Saturday
19 Oct 2019

മോഡി വിമര്‍ശകനായ സഞ്ജീവ് ഭട്ട് അറസ്റ്റില്‍

By: Web Desk | Wednesday 5 September 2018 10:08 PM IST


sanjeev Bhatt arrest

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്ര സര്‍ക്കാരിന്റേയും കടുത്ത വിമര്‍ശകനായ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് അറസ്റ്റില്‍. ഗുജറാത്ത് കേഡറിലുള്ള ഐപിഎസ് ഓഫീസറായിരുന്നു സഞ്ജീവ് ഭട്ട്.
1998ലെ ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 1998ല്‍ സഞ്ജീവ് ഭട്ട് ബനാസ്‌കന്ത മേഖലയില്‍ ഡിസിപിയായിരിക്കെ വ്യാജമയക്കുമരുന്ന് കേസില്‍ അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് സംസ്ഥാന സിഐഡി വിഭാഗമാണ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത്. ഭട്ടിനെക്കൂടാതെ 7ഏഴ് പൊലീസ് ഓഫീസര്‍ക്കൂടി കസ്റ്റഡിയിലാണ്. എല്ലാവരേയും സിഐഡി ചോദ്യംചെയ്തു വരികയാണ്.
1997ല്‍ ഡിസിപിയായിരുന്നപ്പോല്‍ ബനാസ്‌കന്ദയില്‍ അഭിഭാഷകനെതിരെ വ്യാജ നാര്‍കോട്ടിക് കേസ് ചമച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ കേസ്. അഭിഭാഷകനായ മേര്‍സിംഗ് രാജ്പുരോഹിത് നല്‍കിയ പരാതിയിലാണ് കോടതി ഇടപെട്ട് നടപടിക്ക് നിര്‍ദേശിച്ചത്.
സഞ്ജീവ് ഭട്ടിന്റെ സുഹൃത്തായ അഹമ്മദാബാദ് സെഷന്‍സ് ജഡ്ജി ആര്‍ ആര്‍ ജെയിന്‍ ഇദ്ദേഹത്തോട് സഹായം ആവശ്യപ്പെട്ടു. തന്റെ ബന്ധുവായ ഫുട്ടര്‍മലിന്റെ വീട് ഒഴിപ്പിക്കുന്നതായിരുന്നു അത്. ആ വീട്ടില്‍ താമസമാക്കിയിരുന്നത് അഭിഭാഷകനായ മേര്‍സിംഗ് രാജ്പുരോഹിത് ആയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഭട്ട്, അഭിഭാഷകനായ രാജ്പുരോഹിതിന്റെ ഹോട്ടല്‍ മുറിയില്‍ മയക്കുമരുന്ന് ഒളിപ്പിക്കുകയും അദ്ദേഹത്തെ കേസില്‍ കുടുക്കുകയുമായിരുന്നുവെന്നാണ് ആരോപണം.
കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് ഈ കേസുമായി ബന്ധപ്പെട്ട് സിഐഡി അന്വേഷണത്തിന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിടുകയും തുടര്‍ന്ന് സഞ്ജീവ് ഭട്ട് അടക്കം ഏഴ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
നരേന്ദ്രമോഡിയുടെ അപ്രീതിക്കിരയായ ഭട്ടിനെ 2015ല്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് പിന്നീട് ഭട്ട് സുപ്രിംകോടതിയില്‍ സത്യവാങ് മൂലം നല്‍കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന ഇദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയെ പരിഹസിച്ച് സഞ്ജീവ് ഭട്ട് ട്വീറ്റ് ചെയ്തിരുന്നു.

Related News