Sunday
20 Oct 2019

സര്‍ഫാസി: ജനത്തെ കരയിക്കാനായി ഒരു കരിനിയമം

By: Web Desk | Wednesday 15 May 2019 3:38 PM IST


ഹരികുറിശേരി

സഹസ്രകോടികള്‍ തട്ടിച്ച് നാടുവിടുന്ന മുതലാളിമാര്‍ ഒരുഭാഗത്ത്, ഒരു കിടപ്പാടത്തിനും വിയര്‍പ്പുവീണമണ്ണിനും വേണ്ടി കേഴുകയും ഗതിയില്ലാതെ ജീവനൊടുക്കുകയും ചെയ്യുന്ന നിരാലംബര്‍ മറുഭാഗത്ത്, ഇന്ത്യന്‍ജനാധിപത്യത്തിന്റെ ശക്തിയില്‍ വേരുപിടിച്ചുവളര്‍ന്ന ബാങ്കിംങ് മേഖലയുടെ തട്ട് എപ്പോഴും ആദ്യവിഭാഗത്തിനുവേണ്ടി താണുകൊടുക്കുന്നതെന്താണ്.
ജനതയെ ദ്രോഹിക്കാനായി ഒരു കരിനിയമം ബാങ്കുകള്‍ക്ക് സര്‍വസ്വാതന്ത്ര്യം നല്‍കുന്നു. 2002ല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍ഫാസി നിയമമാണിത്. മുന്‍പ് ഒരു ബാങ്ക് ലോണ്‍ തിരിച്ചുപിടിക്കാന്‍ ഒരുപാട് നടപടിക്രമങ്ങള്‍ ബാങ്കുകള്‍ പാലിക്കേണ്ടിയിരുന്നു. ഇന്ന് അതൊന്നും വേണ്ട കൈക്കുപിടിച്ച് റോഡില്‍ ഇറക്കുമ്പോഴേ നടപടി അറിയൂ. ബാങ്കുകള്‍ക്ക് എന്തുംചെയ്യാം, അവര്‍ നോട്ടീസ് അയക്കുകയോ വിളിക്കുകയോ ചെയ്യുന്നതുതന്നെ വലിയമര്യാദകളാണെന്നറിയുക.
വായ്പയില്‍ മൂന്നുതവണ കുടിശിക വന്നാല്‍ ഈടുവയ്ക്കുന്ന ഭൂമിയുടെ വിവരങ്ങള്‍ കാട്ടി സിജെഎം കോടതിയില്‍ കേസ് ഫയല്‍ചെയ്യാം. കൊലപാതക ബലാല്‍സംഗ കേസുകളില്‍പോലും സാധാരണ പ്രതിക്ക് നോട്ടീസ് പോകും.സര്‍ഫാസി നിയമത്തില്‍ അതില്ല. മൈനര്‍അവകാശമോ,തര്‍ക്കമോ ഒന്നും പരിഗണിക്കില്ല. നിരുപാധികം വസ്തു ബാങ്കിന്റെ ഉടമസ്ഥതയിലേക്ക് മാറ്റി ഉടന്‍ കോടതി ഉത്തരവുണ്ടാകും. ഭൂമി ബാങ്കിന് കൈവശപ്പെടുത്താനുള്ള അനുമതിയാണ് ലഭിക്കുന്നത്.
പുതുതലമുറ ബാങ്കുകളെ സഹായിക്കാനായി ഉണ്ടാക്കിയതാണ് സര്‍ഫാസി എന്ന കരിനിയമമെന്നാണ് വിദഗ്ധമതം. അതിപ്പോള്‍ ദേശസാല്‍കൃതബാങ്കുകള്‍ക്കും ജില്ലാ സഹകരണബാങ്കുകള്‍ക്കും വരെ സുരക്ഷാകവചമാണ്. ഒരു മാരകായുധം കൈവശം വച്ച് വായ്പഎടുത്തവരെ ഭീഷണിപ്പെടുത്തി പലവായ്പാ കേസുകളും സെറ്റില്‍ചെയ്യുന്നതിനാലാണ് ഈ നിയമത്തിന്റെ മാരക സ്വഭാവം പുറത്തറിയാത്തത്. ഏറ്റെടുക്കാന്‍ ഉത്തരവിട്ടകോടതിയില്‍ പോയി കേസില്‍ കക്ഷിചേരാനും വായ്പക്കാരന് കഴിയില്ല. ആകെസാധിക്കുന്നത് എറണാകുളത്തെ സര്‍ഫാസിട്രൈബ്യൂണലില്‍ ഹര്‍ജിനല്‍കാം എന്നുമാത്രം. ജനങ്ങള്‍ക്കുമേല്‍ സാമാന്യനീതിയുടെ നിഷേധം എത്രഭംഗിയായാണ് ഒരു ജനാധിപത്യരാജ്യത്ത് നടപ്പാകുന്നത്.
സര്‍ഫാസിക്കെതിരെ സംസ്ഥാനം നടത്തിയ നടപടികള്‍ ബാങ്കുകളുടെ പ്രതിരോധത്തിലാണ് നടപ്പിലാകാത്തത്. നിയമസഭപ്രമേയം പാസാക്കിയതിനെയും ബാങ്കുകള്‍ അവഗണിച്ചു. കേന്ദ്രനിയമം ഭേദഗതിചെയ്യണമെന്ന് 2017 ഓഗസ്റ്റ് 21നുനിയമസഭാപ്രമേയം പാസാക്കിയിരുന്നു. അഞ്ചുലക്ഷം രൂപവരെ കാര്‍ഷികവായ്പ എടുത്തവരുടെ ഗ്രാമപ്രദേശങ്ങളിലെ ഒരേക്കര്‍ വരെയും നഗരപ്രദേശങ്ങളിലെ 50സെന്റ് വരെയും ഭൂമി ജപ്തി ചെയ്യരുതെന്ന് നിയമസഭാപ്രമേയം ആവശ്യപ്പെടുന്നു.കാര്‍ഷിക വായ്പയല്ല എന്നുചൂണ്ടിക്കാട്ടിയാണ് പലയിടത്തും മോറട്ടോറിയം മറികടക്കുന്നത്.
സര്‍ഫാസി കേന്ദ്ര നിയമം ആയതിനാല്‍ നിയമസഭാ പ്രമേയം വിലപ്പോവില്ലെന്ന ധാരണയിലാണ് ബാങ്കുകള്‍. കുറച്ചുകാലം പതിയെ നിന്നുവെങ്കിലും ആവശ്യമുണ്ടെന്ന് തോന്നുമ്പോള്‍ കടുത്ത നടപടിയുമായി മുന്നോട്ടുപോവുകയാണ് ബാങ്കുകാര്‍. ആളെ സൂഷ്മമായി നിരീക്ഷിച്ച് പരമാവധി വിരട്ടി കാര്യം നേടുന്നതാണ് ശൈലി. സര്‍ഫാസി നിയമത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട നിയമസഭാസമിതി അഞ്ചുമാസമായിട്ടും ഒരു സിറ്റിംങ് ആണ് നടത്തിയത്. 2018 ഡിസംബര്‍ 13ന് ആണ് എസ് ശര്‍മ്മ ചെയര്‍മാനായ സമിതിയെ നിയോഗിച്ചത്.
പ്രഥമദൃഷ്ട്യാ കരിനിയമം എന്ന് വിളിക്കാവുന്ന സര്‍ഫാസി നമ്മുടെ ജനാധിപത്യത്തിനുമേല്‍ കരിനിഴല്‍വീഴ്ത്തുന്നത് ഇനി എത്രകാലം കണ്ടില്ലെന്നു നടിക്കാനാവും.