Web Desk

November 01, 2020, 10:37 pm

സഞ്ജു വിജയപാത തെളിക്കുന്നു

Janayugom Online

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ കടുത്ത മത്സരങ്ങളാണ് നടക്കുന്നത്. അട്ടിമറി വിജയം കളികൾക്ക് നിറം പകരുന്നു. മലയാളികളുടെ പ്രതീക്ഷയായ സഞ്ജു സാംസൺ ഇടക്കുണ്ടായ നിരാശമാറ്റി ഊർജ്ജസ്വലത വീണ്ടെടുത്തപ്പോൾ വിജയവഴിയിലെത്തിയത് രാജസ്ഥാനാണ്. ശക്തരായ പഞ്ചാബിനെ വീഴ്ത്തിക്കൊണ്ട് രാജസ്ഥാൻ പ്രതീക്ഷയുണർത്തി. 63 പന്തിൽനിന്ന് 99 റണ്ണെടുത്ത ഗെയിൽ പഞ്ചാബിന്റെ കരുത്തായി മാറിയപ്പോൾ സാവകാശം കളി തുടങ്ങിയ രാജസ്ഥാൻ, മുന്ന് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കളി കയ്യിലാക്കി. സഞ്ജു സാംസൺ 25 പന്തിൽ 48 റണ്ണെടുത്തു.

പക്വതയോടെ ബാറ്റ് വീശിയ സഞ്ജു, മൂന്ന് സിക്സും നാല് ഫോറും അടിച്ചെടുത്തു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സ‍ഞ്ജു ഫോമിലായത് രാജസ്ഥാന്റ വിജയപാതയായി. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ട്വന്റി20 ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയത് ക്രിക്കറ്റ് പ്രേമികൾക്ക് സംതൃപ്തി നൽകുന്നു. മാത്രമല്ല ഇതുവരെ നടന്ന കളികളിൽ ഏറ്റവും കൂടുതൽ സിക്സർ അടിച്ച താരമെന്ന റെക്കോഡും സഞ്ജുവിന്റെ പേരിലാണ്. പതിമൂന്ന് ഇന്നിംഗ്സുകളിൽ 26 പന്തുകളാണ് അടിച്ചുപറത്തിയത്. ട്വന്റി20യിൽ ആയിരം തികച്ച ഗെയിലിനേക്കാളും നിക്കോളാസ് പൂരനേക്കാളും മുന്നിലാണ്. ഈ സീസണിൽ ആദ്യത്തെ രണ്ടു അർദ്ധ സെഞ്ച്വറികൾക്ക് ശേഷം ഇടക്കാലത്ത് മങ്ങിയെങ്കിലും ഇപ്പോൾ രാജസ്ഥാന്റെ വിജയശില്പിയായി. ഐപിഎല്ലിൽ ആദ്യ റൗണ്ടിന് അവസാനമാകുമ്പോൾ ചെന്നൈ മടക്കയാത്രയിലായി. ഒപ്പം പഞ്ചാബും.

മുംബൈ അവസാന നാലിൽ ഒന്നാമനായി. രാജസ്ഥാനും കൊൽക്കത്തയും ഒപ്പത്തിനൊപ്പം. ബംഗളൂരുവും ഡൽഹിയും ഒപ്പത്തിനൊപ്പം. ഹൈദരാബാദിന് റൺ ആവറേജിൽ മുന്നിലെത്താം. പതിമൂന്ന് മത്സരങ്ങളുടെ ഫലമാണിത്. പതിനാലാമത് മത്സരം നാലു ടീമുകൾക്ക് നിർണായകമാണ്.

ENGLISH SUMMARY: San­ju proves successful