താക്കീതായി ശരത് ചന്ദ്രന്‍ വയനാടിന്റെ ’ ഡോണ്ട് ’

Web Desk
Posted on October 15, 2018, 7:05 pm

കല്‍പറ്റ:സമുഹത്തിലെ അനീതിക്കും കൊള്ളരുതായ്മകള്‍ക്കും എതിരെ ഒരു താക്കീതായി,പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുള്ള ക്രൂരതകള്‍ ഇനി അരുതെന്ന് ആഹ്വാനം ചെയ്ത് ശരത് ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്ത ഡോണ്ട് റിലീസ് ചെയ്തു. വയനാട് പ്രസ്സ് ക്ലബ്ബിലായിരുന്നു ആദ്യ പ്രദര്‍ശനം.പട്ടിണിയകറ്റാന്‍ ഭക്ഷണം തേടി നാട്ടിലെത്തി,മനുഷ്യത്വം നശിച്ച ഒരു പറ്റം നരാധമന്‍മാരാല്‍ കൊല ചെയ്യപ്പെട്ട അട്ടപ്പാടിയിലെ മധു എന്ന ഗോത്ര യുവാവിന്റെ ദാരുണ മരണമാണ് പതിനേഴ് മിനിട്ട് ദൈര്‍ഘ്യമുള്ള ഡോണ്ട് എന്ന ഹ്രസ്വ ചിത്രം.സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടേറെ നല്ല സിനിമകള്‍ ആസ്വാദകരിലെത്തിച്ച ശരത് ചന്ദ്രന്‍ വയനാടിന്റെ ഇരുപത്തിയഞ്ചാമത്തെ ഹ്രസ്വചിത്രമാണ് ഡോണ്ട്.നമ്മുടെ സഹോദരനെയും കൂടപ്പിറപ്പിനെയും നഷ്ടമാകുമ്പോഴും സെല്‍ഫിയെടുത്തും ലൈക്ക് ചെയ്തും ഷെയര്‍ ചെയ്തും സമൂഹമാധ്യമങ്ങളില്‍ ആഘോഷമാക്കുന്ന നവയുഗത്തിലെ ചെറുപ്പക്കാരുടെ ദുഷ്പ്രവണതകളെ സമൂഹത്തിന് മുമ്പില്‍ തുറന്ന് കാണിക്കുന്ന സിനിമയില്‍ മധുവിനെ പ്രതിനിധാനം ചെയ്യുന്നത് ബൊമ്മന്‍ എന്ന കഥാപാത്രമാണ്.പ്രിയനന്ദന്റെ പാതിരാക്കാലം എന്നചിത്രത്തിലെ നായകന്‍ കലേഷ് കണ്ണാട്ടാണ് ബൊമ്മനായി വേഷമിട്ടിട്ടുള്ളത്.പാഞ്ചജന്യം ഫിലിംസിന്റെ ബാനറില്‍ സുനില്‍ ദത്ത് ആണ് നിര്‍മ്മാണം. അജീഷ് എഡിറ്റിംഗും സന്തോഷ് കുട്ടീസ് ക്യാമറയും നിര്‍വ്വഹിച്ചു.പി ബാലന്‍ കല്ലൂര്‍ ആണ് ഗാന രചന. പൗലോസ് ജോണ്‍സിന്റെതാണ് സംഗീതം. ഫെഫ്ക ഉള്‍പ്പടെ നിരവധി ഫിലിം മേളകളില്‍ പ്രദര്‍ശനത്തിന് ശ്രമിക്കുന്നുണ്ടന്ന് സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട് പറഞ്ഞു.ചിത്രീകരണം പാതി വഴിയില്‍ നിലച്ച കുയില്‍ എന്ന സിനിമ അടുത്ത മാസം ചിത്രീകരണം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.