സരബ്ജിത് സിംഗ് പാക് ജയിലിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതികളെ പാക് കോടതി വെറുതെ വിട്ടു

Web Desk
Posted on December 16, 2018, 12:44 pm

ലാഹോര്‍:ദൃക്‌സാക്ഷികള്‍ കൂറുമാറി; ഇന്ത്യക്കാരനായ സരബ്ജിത് സിംഗ് പാക് ജയിലിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് മുഖ്യ പ്രതികളെ പാക് കോടതി വെറുതെ വിട്ടു. കോട്ട് ലഖ്പത് ജയിലില്‍ സരബ്ജിത് സിംഗിനൊപ്പമുണ്ടായിരുന്ന അമിര്‍ ടണ്ട്ബ, മുദാസിര്‍ മുനിര്‍ എന്നിവരെയാണ് ലാഹോര്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്.

സരബ്ജിത് സിംഗിനെ ഇവര്‍ കമ്പിയും കട്ടയുമുപയോഗിച്ചു ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് സാക്ഷിമൊഴികള്‍ ഉണ്ടായിരുന്നുവെങ്കിലും കോടതിയില്‍ ദൃക്‌സാക്ഷികള്‍ കൂറുമാറിയതാണ് പ്രതികളെ വെറുതെവിടാന്‍ കാരണം.

ജയിലിനുള്ളില്‍ വെച്ചുണ്ടായ മര്‍ദ്ദനത്തില്‍ മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് 2013 ലാണ് സരബ്ജിത് മരണപ്പെടുന്നത്. 1990ലെ ബോംബ് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് പാകിസ്ഥാന്‍ ഇദ്ദേഹത്തെ തടവലാക്കിയത്. പിന്നീട് വധശിക്ഷ വിധിച്ചു.

നിരവധി തവണ സരബ്ജിത്തിനായി ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും അവയെല്ലാം നിരസിക്കപ്പെടുകയായിരുന്നു. സരബ്ജിത്തിനെ മോചിപ്പിക്കാന്‍ ഇന്ത്യ നയതന്ത്ര സമ്മര്‍ദ്ദം ശക്തിപ്പെടുത്തുന്നതിനിടെയാണ് ജയിലിനുള്ളില്‍വെച്ച്‌ മര്‍ദ്ദനമേല്‍ക്കുന്നതും തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച്‌ മരിക്കുന്നതും.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇത് കാരണമായി. രാജ്യാന്തര സമ്മര്‍ദ്ദമുണ്ടായിട്ടും കേസ് അന്വേഷണം ഫലപ്രദമായി നടത്താന്‍ പാകിസ്ഥാന്‍ തയ്യാറാകാതിരുന്നതാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം.