ആ സമയത്ത് ജീവനൊടുക്കണമെന്ന ചിന്ത അലട്ടി; സനുഷ പറയുന്നു

Web Desk
Posted on October 15, 2020, 2:41 pm

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സനുഷ സന്തോഷ്. ബാലതാരമായി എത്തിയ നടി പിന്നീട് നായികയായി മാറുകയായിരുന്നു. ഇപ്പോൾ കോവിഡ് ലോക്ക്ഡൗൺ തുടങ്ങിയ സമയം തന്നെ വരിഞ്ഞ് മുറുക്കിയ വിഷാദവും അതിൽ നിന്നും പുറത്തു കടന്നതിനെ കുറിച്ചും പറയുകയാണ് സനുഷ. യുട്യൂബ് ചാനലിലൂടെയാണ് നടി തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

സനുഷയുടെ വാക്കുകൾ

കോവിഡിന്റെ തുടക്കസമയം എല്ലാംകൊണ്ടും എനിക്ക് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു, വ്യക്തിപരമായും തൊഴിൽപരമായും ഒക്കെ എന്റെ ചിരി ഇല്ലാതായ ദിവസങ്ങളായിരുന്നു.. എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ ആരോടു പറയുമെന്നോ എങ്ങനെ പറയുമെന്നോ അറിയില്ലായിരുന്നു. പക്ഷേ, ആ അനുഭവങ്ങളിലൂടെ ഞാൻ വളരുകയായിരുന്നു. ഡിപ്രഷൻ, പാനിക്ക് അറ്റാക്ക്, എല്ലാം ഉണ്ടായിട്ടുണ്ട്. ആരോടും സംസാരിക്കാൻ തോന്നിയിരുന്നില്ല. പ്രത്യേകിച്ച് ഒന്നിനോടും താത്പര്യം തോന്നാത്ത അവസ്ഥ. ഒരു ഘട്ടത്തിൽ എന്തെങ്കിലും തെറ്റ് ചെയ്തു പോയേക്കുമോ എന്നു പോലും ഭയപ്പെട്ടു.

ആത്മഹത്യാ ചിന്തകൾ എന്നെ അലട്ടിക്കൊണ്ടിരുന്നു. ഈ അവസ്ഥയിൽ നിന്ന് ഓടിരക്ഷപെടുക എന്ന ഓപ്ഷൻ മാത്രമാണ് മുന്നിൽ ഉണ്ടായിരുന്നത്. അങ്ങനെ വളരെ അടുപ്പം ഉള്ളവരിൽ ഒരാളെ മാത്രം വിളിച്ച്, ഞാൻ വരികയാണ് എന്നും പറഞ്ഞ് എന്റെ കാറുമെടുത്ത് പോയി, വയനാട്ടിലേക്ക്…ആളുകളൊക്കെ ഇപ്പോൾ കാണുന്ന ചിരിച്ചുകളിച്ചു നിൽക്കുന്ന എന്റെ ചിത്രങ്ങൾ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നപ്പോൾ എടുത്തതാണ്.

വീട്ടിൽ പറയാൻ പേടിയായിരുന്നു. സൈക്കോളജിസ്റ്റിനിയോ സൈക്കാർട്ടിസ്റ്റിനിയോ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് കൂടുതലാളുകളും ഇപ്പോളും ചിന്തിക്കുന്നത്. അതൊരു മോശം കാര്യമാണെന്നാണ് പലരും കരുതുന്നത്. അത്തരം ആശങ്കകൾ ഉണ്ടായിരുന്നതിനാൻ വീട്ടിൽ ആരോടും പറയാതെ ഞാനോരു ഡോക്ടറുടെ സഹായം തേടി. മരുന്നുകൾ കഴിച്ചുതുടങ്ങി. ഇനി വീട്ടിൽ പറഞ്ഞാലും കുഴപ്പമില്ല എന്ന് തോന്നിയപ്പോൾ കാര്യം അവതരിപ്പിച്ചു. പ്രതീക്ഷിച്ച പോലെ തന്നെ ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായി. നിനക്ക് പ്രശ്നങ്ങളൊന്നുമില്ല, ഞങ്ങളില്ലേ കൂടെ എന്നൊക്കെ പറഞ്ഞു.

അവരൊക്കെ ഉണ്ടായിരുന്നു. പക്ഷേ ചില ഘട്ടങ്ങളിൽ അതൊന്നും നമുക്ക് ആരോടും പറയാൻ കഴിയില്ല. ആ സമയത്ത് ഞാൻ എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നത് എന്റെ അനിയനോടാണ്. ഡോക്റുടെ അടുത്ത് പോയതും ആത്മഹത്യാ ചിന്തകളുണ്ടായതുമൊക്കെ അവനോട് പറഞ്ഞിട്ടുണ്ട്. എന്നെ പിടിച്ചുനിർത്തിയൊരു ഫാക്ടർ അവനാണ്. ഞാൻ പോയാൽ അവനാര് എന്ന ചിന്തയാണ് ആത്മഹത്യ ചെയ്യണമെന്ന പ്രേരണയിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചത്. പിന്നെ തിരിച്ചുവരാനാകുന്ന എല്ലാം ചെയ്തു. യോഗ, ഡാൻസ് എല്ലാം ചെയ്യാൻ തുടങ്ങി. യാത്രകൾ ചെയ്തു, കോവിഡ് മാനദണ്ഡങ്ങൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ.. കാടിനോടും മലകളോടുമൊക്കെ സംസാരിച്ച് സമാധാനപരമായ അന്തരീക്ഷങ്ങളിൽ സമയം ചെലവഴിച്ചു. അതിൽ നിന്നൊക്കെ എനിക്ക് വളരെ പ്രിയപ്പെട്ട നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ഞാൻ ഹാപ്പിയായിരുന്നു എന്നാണ് എല്ലാവരും വിചാരിച്ചിരുന്നുത്. അതുകൊണ്ട് തന്നെ നിനക്ക് എങ്ങനെ ഉണ്ട് ഓകെ ആണോ എന്നൊന്നും ആരും ചോദിച്ചിട്ടല്ല. സുശാന്തിന്റെ മരണവാർത്തയൊക്കെ എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ആരോടും സംസാരിക്കാനൊന്നും തോന്നാതെ, അത് ഞാൻ തന്നെയാണെന്ന് സങ്കൽപിച്ചിട്ടുണ്ട്. ഇപ്പോൾ മെഡിക്കേഷൻസ് ഒക്കെ മെല്ലെ നിർത്തി. മൂന്നു മാസത്തോളം വളരെ മോശം അവസ്ഥയിലൂടെയായിരുന്നു കടന്നുപോയിരുന്നത്. ജീവിതത്തെ വീണ്ടും സ്നേഹിക്കാൻ തുടങ്ങി. എന്നെക്കുറിച്ച് ഇപ്പോൾ എനിക്ക് അഭിമാനം തോന്നുന്നുണ്ട്, വിട്ടുകൊടുക്കാതിരുന്നതിന്..

എല്ലാവരോടും പറയാനുള്ളത്, സഹായം തേടുന്നതിൽ മടി കാണിക്കാതിരിക്കുക. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരുപാട് പേരുണ്ട്. ചിലപ്പോൾ നമുക്ക് പ്രിയപ്പെട്ടവരോട് പറയാൻ പറ്റാത്ത കാര്യങ്ങൾ അപരിചിതനായ ഒരു ഡോക്റോട് നമുക്ക് പറയാൻ സാധിച്ചേക്കാം. എല്ലാവരും ഉണ്ട് ഒപ്പം, വെറും വാക്കുകളായി പറയുന്നതല്ല.

Eng­lish sum­ma­ry; sanusha san­thosh about sui­cide

You may also like this video;