കോഴിക്കോട്: പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ സംസ്ഥാനതല കലാമേള സർഗോത്സവം തൊഴിൽ‑എക്സൈസ് വകുപ്പു മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തനത് കലാരൂപങ്ങളിൽ പലതും അന്യം നിന്നുപോകാതെ സംരക്ഷിക്കുന്നതിലും ആസ്വാദകരിലേക്ക് എത്തിക്കുന്നതിലും കുട്ടികളുടെ കലാമേളകൾ വലിയ പങ്കാണ് വഹിച്ചു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തനിമ നഷ്ടമാകാതെയും ഉപേക്ഷിക്കപ്പെടാതെയും തനതു കലാരൂപങ്ങളെ സംരക്ഷിക്കാൻ കഴിയണം. അത്തരത്തിലൊരു ബോധം സമൂഹത്തിൽ വളർത്തിയെടുക്കാൻ സർഗോത്സവം പോലുള്ള കുട്ടികളുടെ കലോത്സവങ്ങൾ വേദിയാകണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ഇന്ന് നേട്ടങ്ങളുടെ നെറുകയിൽ എത്തിനിൽക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സർക്കാർ, സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി മാറ്റിക്കഴിഞ്ഞു. പിന്നോക്കവിഭാഗത്തിൽപ്പെട്ടവരുടെ ക്ഷേമത്തിനായി സർക്കാർ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. എസ്. സി എസ്. ടി കുട്ടികൾക്ക് പഠന മുറി, വാത്സല്യനിധി, ഇൻഷുറൻസ് എന്നിവ ഏർപ്പെടുത്തി. കുടുംബനാഥൻ മരണമടഞ്ഞാൽ നൽകുന്ന പരിരക്ഷ രണ്ട് ലക്ഷം രൂപയായുംദ്യാഭ്യാസ ആനുകൂല്യങ്ങൾ 50 ശതമാനമായും വർദ്ധിപ്പിച്ചു. നൈപുണ്യവികസന പരിശീലനത്തിലൂടെ സ്വയം തൊഴിലും ജോലിയും ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കി. പട്ടികവർഗ്ഗ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആരംഭിച്ച ശ്രദ്ധേയമായ പദ്ധതിയാണ് ഗോത്രബന്ധു. കുട്ടികളെ പഠനത്തിൽ പിന്നോട്ടടിക്കുന്ന ഭാഷാ പ്രശ്നം പരിഹരിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. ഈ പദ്ധതി പ്രകാരം 241 യുവതീയുവാക്കളെ ടീച്ചർമാരായി വയനാട് ജില്ലയിലും 25 പേരെ അട്ടപ്പാടിയിലും നിയമിച്ചതായി മന്ത്രി പറഞ്ഞു.
കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ. ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ എ പ്രദീപ് കുമാർ എം. എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയായി. ജില്ലാ കലക്ടർ സാംബശിവ റാവു, കോർപ്പറേഷൻ സ്ഥിരം സമിതി അംഗം രാധാകൃഷ്ണൻ മാസ്റ്റർ, കൗൺസിലർ ബീന രാജൻ, പട്ടികവർഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി ശശീന്ദ്രൻ, പട്ടികവർഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ പ്രസന്നൻ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ സെയ്ദ് നയീം തുടങ്ങിയവർ സംസാരിച്ചു. സർഗോത്സവം ഇന്ന് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.