Thursday
27 Jun 2019

ശാന്തിവനം ഉള്‍പ്പെടെ പരിസ്ഥിതി സംരക്ഷിക്കണം: യുവകലാ സാഹിതി

By: Web Desk | Saturday 18 May 2019 8:09 PM IST


തൃശൂര്‍: എറണാകുളം ജില്ലയിലെ ശാന്തിവനം, കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുമല, കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമം ഉള്‍പ്പെടെ കേരളത്തിന്റെ അവശേഷിക്കുന്ന പ്രകൃതിസമ്പത്ത് മുഴുവന്‍ സംരക്ഷിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറല്‍ സെക്രട്ടറി ഇ എം സതീശനും കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രകൃതിയും പരിസ്ഥിതിയും നശിപ്പിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത്. പരിസ്ഥിതിക്കിണങ്ങുന്ന വികസനനയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്നത്. അതുകൊണ്ടാണ് പുരോഗമനകാഴ്ചപ്പാട് മുന്നോട്ടുവെക്കുന്ന എഴുത്തുകാരും കലാകാരന്മാരും എല്‍ ഡി എഫ് സര്‍ക്കാരിന് പിന്തുണ നല്‍കുന്നത്. നൂറ്റാണ്ടുകളായി സ്വകാര്യകുടുംബം സംരക്ഷിച്ചു പോരുന്ന ശാന്തിവനമെന്ന പച്ചത്തുരുത്ത് വെട്ടിനശിപ്പിക്കാന്‍ ആരെയും സര്‍ക്കാര്‍ അനുവദിക്കരുത്.
പരിസ്ഥിതിലോല പ്രദശങ്ങളായ കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമവും കോഴിക്കോട് ജില്ലയില്‍ ഖനനഭീഷണി നേരിടുന്ന കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോട്ടുമലയും സര്‍വനാശത്തില്‍ നിന്ന് സംരക്ഷിക്കപ്പെടണം. ഒരു നൂറ്റാണ്ടിനിടയില്‍ കേരളത്തിലുണ്ടായ ഏറ്റവും ശക്തമായ പ്രളയത്തിന് കാരണമായത് അനിയന്ത്രിതമായ പ്രകൃതി നശീകരണ പ്രവര്‍ത്തനങ്ങളാണെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാരിസ്ഥിതിക അവബോധമുയര്‍ത്തിപ്പിടിക്കുന്ന ഇടതുസര്‍ക്കാര്‍ ശാന്തിവനവും ആലപ്പാടും ചെങ്ങോട്ടുമലയും സംരക്ഷിക്കാനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ശരിയായ പരിഹാരം കാണാനും തയ്യാറാവണമെന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി കേരള സര്‍ക്കാരിനോട് ആവശ്യപ്പട്ടു.

you may also like this: