മന്ത്രി വി എസ് സുനിൽകുമാർ ഇടപെട്ടു: ശങ്കര ഭട്ടിന്റെ 14000 കിലോഗ്രാം കുമ്പളം നശിച്ചു പോകില്ല

Web Desk

കാസർകോട്

Posted on April 16, 2020, 7:36 pm

വിപണി ഉറപ്പിച്ച് ഇറക്കിയ കുമ്പളം വിളവെടുത്തപ്പോൾ ലോക്ക് ഡൗൺ. 14000 കിലോഗ്രാം കുമ്പളം നശിച്ചുപോകുമെന്ന കർഷകന്റെ ആശങ്കയ്ക്ക് ആശ്വാസമേകി കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ. വിളവെടുത്ത കുമ്പളം നേരിട്ടെത്തി സംഭരിക്കാൻ ഹോർട്ടി കോർപ്പിന് നിർദ്ദേശം നൽകി.
കാസർകോട് ജില്ലയിലെ ബദിയടുക്ക പഞ്ചായത്തിലെ ബൈക്കുഞ്ച ശങ്കര ഭട്ടാണ് നേരത്തെ തന്നെ വിപണി ഉറപ്പിച്ച് കൃഷിയിറക്കിയത്. കഴിഞ്ഞ ദിവസം വിളവെടുത്തപ്പോൾ 14000 കി ഗ്രാം കുമ്പളം ലഭിച്ചു. ഇതെങ്ങനെ വിറ്റഴിക്കാനുകെന്ന ആശങ്കയിലായിരുന്നു ഈ കർഷകൻ. ലോക് ഡൗണിനെ തുടർന്ന് വിപണി കണ്ടെത്താൻ സാധിക്കാതെ പ്രയാസപ്പെടുന്ന ശങ്കര ഭട്ടിനെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ വാർത്തയും ഫോട്ടോയും പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കൃഷിവകുപ്പ് മന്ത്രി നേരിട്ട് നടപടിയെടുക്കുകയായിരുന്നു. ഹോർട്ടികോർപ് വഴി സംഭിക്കാൻ കൃഷിവകുപ്പ് മന്ത്രി വി. എസ് സുനിൽകുമാർ നിർദ്ദേശം നൽകി. പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ സജിനിമോളിന്റെ നേതൃത്വത്തിൽ ശങ്കര ഭട്ടിന്റെ വീട്ടിലെത്തിയാണ് ഈ സന്തോഷവാർത്ത ഇന്നലെ ഉച്ചയോടെ ശങ്കര ഭട്ടിനെ അറിയിച്ചത്.

റബ്ബർ, തെങ്ങ്, കവുങ്ങ്, കുരുമുളക്, ചെറിയ തോതിൽ പച്ചക്കറി കൃഷികൾ നടത്തിവരുന്ന കർഷകനാണ് ശങ്കരഭട്ട്. ആദ്യമായാണ് ഇദ്ദേഹം ഇത്രയും വലിയതോതിൽ കുമ്പളം കൃഷി ചെയ്തത്. ലോക്ക് ഡൗണിനെ തുടർന്ന് വിറ്റഴിക്കാൻ സാധിക്കാത്തതിനാൽ ഇദ്ദേഹം തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഫോട്ടോയും വിവരവും പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് ഒരുപാട് ഷെയർ ചെയ്യുകയും മന്ത്രിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഇന്നലെ ഉച്ചയോടെ മന്ത്രി വി എസ് സുനിൽകുമാർ ശങ്കരഭട്ടിനെ നേരിട്ട് വിളിക്കുകയും കുമ്പളം ശേഖരിക്കാൻ ഹോർട്ടികോർപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. കിലോയ്ക്ക് 17 രൂപ നിരക്കിലാണ് ഹോർട്ടികോർപ്പ് ശേഖരിക്കുന്നത്. മന്ത്രിയുടെ ഇടപെടലുംനേരിട്ടുള്ള ഫോൺവിളിയും തന്നെ പോലുള്ള കർഷകർക്ക് ധൈര്യത്തോടെ കൃഷിനടത്താനുള്ള പ്രചോദനം നൽകുന്നുണ്ടെന്ന് ശങ്കരഭട്ട് പറഞ്ഞു. അടുത്ത വർഷം ഇതിൽ കൂടുതൽ കുമ്പളം കൃഷി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

you may also like this video