ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് വനംവകുപ്പ് തയ്യാറാക്കിയ വൃക്ഷത്തൈകളുടെ സംസ്ഥാനതല വിതരണത്തിന് വനംമന്ത്രി അഡ്വ. കെ രാജു ഇന്ന് തുടക്കം കുറിക്കും. തിരുവനന്തപുരം കുടപ്പനക്കുന്ന് ദൂരദര്ശന് കേന്ദ്രവളപ്പില്‍ രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ തൈ നട്ടുകൊണ്ട് പരിസ്ഥിതിദിനാചരണ പരിപാടികൾക്കും മന്ത്രി തുടക്കമിടും.
ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപി, വികെ പ്രശാന്ത് എംഎല്‍എ , മേയര്‍ കെ ശ്രീകുമാര്‍, വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മുഖ്യവനംമേധാവി പി കെ കേശവൻ തുടങ്ങിയവര്‍ പങ്കെടുക്കും. സാമൂഹ്യവനവത്ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണവും നടീലും ഇതിനോടനുബന്ധിച്ച് നടക്കും.
57.7 ലക്ഷം വൃക്ഷത്തൈകളാണ് വിതരണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ 47 ലക്ഷം തൈകള്‍ തദ്ദേശസ്വയംഭരണ വകുപ്പു മുഖേന സൗജന്യമായി വിതരണം ചെയ്യും. പരിസ്ഥിതി ദിനത്തിൽ തുടങ്ങി ജൂലൈ മാസത്തിലെ വനമഹോത്സവം വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്ക് തൈകള്‍ സൗജന്യമായി ലഭിക്കും.
മാവ്, ഞാവല്‍, പുളി, പ്ലാവ്, അമ്പഴം, സപ്പോട്ട, മാതളം, റംപുട്ടാന്‍, മുരിങ്ങ, കണിക്കൊന്ന, മന്ദാരം, മഞ്ചാടി, മണിമരുത്, കുന്നിവാക,തേക്ക്, ഈട്ടി, കുമ്പിള്, പൂവരശ്, അഗത്തിചീര, ദന്തപാല, മുള തുടങ്ങി നാല്പതോളം ഇനം വൃക്ഷത്തൈകളാണ് ഇക്കുറി വിതരണത്തിനായി തയ്യാറാക്കിയിട്ടുള്ളത്.
English summary: Saplings distribution from today.
You may also like this video: