June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

സന്തോഷ് ട്രോഫി ഫുട്ബോള്‍ കലാശപ്പോര് ഇന്ന്

By Janayugom Webdesk
May 2, 2022

75 വര്‍ഷം പഴക്കമുള്ള സന്തോഷ് ട്രോഫി ഫുട്ബോളിന്റെ കലാശക്കളിയില്‍ രാജ്യത്തെ രണ്ട് ഫുട്ബോള്‍ പവര്‍ഹൗസുകള്‍ തമ്മില്‍ പൊരുതുമ്പോള്‍ ഫലം പ്രവചനാതീതം. മികച്ച സ്ക്വാഡിനൊപ്പം ഗ്യാലറിയും ചേരുമ്പോള്‍ കേരളം ആര്‍ത്തിരമ്പും.
പരമ്പരാഗത ഫുട്ബോള്‍ കരുത്തരായ ബംഗാള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കേരളത്തിനെതിരെ പോരിനിറങ്ങുന്നത്. വിജയത്തെ കുറിച്ച് ഇരുടീമുകളും അവകാശവാദവുമായി രംഗത്ത് എത്തിയതോടെ ഇഞ്ചോട് ഇഞ്ച് ബലപരീക്ഷണത്തിനാവും പയ്യനാട് സ്റ്റേഡിയം സാക്ഷിയാവുക. 2018ല്‍ സ്വന്തം കാണികളുടെ മുമ്പില്‍ നിന്നും കേരളം കപ്പ് നേടുമ്പോള്‍ പരാജിതരായി വിതുമ്പിയ ബംഗാളിന് ഇത് മധുര പ്രതികാരത്തിനുള്ള അവസരമാണ്. കേരളത്തിന്റെ മണ്ണില്‍ ഫൈനലില്‍ പരാജയപ്പെടുത്തി കപ്പ് നേടുകയെന്ന നേട്ടം സ്വപ്നം കാണുകയാണ് ബംഗാള്‍. അതേസമയം എന്ത് വിലകൊടുത്തും ആരാധകര്‍ക്ക് പെരുന്നാള്‍ സമ്മാനവുമായി സന്തോഷ് ട്രോഫി കിരീടം നല്‍കുകയെന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് കേരളം കളത്തിലെത്തുന്നത്.

സെമിയില്‍ കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം ഫൈനലിന് യോഗ്യത നേടിയത്. ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വി അറിയാതെയാണ് കേരളത്തിന്റെ മുന്നേറ്റം. അറ്റാക്കിങ് തന്നെയാണ് ടീമിന്റെ ശക്തി. ഏതൊരു പ്രതിരോധ നിരയെയും കീറിമുറിക്കാന്‍ കഴിവുള്ള അറ്റാക്കിങ് നിരയാണ് കേരളത്തിനുള്ളത്. ക്യാപ്റ്റന്‍ ജിജോ ജോസഫും അര്‍ജുന്‍ ജയരാജും അണിനിരക്കുന്ന മധ്യനിര ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചതാണ്. സൂപ്പര്‍ സബുകളായ ജെസിനും നൗഫലുമാണ് ടീമിന്റെ മറ്റൊരു ശക്തി.
സെമിയില്‍ 30-ാം മിനുട്ടില്‍ പകരക്കാരനായി എത്തി അഞ്ച് ഗോള്‍ നേടിയ ജെസിന്‍ വിഘ്നേഷിന് പകരം ആദ്യ ഇലവനില്‍ എത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ ടീമില്‍ ഒരു വലിയ അഴിച്ചു പണിക്ക് സാധ്യത കാണുന്നില്ല. പ്രതീക്ഷക്കൊത്ത് പ്രതിരോധം ഉയരുന്നില്ല എന്നാണ് ടീമിന്റെ തലവേദന. ടീം ഇതുവരെ ആറ് ഗോളുകളാണ് വഴങ്ങിയത്. സെമിയില്‍ കരുത്തരായ മണിപുരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് വെസ്റ്റ് ബംഗാള്‍ ഫൈനലിന് യോഗ്യത നേടിയത്. അറ്റാക്കിങ് തന്നെയാണ് ടീമിന്റെയും പ്രധാന ശക്തി.

ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തോട് രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടതിന് ശേഷം ബംഗാള്‍ മികച്ച പ്രകടനമാണ് ചാമ്പ്യന്‍ഷിപ്പില്‍ കാഴ്ചവെച്ചത്. ഒരോ മത്സരം കഴിയുംതോറും ടീമിന്റെ ഫോം വര്‍ധിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. മധ്യനിരയില്‍ നിന്ന് ഇരുവിങ്ങുകള്‍ വഴി അറ്റാക്കിങ് നടത്തലാണ് ടീമിന്റെ സ്റ്റൈല്‍. സ്‌ട്രൈക്കര്‍മാരായ ഫര്‍ദിന്‍ അലി മൊല്ലയും ദിലീപ് ഓര്‍വനും മികച്ച ഫോമിലാണ്. കേരളം ബംഗാള്‍ ഫൈനല്‍ കടുപ്പമേറിയ മത്സരമായിരിക്കുമെന്ന് ബംഗാള്‍ പരിശീലകന്‍ രഞ്ജന്‍ ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു.
മത്സരത്തില്‍ ഹാഫ് ചാന്‍സുകള്‍ മുതലാക്കുന്നവര്‍ക്ക് കപ്പടിക്കാന്‍ കഴിയും കേരളത്തിന്റെയും ബംഗാളിന്റെയും ശൈലി ഒരേപോലെയാണ്. കേരളാ പരിശീലകന്‍ ബിനോ ജോര്‍ജ് അടുത്ത സുഹൃത്താണ് പക്ഷെ ഫൈനലിലെ 90 മിനുട്ടില്‍ അദ്ദേഹം എന്റെ ശത്രുവാണെന്നും ഭട്ടാചാര്യ പറഞ്ഞു. മലപ്പുറത്തെ ആരാധകര്‍ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് തലത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബംഗാള്‍ പരാജയപ്പെട്ടെങ്കിലും കളിയില്‍ ഒപ്പത്തിനൊപ്പമായിരും അദ്ദേഹം പറഞ്ഞു. സെമിയില്‍ കേരളത്തിനെതിരെ കര്‍ണാടക മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും ബംഗാള്‍ പരിശീലകന്‍ കൂട്ടിചേര്‍ത്തു.
ആക്രമിച്ച് കളിക്കുകയാണ് കേരളത്തിന്റെ ശൈലി അതില്‍ മാറ്റം ഉണ്ടാകില്ല. കീരീടമാണ് ലക്ഷ്യം അതുകൊണ്ട് ഫൈനല്‍ ഒരു ഡൂ ഓര്‍ ഡൈ മത്സരമായിരിക്കുമെന്ന് കേരളാ പരിശീലകന്‍ ബിനോ ജോര്‍ജ് പറഞ്ഞു. അര്‍ജ്ജുന്‍ ജയരാജ്, അജയ് അലക്‌സ്, ജെസിന്‍ എന്നിവര്‍ക്ക് ചെറിയ പരിക്കുണ്ട്. അതൊന്നും മത്സരത്തെ ബാധിക്കില്ല. കര്‍ണാടകയ്ക്ക് എതിരെ വരുത്തിയ പിഴവുകള്‍ നികത്തി മുന്നോട്ട് പോകുമെന്നും ആരാധകര്‍ക്ക് കേരളത്തിന്റെ മികച്ച പ്രകടനം കാണാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

Eng­lish Summary:Santosh Tro­phy foot­ball final today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.