Web Desk

മുംബൈ

February 12, 2021, 8:56 pm

ബിസിസിഐ ഫിറ്റ്നസ് ടെസ്റ്റില്‍ സഞ്ജുവിന് പരാജയം

Janayugom Online

ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റ് രണ്ട് കിലോമീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ ആറു പേർ പരാജയപ്പെട്ടു. സഞ്ജുവിനെ കൂടാതെ ഇഷാന്‍ കിഷന്‍, നിധീഷ് റാണ, രാഹുല്‍ തെവാത്തിയ, സിദ്ധാര്‍ത്ഥ് കൗള്‍, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ക്ക് രണ്ട് കിലോമീറ്റര്‍ ഓട്ടം നിശ്ചയിച്ച സമയത്തിനുള്ള പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. 

എന്നാൽ ബിസിസിഐ പുതിയതായി കൊണ്ടുവന്ന ഫിറ്റ്നസ് ടെസ്റ്റ് ആയതിനാൽ താരങ്ങൾക്ക് രണ്ടാമതൊരു അവസരം കൂടി ലഭിക്കും. ഫിറ്റ്നസ് ടെസ്റ്റിനുള്ള പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇതിലും പരാജയപ്പെട്ടാൽ‌ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന വൈറ്റ് ബോൾ പരമ്പരയിൽ പങ്കെടുക്കാനാകില്ലെന്നാണ് സൂചന. അഞ്ച് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഉൾ‌പ്പെടുന്നതാണ് പരമ്പര. 2018ല്‍ യോയോ ടെസ്റ്റ് പരാജയപ്പെട്ടതാണ് സഞ്ജുവിനും അമ്പാട്ടി റായിഡുവിനും മുഹമ്മദ് ഷമിക്കും ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്. 

പിന്നീട് ടെസ്റ്റ് വിജയിച്ച ശേഷമാണ് ഇവര്‍ക്ക് ടീമില്‍ തിരിച്ചെത്താനായത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു ഇടം പിടിച്ചിരുന്നു. എന്നാല്‍ ലഭിച്ച അവസരങ്ങളെ മുതലാക്കാന്‍ താരത്തിനായില്ല. വിദേശ പര്യടനങ്ങളില്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് കൂടുന്ന സാഹചര്യത്തിലാണ് യോയോ ടെസ്റ്റില്‍ പുതിയ കാര്യങ്ങള്‍ ബിസിസിഐ ഉള്‍പ്പെടുത്തിയത്. ഇത് പ്രകാരം 8.30 സെക്കന്റ് കൊണ്ട് രണ്ട് കിലോമീറ്റര്‍ ദൂരം ഓടിത്തീര്‍ക്കണം. ഫാസ്റ്റ് ബൗളര്‍മാര്‍ ഈ ദൂരം 8.15 സെക്കന്റില്‍ പൂര്‍ത്തിയാക്കണം. സ്പിന്നര്‍മാരും വിക്കറ്റ് കീപ്പര്‍മാരും 8.30 സെക്കന്റ്‌കൊണ്ട് ഓടിത്തീര്‍ത്താല്‍ മതി. 

ENGLISH SUMMARY:Sanju los­es BCCI fit­ness test
You may also like this video