Web Desk

കായംകുളം

June 18, 2020, 8:09 pm

“സന്മ“നസുള്ളവര്‍ക്കായി

Janayugom Online
ഡോ.എം എച്ച് രമേശ്കുമാര്‍ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു

ലോക്ഡൗണ്‍ കാലം വിരസതയുടെയും ഒറ്റപ്പെടലിന്റെയും കാലം മാത്രമല്ല, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുടെതു കൂടിയാണെന്ന് തെളിയിക്കുകയാണ് കായംകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സന്‍മ എന്ന കൂട്ടായ്മ. സന്മ എന്ന സന്മനസുള്ളവരുടെ സംഘം എന്നു മാത്രമല്ല സോഷ്യല്‍ ആക്ടിവിസ്റ്റ് നോബളസ്റ്റ് മൂവ്മെന്റ് ആന്‍ഡ് അസോസിയേഷന്‍ എന്ന് കൂടിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുക, കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉല്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനും നേതൃത്വം നല്‍കുക, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ലഹരിക്കെതിരായ ബോധവത്ക്കരണം,സ്ത്രീപുരുഷ സമത്വത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടനയുടെ ലക്ഷ്യങ്ങളില്‍ ചിലതാണ്.

ഒരു സുഹൃത്തിന് സംഭവിച്ച അപകടവും തുടര്‍ന്ന് അദ്ദേഹത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമാണ് ഇത്തരമൊരു കൂട്ടായ്മയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കളില്‍ നിന്നായി സമാഹരിച്ച അന്‍പതിനായിരം രൂപ അദ്ദേഹത്തിന് കൈമാറി.

കാര്‍ഷികമേഖലയില്‍ നല്ലൊരു ചുവട് വയ്പിന് തുടക്കം കുറിക്കാനും സംഘടനയ്ക്ക് കഴി‍ഞ്ഞു. സംഘടനയുടെ പ്രസിഡന്റ് കൂടിയായ എറണാകുളം മഹാരാജാസ് കോളജ് അധ്യാപകന്‍ ഡോ. എം. എച്ച്. രമേശ്കുമാറിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം സ്ഥലത്ത് വിവിധ ഇനം ഉല്പന്നങ്ങള്‍ കൃഷി ചെയ്യാന്‍ ആരംഭിച്ചു. ചേന, ചേമ്പ്, കാച്ചില്‍, ചീനി, വാഴ എന്നിങ്ങനെ ആയിരത്തോളം വിത്തുകള്‍ സംഭരിച്ച് നട്ടുകഴിഞ്ഞു. മറ്റ് രണ്ട് മൂന്നിടങ്ങളിലായി കൃഷി തുടങ്ങുന്നതിനുള്ള ശ്രമത്തിലാണ് സംഘാടകര്‍.

ജൂണ്‍ മാസാരംഭത്തോടെ വിദ്യാഭ്യാസ കൗണ്‍സിലിങിന് വ്യത്യസ്തമായ രീതിയില്‍ തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ്. പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നല്ലൊരു വിഭാഗവും തെറ്റായ കോഴ്സ് തെരഞ്ഞെടുക്കുന്നത് മൂലം തുടര്‍ന്ന് പഠനത്തില്‍ താത്പര്യം നഷ്ടമാകുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണുള്ളത്. ഇതിന് പരിഹാരമായി സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, വൊക്കേഷണല്‍ കോഴ്സ് അധ്യാപകരുടെ സഹായത്തോടെ പഠന മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതിന് സംഘടന ഉദ്ദേശിക്കുന്നു. ഓരോ വിഭാഗത്തിലും വിദ്യാര്‍ത്ഥികളുടെ കഴിവ് പരിശോധിച്ച് സാധ്യതകള്‍ പറഞ്ഞ് മനസിലാക്കിയുള്ള സഹായമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

തുടര്‍ന്ന് ഓരോ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കൊണ്ടുള്ള കൃഷി ക്ലബ്ബുകള്‍, ലഹരിക്കെതിരായ ബോധവത്ക്കരണം, പണിതീരാതെ കിടക്കുന്ന വീടുകളുടെ പൂര്‍ത്തീകരണം എന്നിവയും ഭാവി പരിപാടികളില്‍ പെടുന്നു. പി എസ് ലാജി സെക്രട്ടറിയും ഡോ. എം.എച്ച് രമേശ്കുമാര്‍ പ്രസിഡന്റായുമുള്ള ഏഴംഗ ഭരണസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നിന്നു കിട്ടുന്ന ലാഭവും അംഗങ്ങളില്‍ നിന്നുള്ള മാസവരിയും ഉപയോഗിച്ച് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുമെന്നും നിരാംലബര്‍ക്ക് സഹായം നല്‍കാന്‍ കഴിയുമെന്നും സന്‍മയുടെ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. ജൂണ്‍മാസത്തില്‍ ആരംഭിച്ച മഴയെ കിണറുകളിലേക്ക് ഒഴുക്കി മഴവെള്ളം സംഭരിക്കുന്ന പ്രവര്‍ത്തനത്തിലൂടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം സംഘടിപ്പിക്കാനും സന്‍മ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ പ്രാരംഭമായി സംഘടനയുടെ പ്രസിഡന്റിന്റെ വീട്ടില്‍ തന്നെ കിണര്‍ റീചാര്‍ജിങ് തുടങ്ങിക്കഴിഞ്ഞു.

eng­lish sum­ma­ry: SANMA: A dif­fer­ent social serv­ing team

you may also like this video: