2 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 2, 2024
November 2, 2024
October 22, 2024
October 15, 2024
October 14, 2024
October 13, 2024
October 5, 2024
September 19, 2024
September 5, 2024
July 22, 2024

സഞ്ജു ഹീറോ; കരുത്ത് തെളിയിച്ച് അതിവേഗ സെഞ്ചുറി

Janayugom Webdesk
ഹൈദരാബാദ്
October 13, 2024 10:07 pm

സഞ്ജുവിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ ജയം. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 133 റണ്‍സിനാണ് ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 298 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സഞ്ജുവാണ് കളിയിലെ താരം. വിജയത്തോടെ ബംഗ്ലാദേശിനെതിരായ ടി 20 പരമ്പര ഇന്ത്യ തൂത്തുവാരി. ഹൈദരാബാദില്‍ മാസ്മരിക ഇന്നിങ്ങ്‌സ് കാഴ്ച വെച്ച 40 പന്തില്‍ നിന്നാണ് ടി 20യിലെ തന്റെ ആദ്യ സെഞ്ചുറി നേടിയത്. സഞ്ജു 47 പന്തില്‍ നിന്നും 111 റണ്‍സെടുത്ത് പുറത്തായി. ഓരോവറില്‍ നേടിയ അഞ്ചെണ്ണം അടക്കം എട്ട് സിക്‌സറുകളും 11 ഫോറുകളും അടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്.

22 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി നേടിയ സഞ്ജു 40 പന്തുകളില്‍ നിന്ന് സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ഇന്ത്യയ്ക്കായി ഏറ്റവും വേഗത്തില്‍ ട്വന്റി20 സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും സ്വന്തമാക്കി. 35 പന്തുകളില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ഈ പട്ടികയില്‍ ഒന്നാമത്. 45 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ സൂര്യയുടെ റെക്കോഡാണ് സഞ്ജു തകര്‍ത്തത്. കൂടാതെ ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും സഞ്ജു സ്വന്തം പേരിലാക്കി. റിഷാദ് എറിഞ്ഞ പത്താം ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സറുകള്‍ പറത്തി സഞ്ജു ആരാധകരെ ആവേശത്തിലാഴ്ത്തി.
രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന വെടിക്കെട്ട് കൂട്ടുകെട്ടാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 35 പന്തില്‍നിന്ന് 75 റണ്‍ ആണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നേടിയത്. ഇതിൽ ആറ് സിക്സറുകളും എട്ട് ബൗണ്ടറികളും ഉൾപ്പെടുന്നു. പിന്നാലെയെത്തിയ റിയാന്‍ പരാഗും ഹര്‍ദിക് പാണ്ഡ്യയും വെടിക്കെട്ട് തുടർന്നു. പരാഗ് 13 പന്തില്‍ നിന്ന് 34 റൺസ് നേടി. 18 പന്തില്‍ നിന്ന് 47 റൺസ് വാരിക്കൂട്ടിയ ശേഷമാണ് ഹർദിക് മടങ്ങിയത്. 

മറുപടി ബാറ്റ് ചെയ്ത ബം​ഗ്ലാദേശിന് വേ ണ്ടി 42 പന്തി ൽ 63 റണ്‍സെടുത്ത തൗഹിദ് ഹൃദോയിയാണ് ടോപ് സ്കോറർ. ലിട്ടണ്‍ ദാസ് 25 പന്തില്‍ നിന്ന് 45 റണ്‍സെടുത്തു. മധ്യനിരയിൽ ഒത്തുചേർന്ന ലിറ്റൻ ദാസ്- തൗഹിദ് ഹൃദോയ് കൂട്ടുകെട്ടാണ് ബം​ഗ്ലാദേശ് സ്കോർ 100 കടത്തിയത്. പര്‍വേസ് ഹുസൈന്‍ ഇമോന്‍ (0), ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (14), തന്‍സിദ് ഹസ്സന്‍(15) മെഹ്ദി ഹസന്‍ മിറാസ് (3) എന്നിവരെല്ലാം പരാജയമായി. ഇന്ത്യക്കു വേണ്ടി രവി ബിഷ്‌ണോയ് മൂന്ന് വിക്കറ്റുകള്‍ നേടി. മായങ്ക് യാദവ് രണ്ടും, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് റെഡ്ഡി എന്നിവർ ഓരോ വിക്കറ്റും നേടി.
തനിക്ക് ചിലത് തെളിയിക്കാനുണ്ടായിരുന്നുവെന്നും ടീം നേതൃത്വം നല്ല പിന്തുണ നൽകിയെന്നും സഞ്ജു മത്സരശേഷം പറഞ്ഞു. ബംഗ്ലാദേശിനെതിരെയുള്ള ആദ്യ രണ്ട് ടി20 മത്സരങ്ങളിലെ മോശം പ്രകടനത്തില്‍ ആരാധകരില്‍ നിന്ന് വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു സഞ്‌ജു മൂന്നാം ടി20യ്‌ക്ക് ഇറങ്ങിയത്. അനിവാര്യമായ സമ്മർദവും പരാജയങ്ങളും അതിജീവിക്കാൻ താൻ പഠിച്ചെന്നും സഞ്ജു പറഞ്ഞു. 

പലതും ചെയ്യാൻ സാധിക്കുമായിരുന്നിട്ടും ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ വളരെ നിരാശയുണ്ടാകും. എങ്കിലും വളരെയധികം സമ്മർദ്ദങ്ങളും മത്സര ഭാരവും വരുമ്പോൾ അതിനെ മറികടക്കാൻ എനിക്കറിയാം. ഒരുപാട് പരാജയപ്പെട്ട ആളാണ് ഞാൻ. ചെയ്യുന്ന പ്രവൃത്തിയിൽ ശ്രദ്ധ കൊടുക്കുക എന്നതാണ് ചെയ്യേണ്ടത്. സ്വയം നന്നായി ചെയ്യുമെന്നു ഉൾക്കൊള്ളുക. രാജ്യത്തിനായി കളിക്കുന്നതിന്റെ സമ്മ​ർദ്ദമുണ്ടായിരുന്നു. എനിക്കു ചിലത് തെളിയിക്കാനുണ്ടായിരുന്നു. എങ്കിലും കരുതലോടെയാണ് കളിച്ചത്. സമയം എടുത്തു ഷോട്ടുകൾ കളിക്കാനുള്ള ചിന്തയായിരുന്നുവെന്നും സഞ്ജു പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.