25 April 2024, Thursday

സാന്റിയാഗോയും മാർലിനും മനോലിനും പിന്നെ ഹെമിങ്വേയും

ജോയ് നായരമ്പലം
September 25, 2022 7:35 am

‘ഠേ‘തോക്കില്‍ നിന്ന് നിറയുതിർന്നതും അയാൾ നിലത്തേക്കു വീണതും ഒപ്പം. വല്ലാത്തൊരു സ്വയംഹത്യ. ആ മനുഷ്യൻ അതിനുമുൻപേ മൂന്നുതവണ പിസ്റ്റൾ വായിലേക്കു വച്ചു വെടിപൊട്ടിക്കാൻ തീരുമാനിച്ചതായിരുന്നു. പക്ഷേ, സാധിച്ചില്ല. ആ പിസ്റ്റൾ മുത്തച്ഛന്റേതായിരുന്നു. മുത്തച്ഛനിൽ നിന്നും അദ്ദേഹത്തിന്റെ മകനു കിട്ടി. ആ മകനിൽ നിന്നും അയാൾക്കും. മുത്തച്ഛനും മകനും ആ പിസ്റ്റൾ കൊണ്ടുതന്നെ ജീവിതം ഒടുക്കിയവരായിരുന്നു. അങ്ങനെ ഒരാത്മഹത്യാപ്രവണത അയാളുടെ കുടുംബത്തുണ്ടായിരുന്നു. അയാൾ ആത്മഹത്യയിലൂടെ നേടിയത് എന്തെന്നില്ലാത്ത ഒരു സാഹസികതയായിരുന്നു. സാഹസികതയും ഉല്ലാസവും മിശ്രിതമാക്കി എന്തിനും പോന്നവനുമായ അയാൾ നിസാരക്കാരനായിരുന്നില്ല. ലോകസാഹിത്യത്തിന്റെ നെറുകയിൽ കയറിനിന്ന നൊബേൽ പ്രെെസ് ജേതാവായ ഏണസ്റ്റ് ഹെമിങ്വേ എന്ന അമേരിക്കൻ എഴുത്തുകാരൻ. 1899ൽ ജനിച്ച് 1961ൽ മരിക്കുന്നതിനു മുൻപ് ധാരാളം എഴുതിക്കൂട്ടിയില്ലെങ്കിലും എഴുതിയതെല്ലാം ആത്മബലവും മൂർച്ഛയുള്ളതുമായിരുന്നു. 1918ൽ ഇറ്റാലിയൻ യുദ്ധമുന്നണിയിൽ പട്ടാളക്കാരനായിരുന്നു. സ്പാനിഷ് സിവിൽ‍വാറിലും പങ്കെടുത്തിട്ടുണ്ട്. ആ യുദ്ധത്തിന്റെ അനുഭവങ്ങൾ അടുക്കിയെടുത്ത കൃതിയായിരുന്നു ‘ഫോർ ഹും ദ ബെൽ ടോൾസ്.’ പിന്നീടുള്ള ഏറിയ കാലവും ഹെമിങ്വേ കഴിച്ചുകൂട്ടിയത് ക്യൂബയിലായിരുന്നു. അവിടെ വച്ചായിരുന്നു ആഴക്കടൽ മീൻപിടിത്തം ഒരാവേശമായതും, ചില മുക്കുവരുമായി ഇടപെട്ടതും അതിസാഹസികമായി ഒരു നോവലിനു ജന്മംകൊടുത്തതും. ‘ദ ഓൾഡ് മാൻ ആന്റ് ദ സീ’ കിഴവനും കടലും. പ്രകൃതിക്ക് എതിരെയുള്ള മനുഷ്യന്റെ നിഗൂഢവും നിബിഢവുമായ പോരാട്ടത്തിന്റെ അവസ്ഥ ഹെമിങ്വേ തന്റെ നോവലിലെ സാന്റിയാഗോ എന്ന കഥാപാത്രത്തിലൂടെ വരച്ചുകാണിക്കുമ്പോൾ, ആ കഥാപാത്രം ലോകസാഹിത്യത്തിൽത്തന്നെ അനശ്വരമായി നിലകൊള്ളുന്നു. കരീബിയൻ കടപ്പുറത്തെ കിഴവൻ മുക്കുവനിലൂടെ ഹെമിങ്വേ തന്നെ സ്വയം അവതരിപ്പിച്ചിരിക്കുകയാണ് നോവലിൽ. സാഹസികതയോടുള്ള വേദാന്തങ്ങളും വിധിയോടുള്ള വെല്ലുവിളികളും… അവയിൽ നിറഞ്ഞാടിയ വ്യക്തിത്വമായിരുന്നല്ലോ ആ എഴുത്തുകാരന്റേതും. മധ്യവയസ്കനായപ്പോൾ തന്നെ മദ്യം നിരന്തരമായി മോന്തുന്നതും, പതറാതിരുന്നതുമൊക്കെ മറ്റൊരു സാഹസികത. എൺപത്തിനാല് ദിവസത്തോളം മെഡിറ്ററേനിയൻ കടലിന്റെ ഓളപ്പരപ്പിലൂടെ നിരന്തരമായി തന്റെ വഞ്ചിയും തുഴഞ്ഞ് വല്ലാത്തൊരു ചൂടും തണുപ്പുമേറ്റ് മത്സ്യവേട്ടക്കിറങ്ങിയ സാന്റിയാഗോ അന്ന് ആഗ്രഹിച്ചത് കുറേയധികം മത്സ്യം പിടിക്കാനല്ല. ഒരു വമ്പൻ മത്സ്യം തന്റെ ചൂണ്ടയിൽ കുരുങ്ങണം. അങ്ങനെ കുരുങ്ങിയതോ തന്നേക്കാൾ വലിയ മത്സ്യമായ മാർലിൻ. തന്റെ യഥാർത്ഥ സ്വഭാവം തന്നെക്കാൾ വലിയ മത്സ്യത്തെ ഒന്നു കാണിച്ചുകൊടുക്കണമല്ലോ. മാർലിൻ മത്സ്യവുമായി മല്ലിടുന്ന കിഴവന്റെ ഓർമ്മകൾ പൊടുന്നനെ തന്റെ യൗവനത്തിന്റെ നട്ടുച്ചയിലേക്ക് ഉഷ്ണിച്ചുകയറി. അന്ന്, കാസബ്ലാങ്കയിലെ സത്രത്തിൽ വച്ചുണ്ടായ ആ പഞ്ചഗുസ്തി മത്സരം. ഒരു പകലും രാത്രിയും ആ മത്സരം നീണ്ടുനിന്നു. ഓരോ നാല് മണിക്കൂറിലും റഫറിയെ മാറ്റിക്കൊണ്ടിരുന്നു. സാന്റിയാഗോയുടെയും എതിരാളിയുടെയും കെെകളിൽ നിന്നും രക്തം പൊടിഞ്ഞുകൊണ്ടേയിരുന്നു. ഒടുവിൽ എതിരാളി ജയിക്കും എന്നായപ്പോൾ അയാളുടെ കെെ മേശയോട് ചേർത്തുവച്ച് അമർത്തിക്കൊണ്ട് ബലാബലം പ്രകടിപ്പിച്ച് വിജയിച്ചു. മാർലിൻ ഒന്നു പൊന്തിവന്നിരുന്നെങ്കിൽ… ഒന്നു മുഖാമുഖം കണ്ടിരുന്നെങ്കിൽ… അവനുമായി നേരിട്ടൊന്നു സംവദിക്കാമായിരുന്നു. പിടഞ്ഞു പിടഞ്ഞു മുന്നോട്ടടുക്കുന്ന അവന്റെ സഞ്ചാരത്തിനനുസരിച്ച് കിഴവൻ ചൂണ്ടവള്ളി അയച്ചുവിട്ടുകൊണ്ടിരുന്നു. ചെറുമീനുകൾ നുറുക്കി നുറുക്കി മാർലിന് തിന്നാൻ ഇട്ടുകൊടുത്തിരിക്കുന്നു. വല്ലപ്പോഴുമൊക്കെ തന്റെ സഹായിയായി വരാറുള്ള ആ മനോലിൻ എന്ന ചെറുക്കൻ കൂടെ ഉണ്ടായിരുന്നെങ്കിലോ എന്നു സാന്റിയാഗോ അപ്പോൾ ഓർത്തുപോയി. ഒട്ടേറെ നാളായി മീൻ പിടിക്കാൻ ഇറങ്ങിത്തിരിച്ചിട്ടും നിർഭാഗ്യമാണ് കൂടെപോരുന്നത്. അതുകൊണ്ടുതന്നെയാണ് മനോലിന്റെ മാതാപിതാക്കൾ മകനെ മറ്റു മുക്കുവരുടെ കൂടെ വിട്ടത്. ചില നേരത്ത് അയാൾ താൻ ഒരിക്കൽ കണ്ട ആ സ്വപ്നത്തെ ഒന്നോർത്തെടുക്കും. അത് അയഥാർത്ഥമാണെങ്കിലും യഥാർത്ഥമാണെന്ന് തോന്നിപ്പോകുന്നു. ആഫ്രിക്കൻ വനാന്തരങ്ങളിലെ സിംഹഗർജനം. കടൽത്തീരങ്ങളിലെ വൻ തിരക്കൂട്ടങ്ങൾ. കറുകറുത്ത ഇരുളിമവീണ ദിക്കുകൾ. എല്ലാം ആ മുക്കുവനെ മത്സ്യവേട്ടയ്ക്കുള്ള ഊർജസന്നാഹങ്ങളായി തീർത്തിരുന്നു. തന്റെ വാർധക്യം മറന്നേ പോകുന്ന നിമിഷാർധങ്ങൾ. അതാ മാർലിൻ പെട്ടെന്ന് ഉയർന്നുവന്നു. താഴ്ന്നും ഉയർന്നും തന്നെ ഇളിഭ്യനാക്കുന്നു. മാർലിൻ, നിന്നെ എനിക്കിഷ്ടമാണെങ്കിലും നീ എന്റെ ഇരയല്ലേ… നിന്നെ ഞാൻ ഏതു നേരവും കരയ്ക്കു കൊണ്ടുപോകും. ചാട്ടുളി എടുത്ത് സാന്റിയാഗോ തക്കം നോക്കി അതിന്റെ നെഞ്ചിൻകൂടിനൊരിടി. അവന്റെ ഓട്ടവേഗം കുറഞ്ഞു. അവൻ പാതി കീഴടങ്ങിയതായി കണ്ടപ്പോൾ കയറുകൊണ്ട് ചെകിളയിലൂടെ വഞ്ചിയിൽ ബലമായി ബന്ധിച്ചു. ശരീരം തളർന്നെങ്കിലും, മാർലിന്റെ ശക്തിയെ ചോർത്തിയപ്പോൾ സാന്റിയാഗോയ്ക്ക് ശക്തിയായി. ഇനി ഏതുവിധേനെയെങ്കിലും, കടലൊഴുക്ക് എതിരാണെങ്കിലും കരയിലേക്ക് തുഴയണം. പൊടുന്നനെ ദൂരെ നിന്ന് ഒരുഗ്രൻ സ്രാവ് ഓടിയൊഴുകി എത്തുന്നു. അപ്രതീക്ഷിതവും അവിശ്വസനീയതയും. ആ ഭീകരൻ മാർലിനെ കടിച്ച് ഏറെ പൗണ്ട് മാംസം അകത്താക്കി. സ്രാവിനെ ചാട്ടുളികൊണ്ട് ഓടിക്കാൻ ശ്രമിച്ചതോടെ ചോരമണം പിടിച്ച് എങ്ങുനിന്നോ ഓടിവരുന്നു പിന്നെയും കൊമ്പൻ സ്രാവുകൾ. വിയർത്തും വിഷമിച്ചും ഒരു കണക്കിനു വഞ്ചിയുമായി കരയ്ക്കെത്തിയപ്പോൾ സാന്റിയാഗോയ്ക്ക് കിട്ടിയത് മാർലിന്റെ തലയും അസ്ഥികൂടവും. മണൽപ്പരപ്പിലൂടെ തന്റെ പണിയായുധവും മറ്റൊരുദിനം കടലിലേക്ക് പോകാമെന്നും നിനച്ച് സാന്റിയാഗോ നടന്നുനീങ്ങി. മനുഷ്യജീവിതം നിരന്തരപോരാട്ടമാണെന്നും, അതിൽ പങ്കെടുക്കണമെന്നും അവസാനം വരെ പൊരുതണമെന്നുമുള്ള ഹെമിങ്വേയുടെ തന്നെ കാഴ്ചപ്പാടായിരുന്നല്ലോ ആ കരീബിയൻ മുക്കുവൻ സാന്റിയാഗോയുടേയും. ഒരിക്കൽ കുറേ വിദ്യാർത്ഥികൾ ഹെമിങ്വേയോട് ചോദിച്ചു. അങ്ങനെ ഒരു കിഴവൻ സാന്റിയാഗോ അനുഭവത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന്. ഇതുപോലൊരു കിഴവൻ, ഇത്തരമൊരു ചുറ്റുപാടിൽ ചെന്നുപെട്ടിട്ടുണ്ട് എന്ന് ഹെമിങ്വേ അവർക്ക് ഉത്തരം കൊടുത്തു. അതുകൊണ്ട് ഒട്ടേറെ നാളായി തനിക്കറിയാവുന്ന ഒരാളെ സാന്റിയാഗോയിൽ പ്രതിഷ്ഠിച്ച് കിഴവനും കടലും എഴുതിത്തീർത്തു എന്ന്. നോവൽരചനയും അതിന്റെ പ്രസിദ്ധീകരണവും കഴിഞ്ഞ്, പലരുടെയും വായനാനുഭവങ്ങളും കഴിഞ്ഞ് പുസ്തകത്തിനു നൊബേൽ സമ്മാനം കിട്ടിയപ്പോൾ വീണ്ടും നാടകീയത. അത്രകണ്ട് പ്രശസ്തനല്ലെങ്കിലും ഒരെഴുത്തുകാരൻതോമസ് വുൾഫ്രംഗത്തെത്തി. കോടതിവരെ എത്തിയ കേസ്. കിഴവനും കടലും എഴുതുന്നതിനുള്ള വിവരങ്ങളും മറ്റും താനാണത്രേ കൊടുത്തത്. നൊബേൽ പ്രെെസ് വരെ കിട്ടിയ സ്ഥിതിക്ക് തനിക്ക് ഒരു മോട്ടോർ ബോട്ടും വസ്ത്രങ്ങളും സമ്മാനമായി തരണം. അത് അന്ന് ഹെമിങ്വേ വാഗ്ദാനം ചെയ്തിരുന്നതാണ്. പക്ഷെ, വാദിക്ക് അതൊക്കെ കിട്ടിയോ, ആവോ? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.