മത്തി അടുക്കള ഒഴിയുന്നു

Web Desk
Posted on April 27, 2019, 12:55 pm
കോഴിക്കോട് :സാധാരണക്കാരുടെ ഇഷ്ടമത്സ്യമായ മത്തി കിട്ടാക്കനിയാവുന്നു.  ലഭ്യത കുറഞ്ഞതോടെ  വിലയും കുതിച്ചു കയറുന്നു.  ജൂണില്‍ ആരംഭിച്ച ഈ സീസണില്‍ മത്തിയുടെ വില പലപ്പോഴും മറ്റു മത്സ്യങ്ങളെ മറികടന്ന്  200 മുതല്‍ 220 രൂപ വരെ ഉയര്‍ന്നു. മാസങ്ങളായി തുടരുന്ന  മത്സ്യക്ഷാമമാണ് വിലവര്‍ധനവിനു കാരണം.
കഴിഞ്ഞ ദിവസം കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 160 രൂപയാണ് മത്തിയുടെ വില.  കിലോക്ക് 200 രൂപയ്ക്കു മുകളിലാണ് മത്തി നാട്ടിന്‍പ്രദേശങ്ങളില്‍ വിറ്റത്. 200 രൂപ വില പറയുമ്പോള്‍ മത്തി വാങ്ങാന്‍ ആളുകള്‍ മടിക്കുകയാണ്.
ഇരുപതും മുപ്പതും തൊഴിലാളികളുമായി കടലില്‍ പോകുന്ന ബോട്ടുകള്‍ക്ക് ചെലവിനു പോലുമുള്ള മത്സ്യം ലഭിക്കാതെ മടങ്ങുന്ന സ്ഥിതിയാണുള്ളത്. സുലഭമായി ലഭിച്ചിരുന്ന മത്തിയും അയലയും പേരിനുമാത്രമാണ് ഇപ്പോള്‍ കിട്ടുന്നത്. ഇതുപോലൊരു മത്സ്യവറുതി സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നാണ് കോഴിക്കോട് തീരത്തെ മുതിര്‍ന്ന മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ചൂടുകൂടുമ്പോള്‍ കടലില്‍ മത്സ്യം അടിത്തട്ടിലേക്കു പോകുമെങ്കിലും വേനല്‍ മഴയും മറ്റും ലഭിക്കുമ്പോള്‍ മീന്‍ചാകര ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇതുവരെ  ഒരു ചാകരപോലും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല.  വരും ദിവസങ്ങളില്‍കൂടി വേനല്‍മഴ ലഭിക്കുകയാണെങ്കില്‍  ഈ പ്രശ്‌നം മാറുമെന്നാണ്  തൊഴിലാളികളുടെ പ്രതീക്ഷ.
ലഭ്യതക്കുറവ് കാരണം എല്ലാ  മത്സ്യങ്ങളുടെയും വില വര്‍ധിച്ചിട്ടുണ്ട്. ചെറു മത്സ്യങ്ങളായ കോര 220 250, നത്തോലി  160 180, മാന്തള്‍ 240260, അയല 220260 എന്നിങ്ങനെയും വലിയ മത്സ്യങ്ങളായ അയക്കൂറ 1000 1100, ആവോലി 600 800,  പപ്പന്‍സ് 400 600 എന്നിങ്ങനെ നിരക്കുകളിലാണ് വില്‍പ്പന. മത്സ്യത്തിനൊപ്പം  കടുക്ക, എരുന്ത് എന്നിവയുടെ വിലയും വര്‍ധിച്ചു. അടുത്ത മാസം റമദാന്‍  നോമ്പ് ആരംഭിക്കുന്നതിനാല്‍ വില ഇനിയും ഉയരും.