Web Desk

March 23, 2020, 3:41 pm

കൊവിഡ്19; മലയാളികളുടെ ‘ഈ ആശങ്ക’ ഗുണകരമാകുമെന്ന് സന്തോഷ് ജോർജ് കുളങ്ങര

Janayugom Online

വ്യത്യസ്തമായ ആൾക്കാരെയും അവരുടെ ജീവിതരീതിയെയും ഏറെ അടുത്തറിയുന്ന സഞ്ചാരിയാണ് സന്തോഷ് ജോർജ് കുളങ്ങര. ലോകത്തെല്ലായിടത്തും സഞ്ചരിച്ച് അവിടുത്തെ കാഴ്ചകളും വിശേഷങ്ങളും മറ്റുള്ളവർക്കും കൂടി പരിചയപ്പെടുത്തുന്ന സന്തോഷ് മലയാളികൾക്ക് ഏറെ സുപരിചിതമായ വ്യക്തി കൂടിയാണ്. എന്നാൽ ലോകം മുഴുവൻ കീഴടക്കി കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ തന്റെ യാത്രയൊക്കെ മാറ്റി വെച്ച് കോട്ടയത്തെ വീട്ടിൽ സുരക്ഷിതനാണ് അദ്ദേഹം. മാർച്ച് അഞ്ചാം തീയതി ലാറ്റിൻ അമേരിക്കയിൽ സഞ്ചാരം ആരംഭിച്ച അദ്ദേഹം മാർച്ച് 11നാണ് നാട്ടിലേയ്ക്ക് മടങ്ങിയെത്തിയത്.

ലോകം കണ്ട് പരിചയമുള്ള ഒരാളെന്ന നിലയിൽ ഒരു മഹാവ്യാധിയെ പാശ്ചാത്യരും കേരളീയരും നേരിടുന്നത് തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറയുന്നു. കൊച്ചി അബുദാബി എന്നിവിടങ്ങളിൽ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും നടക്കുന്ന ജനങ്ങളെയാണ് കാണാൻ കഴി‍ഞ്ഞതെന്നും എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ മനോഭാവമുള്ള ജനതയാണ് മെക്സിക്കോയിലുള്ളതെന്നും സന്തോഷ് പറയുന്നു. ജാഗ്രതയില്ലാതെ ഇതൊന്നും ഞങ്ങൾക്കുണ്ടാവില്ല എന്ന മനോഭാവത്തിലാണ് അവർ സഞ്ചരിക്കുന്നത്. പലപ്പോഴും ദോഷമാണെന്ന് കരുതിയിരുന്ന മലയാളികളുടെ പൊതു സ്വഭാവമാണ് എന്തിനെയും ഏതിനെയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുക എന്നത്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ മലയാളിയുടെ ഈ മനോഭാവം ഏറെ ഗുണകരമാണ്. ദുരന്തങ്ങളെ ഒറ്റക്കെട്ടോടെയും ഒറ്റ മനസ്സോടെയും നേരിടാനുള്ള മലയാളികളുടെ രീതി പാശ്ചാത്യർ കണ്ട് പഠിക്കേണ്ടത് തന്നെയാണ്.

you may also like this video;

മഹാമാരികളെ നേരിട്ട് ശീലമുള്ളവരാണ് യൂറോപ്പുകാർ. അതുകൊണ്ടു തന്നെ അതിജീവന മനനോഭാവം അവർക്ക് കൂടുതലാണ്. അവരുടെ ജീവിത രീതിയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ കൊറോണ കാരണം ഉണ്ടാവില്ല. എന്നാൽ ഇനി വരുന്ന അവരുടെ പാഠ്യ പദ്ധിതിലും എല്ലാം ബോധവൽക്കരണം ഉണ്ടാകും. നിയമ സംവിധാനങ്ങളിലൊക്കെ മാറ്റങ്ങൾ സംഭവിക്കാം. കൊറോണ എന്ന മാരക വൈറസ് തുടച്ചു നീക്കപ്പെട്ടതിനു ശേഷം ഇറ്റലിയിലേയ്ക്ക് അടുത്ത യാത്ര നടത്തുണ്ടെന്നും കൊറോണയെ അവിടുള്ള ജനങ്ങൾ എങ്ങനെയാണ് അതിജീവിച്ചത് എന്ന് കണ്ടറിയുവാൻ ആഗ്രഹം ഉണ്ടെന്നും സന്തോഷ് പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങൾ വിദേശികളെ പരിഭ്രാന്തിയോടയാണ് കാണുന്നത്. ഇത് ഒരു തെറ്റായ പ്രവണതയാണ്. കേരളത്തിന്റെ പ്രത്യേകതകൾ അറിഞ്ഞ് ഇവിടം ഇഷ്ടപ്പെട്ട് എത്തുന്നവരാണ് അവർ. നമ്മുടെ പ്രിയപ്പെട്ടവർ അന്യരാജ്യങ്ങളി‍ൽ ഉണ്ടെന്നുള്ള കാര്യം മനസ്സിലാക്കി കേരളത്തെ വിശ്വസിച്ചു വന്ന അവരോട് ആരോഗ്യ മാർഗ്ഗ നവിർദ്ദേശങ്ങൾ പാലിക്കണമെന്ന് പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടതെന്നും സന്തോഷ് ജോർജ് കുളങ്ങര കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: San­thosh George Kulan­gara safe in his home at kottayam.