Friday
22 Feb 2019

അടിച്ചമര്‍ത്തപ്പെടുന്ന വിയോജിപ്പുകള്‍

By: Web Desk | Tuesday 11 September 2018 9:59 PM IST

karyavicharam

പൊലീസിനെയും ജുഡീഷ്യറിയെയും വ്യക്തിവിരോധം തീര്‍ക്കാന്‍ ഉപയോഗിക്കുന്ന കാലമാണിത്. ഗാന്ധിജിയുടെ ഈ വാക്കുകള്‍ ഇന്ന് പ്രസക്തമാവുന്നു. ”നിരാശ തോന്നുമ്പോള്‍ ചരിത്രത്തില്‍ എങ്ങനെയാണ് സത്യവും സ്‌നേഹവും എപ്പോഴും വിജയം നേടിയതെന്ന് ഞാന്‍ ചിന്തിക്കും. സ്വേച്ഛാധിപതികളും കൊലയാളികളും ഒരു കാലത്ത് അജയ്യാരാണെന്ന് തോന്നും. പക്ഷേ, അവസാനം അവര്‍ വീഴുക തന്നെ ചെയ്യും.
ഭരണതലപ്പത്തുള്ളവരുടെ കണ്ണിലെ കരടായ ഉദ്യോഗസ്ഥരെ ഭരണസ്വാധീനമുപയോഗിച്ചോ വ്യാജകേസുകളില്‍ കുടുക്കിയോ തളച്ചിടുന്നത് രാജ്യത്ത് പതിവ് സംഭവമായിരിക്കുന്നു. ഈ ഗണത്തില്‍ ഒടുവിലത്തേതാണ് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ സജ്ജീവ് ഭട്ടിനെതിരായ ഗുജറാത്ത് പൊലീസിന്റെ നടപടി. ഒരു അഭിഭാഷകനെ ക്രിമിനല്‍ കേസില്‍ കുടുക്കിയെന്ന 22 വര്‍ഷം കുറയാത്ത കേസുമായി ബന്ധപ്പെട്ടാണ് ഭട്ടിനെ ഇപ്പോള്‍ ഗുജറാത്ത് സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. ഡിസിപി ആയിരുന്നപ്പോള്‍ ബസ്‌കന്ദയില്‍ അഭിഭാഷകനെതിരെ വ്യാജനര്‍കോട്ടിക് ചമച്ചുവെന്നാണ് കേസ്. ഗുജറാത്ത് വംശഹത്യയിലെ ഹിന്ദുത്വത്തിന്റെ ഭീകരമുഖം തുറന്നുകാട്ടിയ ഉദേ്യാഗസ്ഥനും കടുത്ത മോഡി വിമര്‍ശകനുമാണ് സജ്ജീവ് ഭട്ട്. ഇതാണ് ഭരണകൂടം അദ്ദേഹത്തെ വേട്ടയാടുന്നതിന് പിന്നിലെന്നും അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
രണ്ട് പതിറ്റാണ്ടിലധികം പഴക്കമുള്ള കേസ് തപ്പിയെടുത്ത് ഭട്ടിനെതിരെ പ്രയോഗിക്കുന്നതിനു പിന്നില്‍ നീതിതാല്‍പര്യത്തെക്കാള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. ഐഐടി ബോംബെയില്‍ പഠനം കഴിഞ്ഞ് ഉയര്‍ന്ന റാങ്കോടെ ഐപിഎസ് നേടിയ ഭട്ട് ഗുജറാത്ത് വംശഹത്യയുടെ ഇരുണ്ടനാളുകളില്‍ നിയമവാഴ്ച ഉയര്‍ത്തിപ്പിടിച്ച ഏതാനും പൊലീസ് ഉദേ്യാഗസ്ഥരില്‍ ഒരാളാണ്. വംശഹത്യക്കായി തെരുവിലിറങ്ങിയ അക്രമി സംഘങ്ങള്‍ക്ക് ഗുജറാത്തിലെ നരേന്ദ്രമോഡി സര്‍ക്കാരിന്റെ പിന്തുണയുണ്ടായിരുന്നതായി ചൂണ്ടിക്കാട്ടിയ ഉത്തരവാദപ്പെട്ട പൊലീസുകാരനാണ് സജ്ജീവ് ഭട്ട്. അദ്ദേഹം അക്കാലത്ത് ഇന്റലിജന്‍സ് ബ്യൂറോക്കും മറ്റും അയച്ചിരുന്ന വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടുകള്‍ അനേ്വഷണ കമ്മീഷനുകള്‍ക്കും കോടതികള്‍ക്കും വിലപ്പെട്ട രേഖകളായിട്ടുണ്ട്.
ഇഹ്‌സാന്‍ ജാഫരി വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സാക്ഷിയായിരുന്ന അദ്ദേഹം സുപ്രിംകോടതിയില്‍ മോഡിക്കെതിരെ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ധൈര്യം കാണിച്ചു. ഭരണഘടനയ്ക്കും നിയമത്തിനും വേണ്ടി ഉറച്ച നിലപാടെടുത്ത ഭട്ട് ഭരണാധികാരികളെ തനിക്ക് ഭയമില്ലെന്ന് ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ട്. ഇതിന് അദ്ദേഹം നല്‍കേണ്ടിവന്ന വില കനത്തതാണ്. ഭട്ടിനെതിര കള്ളക്കേസുകള്‍ അനേകം. നാനാവഹ കമ്മീഷനു മുമ്പാകെ പലതവണ ഹാജരായ അദ്ദേഹത്തെ അസന്നിഗ്ധമായി ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്നു എന്ന കാരണത്താല്‍ പിരിച്ചുവിട്ടു. കാരണം ആ സമയത്ത് അദ്ദേഹം കമ്മീഷന് മുമ്പില്‍ മൊഴി നല്‍കുകയായിരുന്നു. പെന്‍ഷനും മറ്റാനുകൂല്യങ്ങളും നിഷേധിച്ചു. അനധികൃത നിര്‍മാണമെന്ന് പറഞ്ഞ് വീടിന്റെ ഒരു ഭാഗം പൊളിച്ചു. സുരക്ഷാഭീഷണി ഉണ്ടായിട്ടും പൊലീസ് കാവല്‍ പിന്‍വലിച്ചു. ഇതൊക്കെയായിട്ടും മോഡിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ അറസ്റ്റ് ഗൗരവമുള്ളതാകുന്നത്.
ബിജെപി സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണകൊണ്ടാണ് 2002-ല്‍ ഹിന്ദുത്വവാദികള്‍ വ്യാപകമായി അഴിഞ്ഞാടാനും നൂറുകണക്കിന് നിരപരാധികള്‍ കൊല്ലപ്പെടാനും ഇടയാക്കിയതെന്ന് അന്ന് ഗുജറാത്ത് പൊലീസിന്റെ തലപ്പത്ത് സേവനമനുഷ്ഠിക്കവെ ലോകത്തോട് വിളിച്ചുപറഞ്ഞ ഉദേ്യാഗസ്ഥനാണ് സജ്ജീവ് ഭട്ട്. ഗുജറാത്തില്‍ ഹിന്ദുത്വഭീകരര്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കെ 2002 ഫെബ്രുവരി 27ന് അന്നത്തെ മുഖ്യമന്ത്രി മോഡിയുടെ ഔദേ്യാഗിക വസതിയില്‍ നടന്ന യോഗത്തില്‍ സജ്ജീവ് ഭട്ടും പങ്കെടുത്തിരുന്നു. കലാപം ധൃതിപിടിച്ച് നിയന്ത്രണവിധേയമാക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് യോഗത്തില്‍ മോഡി ഉദേ്യാഗസ്ഥര്‍ക്ക് നല്‍കിയതെന്നാണ് ഭട്ടിന്റെ വെളിപ്പെടുത്തല്‍.
‘ഹിന്ദുക്കള്‍ ഗോഡ്ര കൂട്ടകൊലയിലുള്ള രോഷപ്രകടനം നടത്തുകയാണ്. ഹിന്ദുക്കള്‍ ഒരു പാഠം പഠിക്കട്ടെയെന്നായിരുന്നു’ മോഡി പറഞ്ഞതത്രെ. ഇക്കാര്യങ്ങളെല്ലാം 2011 ഏപ്രില്‍ സജ്ജീവ് ഭട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതേച്ചൊല്ലി വര്‍ഷങ്ങളായി ഗുജറാത്തിലെ സംഘപരിവാര്‍ ഭരണകൂടം അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഈ യോഗത്തില്‍ താന്‍ പങ്കെടുത്തതായും കലാപം അമര്‍ച്ച ചെയ്യരുതെന്ന് മോഡി പറഞ്ഞതായി വ്യാജ മൊഴി നല്‍കാന്‍ സജ്ഞയ് ഭട്ട് തന്നെ നിര്‍ബന്ധിച്ചുവെന്നും കാണിച്ച് ഭട്ടിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന കെ ഡി പാന്ഥ് എന്ന കോണ്‍സ്റ്റബിള്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ 2011ല്‍ ഗുജറാത്ത് പൊലീസ് ഭട്ടിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഭട്ടിനെ കുടുക്കാന്‍ വ്യാജ ഹര്‍ജിയാണ് പാന്ഥെയുടേതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസ് വിധി നരേന്ദ്രമോഡി തെറ്റായി വ്യാഖ്യാനിച്ചപ്പോള്‍ അതിനെതിരെയും സജ്ജീവ് ഭട്ട് ശക്തമായി രംഗത്തുവന്നു. പ്രസ്തുത കേസില്‍ മോഡിക്കെതിരെയും കലാപത്തില്‍ പങ്കാളികളായ ഉദേ്യാഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജിയില്‍ മോഡിക്കെതിരെ നടപടിയെടുക്കാന്‍ വിസമ്മതിക്കുകയും കേസില്‍ തീരുമാനമെടുക്കാനുള്ള അധികാരം മജിസ്‌ട്രേട്ട് കോടതിക്ക് നല്‍കുകയുമായിരുന്നു സുപ്രിംകോടതിവിധി. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും താന്‍ നിരപരാധിയാണെന്നുമാണ് കോടതി വിധിച്ചതെന്നുമായിരുന്നു മോഡിയുടെ വ്യാഖ്യാനം. ഇതിനെതിരെ സജ്ജീവ് ഭട്ട് മോഡിക്കെഴുതിയ തുറന്ന കത്തില്‍ താങ്കള്‍ നിരപരാധിയാണെന്ന് വിധിയില്‍ ഒരിടത്തും പറഞ്ഞിട്ടില്ല, ഇരകള്‍ക്ക് നീതിലഭിക്കുന്നതിനുള്ള ദിശ കാണിച്ചുകൊടുക്കുക മാത്രമാണ് സുപ്രിംകോടതി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ സൈബര്‍വിങ് പടച്ചുവിടുന്ന നുണകളെയും വിദേ്വഷപ്രാരണങ്ങളെയും തുറന്നുകാട്ടാനുള്ള ഭട്ടിന്റെ വിമര്‍ശനങ്ങള്‍ക്ക് നോട്ട് നിരോധനം മുന്നൊരുക്കമില്ലാത്ത ജിഎസ്ടി തുടങ്ങി സര്‍ക്കാരിന്റെ തെറ്റായ നടപടികളെയും വിഷയീഭവിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയെയും ഭട്ട് പരിഹസിച്ചിരുന്നു. ഭട്ടിന്റെ മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍ ബിജെപി സംഘ്പരിവാറിനെയും വല്ലാതെ അലോസരപ്പെടുത്താറുണ്ട്.
സംഘ്പരിവാര്‍ സര്‍ക്കാരുകള്‍ ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാന്‍ സന്നദ്ധതയുള്ളവരെയാണ് ഉദ്യോഗസ്ഥ മേധാവികളായി നിയമിക്കുന്നത്. ഗുജറാത്തില്‍ മോഡി മുഖ്യമന്ത്രിയായി അധികാരമേറ്റതിനെ തുടര്‍ന്ന് നിയമിതനായ എന്‍ കെ അമിന്‍ ടി എ വെരോട്ട് തുടങ്ങിയ മിക്ക പൊലീസ് ഉദേ്യാഗസ്ഥരും ഇത്തരക്കാരായിരുന്നു. ഇവരെ വച്ചാണ് പിന്നീട് സംസ്ഥാനത്ത് വ്യാപകമായി വ്യാജ ഏറ്റുമുട്ടല്‍ തടത്തിയത്. തങ്ങളുടെ വലയില്‍ വീഴാത്ത സത്യസന്ധരായ ഉദേ്യാഗസ്ഥരെ ഏത് വിധേനയും സംഘപരിവാര്‍ നിശബ്ദരാക്കും. മലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹിന്ദു തീവ്രവാദികളാണെന്ന് കണ്ടെത്തുകയും കേസില്‍ സത്യസന്ധമായ നടപടിക്ക് സന്നദ്ധമാവുകയും ചെയ്ത മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ത് കാര്‍ക്കരെയുടെ അനുഭവം മുമ്പിലുണ്ട്. കാര്‍ക്കരെയുടെ മരണത്തിനുത്തരവാദികള്‍ ഹിന്ദുത്വ ഭീകരനാണെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ജനങ്ങളില്‍ നല്ലൊരു പങ്കും. കാര്‍ക്കരക്കെതിരെ നീണ്ട അതേ ഹസ്തങ്ങള്‍ തന്നെയല്ലേ സജ്ജീവ് ഭട്ടിനെ കല്‍ത്തുറങ്കില്‍ തളച്ചിട്ടു നിശബ്ദരാക്കാനും കരുക്കള്‍ നീക്കുന്നതും?