാര്‍ത്തിക്കിനെ ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കി ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് രംഗത്തെത്തി. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും കാര്‍ത്തിക്കിനെ പരീക്ഷിച്ചു കഴിഞ്ഞതിനാല്‍ ഋഷഭ് പന്തിന്റെ പ്രകടനം കൂടി വിലയിരുത്താനായാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിതയെന്ന് പ്രസാദ് പറഞ്ഞു.
ഋഷഭ് പന്ത് ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് എന്നതിനാല്‍ കോംബിനേഷന്‍ ഉറപ്പാക്കാനും പന്തിനെ ഉള്‍പ്പെടുത്തുന്നതിലൂടെ കഴിയുമെന്നും പ്രസാദ് വ്യക്തമാക്കി.
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച പന്തിന് ഏകദിന പരമ്പരയിലും ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലും അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ പന്തിന്റെ മികവ് അളക്കാന്‍ കൂടിയാണ് സെലക്ടര്‍മാര്‍ ഓസ്‌ട്രേലിയക്കെതിരെ അവസരം നല്‍കിയിരിക്കുന്നത്.

മികച്ച ഫിനിഷര്‍ എന്ന് പേര് കിട്ടിക്കഴിഞ്ഞ കാര്‍ത്തിക്കിന് ചില മത്സരങ്ങളില്‍ നേരിട്ട പിഴവുകളാണ് ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വഴി തെളിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ബാറ്റിങ്ങും ഫീല്‍ഡിങ്ങും കാര്‍ത്തിക്കിന് തിരിച്ചടിയായി. അവസാന ടി20യില്‍ ക്രുനാല്‍ പാണ്ഡ്യയ്ക്ക് സ്‌ട്രൈക്ക് കൈമാറാത്തതും വിവാദമായിരുന്നു. വിജയ് ശങ്കറിന്റെ കടന്നുവരവാണ് കാര്‍ത്തിക്കിന്റെ വഴിയടച്ചതെന്നും സൂചനയുണ്ട്. ബൗളറായും ഉപയോഗിക്കാവുന്ന വിജയ് ന്യൂസിലന്‍ഡില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഇതേ തുടര്‍ന്ന് ഓസീസിനെതിരായ പരമ്പരയിലും താരത്തെ ഉള്‍പ്പെടുത്തി.
ലോകകപ്പിനെത്താന്‍ കാര്‍ത്തിക്കിന് ഇനിയും അവസരമുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനം ഇതിന് വേണ്ടിവരും. കാര്‍ത്തിക്കിന് പകരക്കാരാകുന്ന പന്തിന്റെയും റായിഡുവിന്റെയും പ്രകടനങ്ങളും നിര്‍ണായകമാകും.