ശരണാലയത്തിലേക്കുള്ള വഴി

Web Desk
Posted on July 07, 2019, 7:42 am

മാറനാട് ശ്രീകുമാര്‍

കൊക്കിച്ചുമച്ചു കൊണ്ടിന്നലേം മുത്തശ്ശനു
ണ്ടായിരുന്നതാണുമ്മറത്തിണ്ണയില്‍
നഗരത്തിനപ്പുറം ശരണാലയത്തിലാ
ണിന്നുതൊട്ടിനിയുള്ള നാള്‍വരേക്കും
മുത്തശ്ശനില്ലാത്തൊരീ വീടൊരിക്കലും
വീടല്ല; വെറുമൊരു കൂരമാത്രം.
മുത്തശ്ശനോതും കഥ വെറുംകഥയല്ല
കഥകള്‍ക്കുമപ്പുറം കാര്യമുണ്ട്
മുത്തശ്ശന്‍ മൂളുന്ന പാട്ടുകള്‍ക്കൊക്കെയും
നേരുണ്ട് നെറിയുണ്ട് സത്യമുണ്ട്
ഭൂതകാലത്തിലെയദ്ധ്വാനവേര്‍പ്പുകള്‍
പാട്ടിലും കഥയിലും കുടിയിരിപ്പൂ…
ജീവിതസംഗ്രാമഭൂമിയില്‍ മുത്തശ്ശന്‍
നേടിയതൊക്കെയും പങ്കുവച്ചു
മണ്ണും മനസ്സും പകുത്തു നല്കുമ്പൊഴും
കുടിയില്ലൊട്ടും കുറഞ്ഞുമില്ല

മുത്തശ്ശനോടച്ഛനീര്‍ഷ്യ തോന്നി;
കാലചക്രംതിരിഞ്ഞൊരാ നാളിലൊന്നില്‍
കാര്യങ്ങളറിയുവാന്‍ വ്യഗ്രതയെങ്കിലും
പക്വതയില്ല;ഞാന്‍ കുട്ടിയത്രേ

ഇന്നു പുലര്‍ച്ചയില്‍ മുത്തശ്ശനൊപ്പമാ
യാത്രക്കുകൂട്ടായി ഞാനുമെത്തി
പലവട്ടം മുത്തശ്ശന്‍ മിഴിനീര്‍ തുടച്ചതും
മിഴിനീരിനിടയില്‍ ഞാന്‍ കണ്ടിരുന്നു

നഗരത്തിനപ്പുറം ശരണാലയത്തിലാ
ണിനിയുള്ള കാലമെന്‍ മുത്തശ്ശനും

വഴിയോരക്കാഴ്ചകളൊക്കെയെന്‍ മനസ്സിലെ
മങ്ങാത്ത ചിത്രമായ് ഞാന്‍ വരച്ചു
ഇനിവരും കാലത്തിനടയാളമാക്കുവാനൊ
ന്നൊഴിയാതെ ഞാനോര്‍ത്തുവച്ചു.
തിരിയും പതിവുപോല്‍ കാലചക്രം
ആവര്‍ത്തനം പോലെ ജീവിതവും
അച്ഛന്‍ പഠിപ്പിച്ച പാഠങ്ങളൊക്കെയും
മക്കള്‍ തുടരേണ്ട ജീവിതങ്ങള്‍
ശരണാലയത്തിലെന്നച്ഛനെ ചേര്‍ക്കുവാ
നന്നു ഞാനീവഴി മറക്കരുത്.