കെ കെ ജയേഷ്

August 03, 2021, 7:12 pm

ആവേശം നിറയ്ക്കുന്ന ‘സർപ്പട്ട പരമ്പരൈ’

Janayugom Online

കയ്യടികൾക്കും ആരവങ്ങൾക്കും മുമ്പിൽ ബോക്സിങ് റിംഗിൽ എതിരാളിയെ നേരിടുമ്പോൾ കപിലന് അത് വെറുമൊരു മത്സരം മാത്രമല്ല. ജാതീയ വിവേചനങ്ങളും അടിച്ചമർത്തലുകളുമെല്ലാം നേരിടുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയായ കപിലന് ചരിത്രത്തിന്റെ ഭാഗമാകാനുള്ള വഴിയാണത്. ഒരു പരിശീലകൻ എന്ന നിലയിൽ പരാജിതനായി തലതാഴ്ത്തേണ്ടി വരുന്ന കോച്ച് രംഗൻ വാദ്ധ്യാരെ ജീവിതത്തിലേക്കും മത്സരക്കളത്തിലേക്കും തിരിച്ചുകൊണ്ടുവരാനുള്ള പോരാട്ടം കൂടിയാണ് അത്. തുറമുഖത്തിന്റെയും കൽക്കരിപ്പാടങ്ങളുടെയും പശ്ചാത്തലത്തിൽ എഴുപതുകളിലെ നോർത്ത് മദ്രാസിലെ ബോക്സർമാരുടെ ജീവിതമാണ് ‘സർപ്പട്ട പരമ്പരൈ’ പറയുന്നത്. ഇതേ സമയം ജാതിയും രാഷ്ട്രീയവുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന വലിയൊരു കഥാപരിസരവും സിനിമയ്ക്കുണ്ട്. ബോക്സിംഗിന്റെ വീറും വാശിയും പകയുമെല്ലാം തമിഴക രാഷ്ട്രീയത്തിനൊപ്പം ചേർത്താണ് സിനിമ മുന്നേറുന്നത്. ദ്രാവിഡ രാഷ്ട്രീയവും ജാതി വിവേചനവും അടിയന്തരാവസ്ഥയുമെല്ലാം കടന്നുവരുന്ന സിനിമ പൊള്ളുന്ന ജീവിത മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ പാ രഞ്ജിത്ത് ഒരുക്കിയ സർപ്പട്ട പരമ്പരൈയെ വെറുമൊരു സ്പോർട്സ് ഡ്രാമ എന്ന കളത്തിൽ ഒതുക്കാൻ സാധിക്കില്ല.

തുടക്കം മുതൽ തന്നെ ആവേശപ്പെടുത്തുന്ന കാഴ്ചകളിലൂടെയാണ് പാ രഞ്ജിത്തിന്റെ സഞ്ചാരം. പ്രവചനാത്മകമായ യാത്രയും അവസാനവുമാണ് സ്പോർട്സ് പശ്ചാത്തലമായ സിനിമകളുടെ പ്രധാന പരിമിതി. പതിവുപോലെ നായകന്റെ ഉയർച്ച താഴ്ചകളെ ഈ സിനിമയും പിന്തുടരുന്നുണ്ട്. എന്നാൽ പതിവ് കഥാഘടനയുടെ പരിമിതികളെ തിരക്കഥയുടെ കരുത്തും സംഭാഷണത്തിലെ തീവ്രതയും കഥാപാത്ര നിർമ്മിതിയിലെ അസാധാരണത്വവും അതിഗംഭീരമായ അവതരണ രീതിയും അഭിനേതാക്കളുടെ അസാധ്യ പ്രകടനവും കൊണ്ടും സംവിധായകൻ മറികടക്കുന്നുണ്ട്. മൂന്നു മണിക്കൂറോളം ദൈർഘ്യമുണ്ടെങ്കിലും തുടക്കം മുതൽ ആവേശം ചോരാതെ പ്രേക്ഷകരെ ഒപ്പം കൂട്ടാൻ സർപ്പട്ടൈ പരമ്പരൈയ്ക്ക് സാധിക്കുന്നുണ്ട്.

ബോക്സിംഗ് മത്സരങ്ങളിലൂടെ തങ്ങളുടെ ദുരിത ജീവിതത്തിൽ നിന്ന് മോചനം നേടാൻ ശ്രമിക്കുന്ന സാധാരണക്കാരായ കുറേ മനുഷ്യരുടെ കഥയാണ് സർപ്പട്ടൈ പരമ്പരൈ. വിജയങ്ങൾ സമ്മാനിക്കുന്ന മാന്യതയും അംഗീകാരവും രാഷ്ട്രീയ പിന്തുണയുമെല്ലാമാണ് അവരെ മത്സര വേദികളിലേക്ക് നയിക്കുന്നത്. രണ്ട് ബോക്സിംഗ് ടീമുകളെ കേന്ദ്രീകരിച്ചാണ് പാ രഞ്ജിത്ത് കഥ പറയുന്നത്. ഇടയപ്പ പരമ്പരൈയിലെ വേമ്പുലിയോട് തോറ്റു മടങ്ങുന്ന സർപ്പട്ട പരമ്പരൈയുടെ കോച്ച് രംഗൻ ഇനി പരാജയപ്പെട്ടാൽ റിംഗിൽ കയറില്ലെന്ന് പ്രഖ്യാപിക്കുന്നു. രംഗൻ വാദ്ധ്യാരോട് കടുത്ത ആരാധനയിൽ ഊന്നിയ സ്നേഹമാണ് കപിലന്. ബോക്സിംഗിനെ നെഞ്ചിലേറ്റുമ്പോഴും അമ്മയ്ക്ക് താത്പര്യമില്ലാത്തതുകൊണ്ട് ഇതുവരെ കാഴ്ചക്കാരനായി മാത്രം മത്സരങ്ങൾ നോക്കിക്കണ്ട കപിലന് ഇത്തരമൊരു സാഹചര്യത്തിൽ റിംഗിൽ കയറേണ്ടിവരുന്നു. ഇതോടെ കപിലന്റെയും രംഗന്റെയും ഇവർക്കൊപ്പമുള്ള മനുഷ്യരുടെയും സർപ്പട്ടൈ പരമ്പരൈയുടെ തന്നെയും വഴികൾ മാറുകയാണ്.

സർപ്പട്ടൈ പരമ്പരൈയിലെ ബോക്സിംഗ് പോരാട്ടങ്ങളുടേത് ആണുങ്ങളുടെ ലോകമാണ്. തോറ്റും ജയിച്ചും മുന്നേറിയും തഴയപ്പെട്ടും അവർ കരുത്തിന്റെ കോട്ടകളിൽ മാറ്റുരയ്ക്കുന്നു. എന്നാൽ ഈ യാത്രയുടെ ദുരിതങ്ങൾ അനുഭവിക്കേണ്ടിവരുന്ന സ്ത്രീ കഥാപാത്രങ്ങൾ നിസ്സഹായമായ കാഴ്ചയായി ചിത്രത്തിൽ ഒതുങ്ങുന്നില്ല. സ്നേഹിച്ചും തിരുത്തിയും ശാസിച്ചും ആവശ്യമായി വരുമ്പോൾ ധൈര്യപൂർവ്വം പുരുഷ നിലപാടുകളെ ചോദ്യം ചെയ്തുമാണ് ഇവരെല്ലാം മുന്നോട്ടു പോകുന്നത്. നിങ്ങൾ ആണുങ്ങൾ എന്തിനാണ് മത്സരത്തെ അഭിമാനവുമായി ചേർത്ത് വെക്കുന്നത് എന്നു പോലും മാരിയമ്മ കപിലനോട് ചോദിക്കുന്നുണ്ട്. മാരിയമ്മ മാത്രമല്ല ഭാഗ്യവും ലക്ഷ്മിയുമെല്ലാം കരുത്തുറ്റ സ്ത്രീ സാന്നിധ്യങ്ങളായി സിനിമയിലുണ്ട്.

ആര്യയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് കപിലനെന്ന് നിസ്സംശയം പറയാവുന്നതാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ ബോക്സിംഗ് റിംഗിലേക്കിറങ്ങേണ്ടിവരുന്ന കപിലനിൽ വരുന്ന മാറ്റങ്ങളെല്ലാം അതിഗംഭീരമായാണ് ആര്യ അവതരിപ്പിച്ചിരിക്കുന്നത്. വിജയിച്ചിട്ടും തോറ്റുപോയവനായി ചിത്രീകരിക്കപ്പെടുന്ന കപിലന്റെ വഴിമാറിയുള്ള സഞ്ചാരവും പരാജയപ്പെട്ട ജീവിതവുമെല്ലാം പ്രേക്ഷകരെ പിടിച്ചുലയ്ക്കും. കർക്കശക്കാരനായ ബോക്സിംഗ് പരിശീലകനായി പശുപതി ചിത്രത്തിൽ അസാധ്യപ്രകടനം തന്നെയാണ് കാഴ്ച വെക്കുന്നത്. ജോൺ വിജയ് ഡാഡി എന്ന് വിളിക്കുന്ന കെവിനായി ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഡാൻസിംഗ് റോസ് എന്ന കഥാപാത്രമായി ഷബീർ കല്ലറക്കൽ, വേമ്പുലിയായി ജോൺ കൊക്കൻ, വെട്രിയായി കലൈ അരസൻ, മാരിയമ്മയായി ദുഷാര വിജയൻ, ഭാഗ്യമായി അനുപമ കുമാർ, ലക്ഷ്മിയായി സഞ്ജന നടരാജൻ, രാമനായി സന്തോഷ് പ്രതാപ് എന്നിവയും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. എഴുപതുകളിലെ മദ്രാസിന്റെ സെറ്റുകളും കലാസംവിധാനവുമെല്ലാം ഏറെ മികവു പുലർത്തി. പാ രഞ്ജിത്തും തമിഴ് പ്രഭയും ചേർന്നൊരുക്കിയ തിരക്കഥയും സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവും മുരളി ജിയുടെ ക്യാമറും സെൽവ ആർ കെയുടെ എഡിറ്റിംഗും ചിത്രത്തിന് കരുത്തു പകരുന്നു.