കണ്ണൂര്‍: വനസുന്ദരിയെ കണ്ടാല്‍ ആരുടെയും വായില്‍ വെള്ളം നിറയും. പേരുപോലെ ഓമനത്വം തുളുമ്പുന്നതാണ് കുഞ്ഞിത്തലയണ. കരിഞ്ചീരകക്കോഴി, ഗുംത പൊങ്കനാല്‍, ദീപന്‍ ചപ്പാത്തി, ഹൈദരാബാദ് നവാബ് ബിരിയാണി, റായി ഹല്‍വ, വാഴക്കാമ്പ് പായസം തുടങ്ങി രുചി വൈവിധ്യങ്ങള്‍ കൊണ്ട് ആരെയും വിസ്മയിപ്പിക്കുന്നതാണ് സരസ് മേളയുടെ ഫുഡ് കോര്‍ട്ട്.
മലപ്പുറം ജില്ലയുടെ ഫുഡ് കോര്‍ട്ടിലാണ് കുഞ്ഞിത്തലയണയും കരിഞ്ചീരകക്കോഴിയും വിളമ്പുന്നത്. ഒരു കാടക്കോഴിയും കാട മുട്ടയും മസാലകള്‍ ചേര്‍ത്ത് രണ്ട് ചപ്പാത്തിയില്‍ പൊതിഞ്ഞ് എണ്ണയില്‍ പൊരിച്ചെടുത്തതാണ് കുഞ്ഞിത്തലയണ. സ്വാദിഷ്ടമായ ഈ വിഭവത്തിന് 100 രൂപയാണ് വില. കരിഞ്ചീരകം, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, പുതിനയില തുടങ്ങിയവ അരച്ചെടുത്തത് പുരട്ടിയാണ് കരിഞ്ചീരകക്കോഴി ഓട്ടുകല്ലില്‍ പൊരിച്ചെടുക്കുന്നത്. ഇതിനും വില 100 രൂപ തന്നെ. 150 രൂപയ്ക്ക് നല്ല നാടന്‍ നെയ്‌ച്ചോറും ചിക്കന്‍ വരട്ടിയതും ഇവിടെ നിന്ന് കഴിക്കാം.
വനസുന്ദരിയെ രുചിച്ചറിയാന്‍ അട്ടപ്പാടിയുടെ സ്റ്റാളിലെത്തണം. കാന്താരിമുളകും പച്ചക്കുരുമുളകും പുതിനയും ഇഞ്ചിയും ചേര്‍ത്ത അരപ്പില്‍ കോഴി പൊരിച്ചെടുത്തതാണ് വനസുന്ദരി. പേര് പോലെത്തന്നെ രുചിയിലും ആരെയും കൊതിപ്പിക്കുന്നതാണ് ഈ വിഭവം.
വയനാടിലെ ഫുഡ് കോര്‍ട്ട് അല്‍പ്പം വ്യത്യസ്തമാണ്. ഇലക്കറികള്‍ ചേര്‍ത്ത പ്രധാന വേദിക്ക് അഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഡൈനിംഗ് ഹാള്‍ ഫുഡ്‌കോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. മേളയുടെ രണ്ടാം ദിവസമായ ഇന്നലെ കുടുംബവും കുട്ടികളുമായി മേളയുടെ രുചിയറിയാനും സാധനങ്ങള്‍ വാങ്ങാനുമായി എത്തിയവരെ കൊണ്ടുള്ള നല്ല തിരക്കായിരുന്നു ഫുഡ് കോര്‍ട്ടില്‍ അനുഭവപ്പെട്ടത്. ആരോഗ്യദായകമായ ഭക്ഷണമാണ് ഇവിടത്തെ ആകര്‍ഷണം. ആദിവാസി സമൂഹത്തിന്റെ തനത് വിഭവങ്ങളാണ് ഇവിടെയുള്ളതെല്ലാം. തകര, ചുരുളി, നാടന്‍ ചീര, പൊന്നാങ്കണ്ണി തുടങ്ങി കാട്ടില്‍ നിന്നും ശേഖരിച്ച പലതരത്തിലുള്ള ചീരകളും മറ്റും ചേര്‍ത്ത് തയ്യാറാക്കിയതാണ് ഓരോ വിഭവവും. ചീര ബോണ്ട, ചീര ഉള്ളിവട, റാഗി പഴംപൊരി, ഇലകൊണ്ടുള്ള പുഴുക്ക് എന്നിവ സ്റ്റാളില്‍ ലഭ്യമാണ്. കൂടെ ഈ ഇലകള്‍ അരച്ച് ചേര്‍ത്ത് വാഴയിലയില്‍ ചുട്ടെടുത്ത കോഴിയും. 20 രൂപയാണ് ഓരോന്നിനും വില ഈടാക്കുന്നത്.
സരസ് മേളയില്‍ എത്തിച്ചേരുന്നവര്‍ക്ക് കണ്ണൂരിന്റെ രുചി അറിയാന്‍ രണ്ട് സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. തലശ്ശേരി ദം ബിരിയാണിയും എല്ലും ചിക്കനും കഴിക്കാന്‍ വന്‍ തിരക്കാണ് ഇവിടെയും. പായസത്തിനും ജ്യൂസിനും മാത്രമായി പ്രത്യേക സ്റ്റാളുകളും ഫുഡ് കോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്.
ഇതിനു പുറമെ, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ഭക്ഷ്യവിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ് ധര്‍മശാല കണ്ണൂര്‍ എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയ മേളയിലെ ഫുഡ് കോര്‍ട്ട്. കേരളത്തിന് പുറമെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മിസോറാം, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തനത് രുചികളും സരസ് മേളയിലൂടെ അറിയാം.
ഭക്ഷണം വാങ്ങുന്നതിനായി 10 രൂപ മുതല്‍ 500 വരെയുള്ള കൂപ്പണുകള്‍ ഫുഡ് കോര്‍ട്ടില്‍ ലഭ്യമാണ്. കൂപ്പണ്‍ ഉപയോഗിച്ച് ഏത് സ്റ്റാളില്‍ നിന്നും ഭക്ഷണം കഴിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.