14 July 2024, Sunday
KSFE Galaxy Chits

നെയ്‌മത്തി അറബിക്കടല്‍ വിടുന്നു; അയലയും ആവോലിയും അന്യമാവുന്നു

Janayugom Webdesk
July 6, 2022 9:33 pm

മലയാളികള്‍ക്ക് പ്രിയങ്കരവും ആരോഗ്യദായകവുമായ നെയ്‌മത്തി അറബിക്കടല്‍ വിട്ട് ബംഗാള്‍ ഉള്‍ക്കടലിലേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും കടക്കുന്നുവെന്ന് പഠനം. സംസ്ഥാനത്തെ മത്സ്യബന്ധനത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നെയ്‌മത്തിയുടെ ഉല്പാദനത്തില്‍ 75 ശതമാനം കുറവുണ്ടായെന്ന് കേന്ദ്ര സമുദ്രോല്പാദന ഗവേഷണ കേന്ദ്രം അറിയിച്ചു.

2014ല്‍ ആണ് ഏറ്റവുമധികം നെയ്‌മത്തി കരയിലെത്തിയത്. 608 കോടി രൂപ വിലവരുന്ന നെയ്‌മത്തി. ഇപ്പോള്‍ അത് 30 കോടിയായി കുത്തനെ താണിരിക്കുന്നുവെന്ന് കേന്ദ്രത്തിലെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ. എന്‍ അശ്വതി വെളിപ്പെടുത്തി. മത്തിക്കുപുറമേ അയല, ചുണ്ണാമ്പുവാള, കറുത്ത ആവോലി എന്നിവയുടെ ഉല്പാദനത്തിലും ഗണ്യമായ ഇടിവുണ്ടായി.

ആന്ധ്രാപ്രദേശിലും കര്‍ണാടകത്തിലും കരിങ്കല്‍ ക്വാറികളിലെ വെള്ളക്കെട്ടുകളില്‍ വളര്‍ത്തുന്ന വെളുത്ത ആവോലി മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്തെ മാര്‍ക്കറ്റുകളിലുള്ളത്. അതേസമയം നെത്തോലി, നാടന്‍ ചെമ്മീന്‍, കണവ എന്നിവയുടെ ഉല്പാദനം വര്‍ധിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തില്‍ രണ്ടു വര്‍ഷം മുമ്പ് 54 ശതമാനം വര്‍ധനവാണുണ്ടായിരുന്നത്. അന്ന് പ്രതിവര്‍ഷം 5.55 ലക്ഷം ടണ്‍ മത്സ്യമാണ് വലയില്‍ കുടുങ്ങിയത്.

ഇതില്‍ 65,326 ടണ്ണും മത്തിയായിരുന്നു. 56,029 ടണ്‍ അയലയും 39,435 ടണ്‍ കറുത്ത ആവോലിയും 48,516 ടണ്‍ ചുണ്ണാമ്പുവാളയും കരയ്ക്കെത്തി. ഈ നാലിനും പ്രധാന മത്സ്യങ്ങളുടെ ഉല്പാദനത്തില്‍ ശരാശരി 75 ശതമാനം കുറവുണ്ടായതുമൂലം സംസ്ഥാന സമ്പദ്‌ഘടനയില്‍ത്തന്നെ പ്രത്യാഘാതങ്ങളുണ്ടായി എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

തീരക്കടലിലും ആഴക്കടലിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള താപവര്‍ധന താരതമ്യേന ചൂടുകുറഞ്ഞ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും ബംഗാള്‍ ഉള്‍ക്കടലിലേക്കും പലായനം ചെയ്യാന്‍ മത്തി, അയല, ആവോലി, ചുണ്ണാമ്പുവാള തുടങ്ങിയ മത്സ്യഗണങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് ഈയിനം മത്സ്യങ്ങളുടെ സഞ്ചാരപാതകളുടെ നിരീക്ഷണത്തില്‍ നിന്ന് വ്യക്തമായി.

ശാസ്ത്രീയമായ മത്സ്യബന്ധനവും മത്സ്യോല്പാദനത്തില്‍ ഇടിവിനു കാരണമാകുന്നു. മത്സ്യങ്ങളുടെ പ്രജനനകാലത്ത് ട്രോളിങ് നിരോധനം വഴിപാടുപോലെയാകുന്നു. പ്രജനനകാലത്തെ ട്രോളിങ് മൂലം ലക്ഷക്കണക്കിനു ടണ്‍ മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങുന്നതും മത്സ്യോല്പാദനത്തില്‍ ഗണ്യമായ ഇടിവുണ്ടാക്കാന്‍ ഇടയാകുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.

പ്രജനനകാലത്ത് നാടന്‍ വള്ളങ്ങള്‍ക്ക് നിരോധനമില്ല. മത്സ്യബന്ധനത്തിനും സമുദ്രപരിസ്ഥിതി സംരക്ഷണത്തിനുമുള്ള കേന്ദ്ര നിയമത്തിലെ പൊളിച്ചെഴുത്താണ് ആശങ്കാജനകമായ ഈ സാഹചര്യം ആവശ്യപ്പെടുന്നതെന്നും ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Eng­lish summary;sardon left ara­bi­an sea

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.