7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 17, 2024
November 11, 2024
November 11, 2024
November 7, 2024
September 25, 2024
March 11, 2024
February 19, 2024
November 1, 2023

സപ്‌തതി നിറവിൽ ഉലകനായകൻ

ഇന്ന് കമൽഹാസന്റെ 70-ാം പിറന്നാൾ 
Janayugom Webdesk
November 7, 2024 6:00 am

രു നടന്‍ എന്ന തരത്തിൽ മാത്രമല്ല, കൈവെച്ച മേഖലകളിലെല്ലാം കൈയൊപ്പ് ചാർത്തിയ വിസ്‌മയമാണ് കമൽഹാസൻ . അദ്ദേഹം കൊണ്ടുവന്ന പല ടെക്‌നോളജികളും ഇന്ത്യൻ സിനിമക്ക് മുതൽകൂട്ടായത് ചരിത്രം . രാജ പാർവൈ, അപൂർവ സഹോദരങ്ങൾ, മൈക്കിൾ മദന കാമരാജൻ, തേവർ മകൻ, മഹാനദി, ഹേറാം, ആളവന്താൻ, അൻപേ ശിവം, നള ദമയന്തി, വിരുമാണ്ടി, ദശാവതാരം, മൻമദൻ അമ്പ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് കഥയൊരുക്കിയത് കമൽ ഹാസനായിരുന്നു . 

രാജ്കമൽ ഇന്റർനാഷണൽ എന്ന പേരിൽ സിനിമ നിർമ്മാണ കമ്പനിയും സ്ഥാപിച്ച് പ്രൊഡ്യുസറായി . ഹേ റാം, വിശ്വരൂപം തുടങ്ങി അഞ്ച് സിനിമകൾ സംവിധാനം ചെയ്തു. ചില ചിത്രങ്ങൾക്ക് ഗാനമെഴുതിയ അദ്ദേഹം എഴുപതോളം ഗാനങ്ങൾ പാടി അഭിനയിച്ചു . നൃത്തത്തിലും അപാര സിദ്ധിയുള്ള നടൻമാരിൽ ഒരാളായി മാറിയതും കമൽ ഹാസനെ വേറിട്ടുനിർത്തുന്നു . 230 ചിത്രങ്ങളിലാണ് നായകനായി അഭിനയിച്ചത് . ഇതിൽ 28 മലയാളം സിനിമകളുമുണ്ട് .

മികച്ച ടെക്‌നീഷ്യൻ എന്ന രീതിയിലും അതുല്യ പ്രതിഭയാണ് കമൽ ഹാസൻ. ഇന്ത്യൻ സിനിമയെ ലോക നിലവാരത്തിലെത്തിക്കാൻ അദ്ദേഹം പരിശ്രമിച്ചു. 1988 ൽ ഹിന്ദി സിനിമ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന കാലം. ഒരു സൗത്ത് ഇന്ത്യൻ നടൻ ആദ്യമായി സിൽവർ ജൂബിലി ഹിന്ദി ചിത്രത്തിന്റെ ഭാഗമായി. കമൽഹാസൻ നായകനായ ‘ഏക് തുചേ കേലിയെ’ സകല ബോക്‌സ്‌ ഓഫിസ് റെക്കോ‍ഡുകളും തകർത്ത് ബോളിവുഡിനെ അമ്പരപ്പിച്ചു. ഈ ചിത്രത്തിലെ ‘തെരെ മേരെ ബീച്ച്’ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ആസ്വാദകരുടെ ചുണ്ടിൽ തത്തി കളിക്കുന്നു .       ആഗോളതലത്തിൽ, 65  വർഷത്തെ അഭിനയ പരിചയമുള്ള ഒരേയൊരു നടൻ എന്ന റെക്കോർഡ് കമൽഹാസന്റെ പേരിലാണ്. ഇന്ത്യൻ സിനിമയിലെ ഉലകനായകൻ കമൽഹസൻ ഇന്ന് (നവംബർ 7) 70 വയസ് പൂർത്തിയാകുന്നു.

പരീക്ഷണങ്ങളുടെ പാഠശാല
സിനിമകളെ സ്വപ്നം കണ്ടുറങ്ങിയ കമൽഹാസൻ പരീക്ഷണങ്ങളുടെ പാഠശാലയാക്കി സ്വന്തം ജീവിതം മാറ്റി. അദ്ദേഹം കൊണ്ടുവന്ന പല ടെൿനോളജികളും ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിച്ചു. ഒരു നടൻ പത്ത് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടപെട്ടപ്പോൾ കാഴ്ചക്കാർക്കത് വിസ്‌മയമായി . ‘ദശാവതാരം’ എന്ന സിനിമയിലൂടെ എബോള അടക്കമുള്ള മാരക വൈറസുകളെ സിനിമയിൽ കമൽ ഹാസൻ ചർച്ചയാക്കി. ഗ്രാഫിക്സിന്റെ സഹായമില്ലാതെ ഒരു ചിത്രത്തിൽ മുഴുവൻ കുള്ളനായി അഭിനയിക്കുവാൻ കഴിയുമെന്നും 1989ൽ പുറത്തിറങ്ങിയ ‘അപൂർവ്വ സഹോദരങ്ങൾ’ എന്ന സിനിമയിലൂടെ കമൽഹാസൻ തെളിയിച്ചു . സിനിമയിൽ കമൽഹാസനെ പൊക്കം കുറഞ്ഞ ആളായി കാണിക്കുവാനുള്ള ഷൂട്ടിങ് തന്ത്രങ്ങൾ ഇന്നും ഇന്ത്യൻ സിനിമയ്ക്ക് വിസ്‌മയമാണ് .

2013ൽ കമൽ ഹാസൻ തന്നെ സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ ‘വിശ്വരൂപം’ സിനിമയാണ് ഇന്ത്യയിലെ ആദ്യത്തെ 7.1 3ഡി സറൗണ്ട് ഉപയോഗപ്പെടുത്തിയ ചിത്രം. 2010ൽ പുറത്തിറങ്ങിയ ‘മന്‍മദൻ അമ്പ്‘എന്ന ചിത്രവും ടെക്‌നോളജിയിൽ വേറിട്ട് നിന്നു. ചിത്രത്തിലെ ഒരു ഗാനരംഗം പൂർണ്ണമായും റിവേഴ്‌സ്‌ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 2001ൽ പുറത്തിറങ്ങിയ ‘ആളവന്താന്‍’ ചിത്രവും ഒട്ടേറെ പരീക്ഷണങ്ങളാൽ വ്യത്യസ്തമായി . ആക്ഷൻ രംഗങ്ങളിൽ, മോഷൻ ഫ്രീസ് ടെക്നോളജി കാമറ ഉപയോഗിച്ച് ആദ്യമായി ഇന്ത്യൻ സിനിമയിൽ അവതരിപ്പിച്ചത് ഈ ചിത്രത്തിലൂടെയാണ്. എയർ റാമ്പ് എന്ന ടെക്നോളജിയും ‘ആളവന്താനി‘ലെ കമൽഹാസന്റെ സംഭാവനയാണ്. 2ഡി കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയ ആദ്യ ലൈവ് ആക്ഷൻ ടെക്നോളജി ഇന്ത്യൻ സിനിമയിൽ പ്രായോഗികമാക്കി. 1995ൽ പുറത്തിറങ്ങിയ ‘കുരിതിപുന്നയ്’ എന്ന ചിത്രത്തിലൂടെ ഡോൾബി സ്‌റ്റീരിയോ സൗണ്ട് രീതിയും സറൗണ്ട് സൗണ്ടും ഇന്ത്യൻ സിനിമയ്ക്ക് കമൽ സംഭാവന ചെയ്‌തു. 1996ല്‍ ശങ്കർ സംവിധാനം ചെയ്‌ത ‘ഇന്ത്യൻ’ എന്ന ചിത്രത്തിലാണ് പ്രോസ്‌തെറ്റിക് മേക്കപ്പ് ആദ്യമായി ഇന്ത്യൻ സിനിമയിൽ ഉപയോഗിക്കുന്നത്.

ഇന്ത്യയിലെ ആദ്യ സിങ്ക് സൗണ്ട് സിനിമ കമലിന്റെ ‘ഹേയ് റാം’ ആണ്. സിനിമയിലെ സ്റ്റണ്ട് രംഗങ്ങളിൽ ഗ്ലാസുകളിലേക്ക് ചാടി വീഴുമ്പോൾ ആർട്ടിസ്റ്റുകൾക്ക് പരിക്ക് പറ്റുന്നത് പതിവായിരുന്നു. 1987ല്‍ കമൽഹാസന്റെ ‘നായകൻ’ എന്ന ചിത്രത്തിൽ ഷുഗർ ഗ്ലാസ് സിനിമയിൽ ആദ്യമായി ഉപയോഗിച്ചു. ഷുഗർ ഗ്ലാസുകൾ വളരെ എളുപ്പം പൊട്ടുന്നതും സ്‌റ്റണ്ട് ആർട്ടിസ്‌റ്റുകൾക്ക് മുറിവ് ഏൽപ്പിക്കാത്തതുമായ വസ്‌തുവാണ്. ഷുഗർ ഗ്ലാസാണ് ഇന്ന് ആഗോളതലത്തിൽ ആക്ഷൻ ചിത്രീകരിക്കാൻ സിനിമകളിൽ ഉപയോഗിക്കാറുള്ളത്.വെൻട്രിലോക്യുസം, ഗാനങ്ങൾ റെക്കോർഡ് ചെയ്യാനായി കമ്പ്യൂട്ടർ ടെക്നോളജി, ഹൈഡ്രോളിക് സെറ്റ് , ഡിജിറ്റൽ സ്ക്രീൻ പ്ലേ, ഡിജിറ്റൽ എഡിറ്റിംഗ് തുടങ്ങിയ ടെക്‌നോളജികൾ ഇന്ത്യൻ സിനിമയിൽ പരിചയപ്പെടുത്തിയതും കമൽ ചിത്രങ്ങളായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.