November 30, 2023 Thursday

സര്‍വം താളമയം

ഡോ. ടി അനിതകുമാരി
October 17, 2021 10:47 am

ഞാനിത് എഴുതാനിരിക്കുമ്പോൾ, ഒരേ നഗരത്തിൽ കുറച്ചുമാത്രം ദൂരത്ത് തമ്പിലെ സ്വീകരണ മുറിയിൽ തണുപ്പു പുതച്ച് നെടുമുടി വേണു എന്ന ആ വലിയ കലാകാരൻ ഭൂമിയിലെ തന്റെ അവസാനത്തെ രാത്രി നിശബ്ദം ആസ്വദിക്കുകയാവാം. ചുറ്റും പെയ്തു നിൽക്കുന്ന മഴയുടെ മൃദംഗ താളം അകമ്പടിയും, പ്രിയപ്പെട്ടവരുടെ നേർത്ത നിശ്വാസങ്ങളും മാത്രമാവാം അദ്ദേഹത്തിനു കൂട്ട്.

നെടുമുടി വേണു-

1970-കളുടെ രണ്ടാം പകുതി മുതൽ ഇന്നോളം കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിനൊപ്പം പകർന്നാടിയവൻ! അസാമാന്യമായ താള ‑നർമ്മ ‑വിമർശന ബോധങ്ങളെ അഭിനയത്തോട് സമന്വയിപ്പിച്ച കുട്ടനാട്ടുകാരൻ. അതായിരുന്നു നമുക്ക് നെടുമുടിവേണു.

‘തമ്പ്’ പ്രദർശനത്തിനെത്തും മുമ്പാണ്, 1978 ഫെബ്രുവരിയിൽ മറ്റൊരു കുട്ടനാട്ടുകാരനായ ഡോക്ടർ പി വേണുഗോപാലൻ സാറും, കെ വി തമ്പി മാഷും, മധു ഇറവങ്കര സാറും നേതൃത്വം നൽകിയ സാഹിത്യ സദസ്സിന്റെ ശിൽപ്പശാലയിൽ പങ്കെടുക്കുവാൻ ഡോക്ടർ കെ അയ്യപ്പപണിക്കർക്കും കാവാലം നാരായണപ്പണിക്കർക്കും ഒപ്പം നെടുമുടി വേണു പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എത്തിയത്. ‘കള്ളൻ’ എന്ന കവിത ചൊൽക്കാഴ്ചയായി കേട്ടതും കണ്ടതും അന്നായിരുന്നു. പിന്നീട് എത്ര പെട്ടെന്നാണ് അദ്ദേഹം ‘ചെല്ലപ്പനാശാരി‘യായും ‘കള്ളൻ പവിത്ര’നായുമൊക്കെ മലയാളി സിനിമാപ്രേക്ഷകരെ രസിപ്പിക്കാനെത്തിയത്. ‘ചാമര’ത്തിലെ ഫാദറിനെ അന്നത്തെ ആ കാമ്പസ് കാലക്കാർക്ക് മറക്കാനാവില്ലല്ലോ. ലെനിൻ രാജേന്ദ്രന്റെ ‘വേനലി‘ൽ അയ്യപ്പപ്പണിക്കരുടെ പകലുകൾ രാത്രികളിലെ “നീ തന്നെ ജീവിതം സന്ധ്യേ”പാടി കാമ്പസ്സിനെ നെടുവീർപ്പിടീച്ചതും അദ്ദേഹം തന്നെ…

കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അഞ്ചു പതിറ്റാണ്ടോളം സജീവമായി നില നിൽക്കുക, ഏകദേശം അഞ്ഞൂറോളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുക. നിസ്സാരമായ കാര്യമല്ല അത്. മൃദംഗ വായന, മിമിക്രിക്കു വേണ്ടിയുള്ള സ്കിറ്റുകളുടെ രചന, കവിത ചൊല്ലൽ, നാടകാഭിനയം എന്നിവയൊക്കെയും ആയി ജന്മദേശത്ത് കഴിഞ്ഞ ഒരാൾ ഒരു സമ്പൂർണ്ണ കലാകാരനായി മാറിയതിനു പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. ജന്മസിദ്ധമായ സർഗ്ഗ പ്രതിഭ തന്നെയാണ് ആദ്യ ഘടകം. ദേശപ്പെരുമയുടെ സാംസ്കാരിക സ്വാധീനവും, കാവാലം നാരായണപ്പണിക്കരുമായുള്ള കൂടിച്ചേരലും, തിരുവനന്തപുരത്തെ കലാകാര സൗഹൃദങ്ങളും, ചലച്ചിത്ര ഭൂമികയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തെ സുഗമമാക്കി. പിന്നീടുള്ളത് ചരിത്രമാണ്, കേരളത്തിന്റെ കലാ സാംസ്കാരിക ചരിത്രം.

 

 

എല്ലാവരും ആവർത്തിച്ച് സൂചിപ്പിക്കുമ്പോലെ നെടുമുടി വേണു എന്ന ആ കുട്ടനാട്ടുകാരന്റെ അടിസ്ഥാനം ചടുലമായ താളബോധം തന്നെയാണ്. പമ്പയാറിന്റെ ഓളപ്പരപ്പിൽ ഏകാഗ്രതയോടെ തുഴ എറിയുന്ന കുട്ടനാട്ടുകാരന്റെ ജീവതാളം ആണ് നെടുമുടിയുടെ സർഗാത്മക താളം. ഒരു സാധാരണമായ ജീവിത സാഹചര്യത്തിൽ നിന്നും അസാധാരണമായ സർഗാത്മക ജീവിതത്തിലേക്ക് വളരുകയും, എന്നാൽ സാധാരണമായിത്തന്നെ ജീവിക്കുകയും ചെയ്തു നെടുമുടി വേണു. നെടുമുടി എന്ന ജല ഭൂമിയെ പേരിനൊപ്പം ചേർത്തു വളർത്തിയവൻ! അപൂർവം ചിലർക്ക് മാത്രമേ ജന്മനാടിനെയും കൊണ്ടുവളരാൻ സാധിക്കൂ. സ്വയം നാടിന്റെ പേരായി മാറാനാകൂ. ഒരു ദേശം ആകെ തന്നിലേക്ക് ചുരുങ്ങുകയും ആ ദേശം തന്നിലൂടെ ലോകഭൂപടത്തിൽ രേഖപ്പെടുത്തപ്പെടുകയും ചെയ്യുക എന്ന മഹാഭാഗ്യം, നെടുമുടിക്ക് നേടാനായി.

മലയാള കവിതയുടെയും നാടകത്തിന്റെയും ചലച്ചിത്രത്തിന്റെയും ഭാവുകത്വപരിണാമ സന്ദർഭങ്ങളിൽ സാന്നിധ്യമാവാൻ നെടുമുടിക്കു കഴിഞ്ഞു. കവിയരങ്ങുകളും ചൊല്‍ക്കാഴ്ചകളും സജീവമായ എഴുപതുകളുടെ രണ്ടാം പകുതിയിൽ അദ്ദേഹം കവികൾക്കൊപ്പം ഉണ്ടായിരുന്നു. ക്ലാസിക്കലും നാടോടിയുമായ പാരമ്പര്യത്തെ തനതു നാടകപ്രസ്ഥാനത്തിൽ കാവാലം സമന്വയിപ്പിച്ചപ്പോൾ അത് അരങ്ങത്താടാൻ നെടുമുടി അനിവാര്യനായിരുന്നു. ‘ദൈവത്താറി‘ന്റെ അവതരണവേളയിൽ കഴിവും വാസനയും ഉള്ള നടന്മാരെ കിട്ടി എന്നുള്ളത് വളരെ പ്രധാനമാണെന്ന് കാവാലംതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കാലൻ കണിയാന്റെ വേഷം എടുത്ത വേണുവിനെപ്പോലെ ഒരാളെ കിട്ടിയില്ലെങ്കിൽ ‘ദൈവത്താർ’ അവതരിപ്പിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നു എന്ന് അയ്യപ്പപ്പണിക്കരും പറഞ്ഞിട്ടുണ്ട്. വേണുവിനെ നെടുമുടിയിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് കാവാലം കൂട്ടിക്കൊണ്ടുവന്ന് തന്റെ നാടക സങ്കൽപ്പത്തിന് അനുസരിച്ച് അടിസ്ഥാന പരിശീലനങ്ങൾ നൽകുകയായിരുന്നു. സംഗീത വാസനയുള്ള ഒരാളെ മാത്രമേ താളം പഠിപ്പിക്കുവാൻ കഴിയൂ എന്ന് അദ്ദേഹം സൂചിപ്പിച്ചത് വേണുവിലെ നടനെപ്പറ്റി പറഞ്ഞപ്പോഴാണ്.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ‘കാലൻ കണിയാ‘ന്റെ വേഷം വ്യാപകമായി ചർച്ചചെയ്യപ്പെട്ടു. ഇതോടെ ഭരതന്റെയും പത്മരാജന്റെയും ശ്രദ്ധയിലേക്ക് നെടുമുടി എത്തി. ‘തകര’ എന്ന കഥ ഭരതനു വേണ്ടി തിരക്കഥ ആക്കിയപ്പോൾ ചെല്ലപ്പനാശാരിയായി പത്മരാജന് മറ്റാരെയും അന്വേഷിക്കേണ്ടി വന്നില്ല. പത്മരാജൻ സ്വയം തിരക്കഥയെഴുതി സംവിധാനം ചെയ്ത കള്ളൻ പവിത്രനിലെ പവിത്രൻ ആയ കള്ളൻ നെടുമുടിയായിരുന്നു. ഗ്രാമത്തിലെ വീടുകളുടെ പിന്നാമ്പുറത്ത് കഴുകാൻ ഇടുന്ന കിണ്ടിയും ചരുവവും മോഷ്ടിക്കാൻ ഇറങ്ങുന്ന ആ സൂത്രക്കാരൻ കള്ളനായി അദ്ദേഹം നടത്തിയ വേഷപ്പകർച്ച എത്ര സൂക്ഷ്മമായിരുന്നു. കള്ളൻപവിത്രൻ ആയി മലയാളിക്ക് മറ്റാരെയും സങ്കൽപ്പിക്കാൻ ആവാത്ത വിധം കൃത്യമായ ഭാവ വിന്യാസമാണ് നെടുമുടി നടത്തിയിരിക്കുന്നത്.

 

 

എൺപതുകളിലെ മികച്ച സിനിമകളിലൊക്കെ അദ്ദേഹം ഉണ്ടായിരുന്നു. ഭരതൻ, പദ്മരാജൻ, മോഹൻ, ലെനിൻ രാജേന്ദ്രൻ, എന്നിവർക്കെല്ലാം നെടുമുടി പ്രിയപ്പെട്ട നടനായി. തൊണ്ണൂറുകളോടെ സിബി മലയിൽ — ലോഹിതദാസ് കൂട്ടുകെട്ടിലെ ചിത്രങ്ങൾ നെടുമുടിക്ക് ഒരു ഫ്യൂഡൽ പരിവേഷം സമ്മാനിച്ചു. ‘ഹിസ് ഹൈനസ് അബ്ദുള്ള’ തുടങ്ങിയുള്ള ചിത്രങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നവയാണ്. ‘ഭരത’ത്തിലെ കല്ലൂർ രാമനാഥൻ എന്ന സംഗീതജ്ഞന്റെ മനസ് വായിച്ചെടുത്തവരല്ലേ നമ്മൾ മലയാളികൾ. ഇങ്ങനെ ഒരിക്കലും മറക്കാനാവാത്ത എത്രയെത്ര കഥാപാത്രങ്ങൾ.

പ്രിയദർശന്റെ ചിരി പടർത്തിയ ജനപ്രിയ ചിത്രങ്ങളിലും നെടുമുടി തിളങ്ങിയിട്ടുണ്ട്. ‘ചിത്രം’ തന്നെ ഏറ്റവും വലിയ ഉദാഹരണം. എഴുത്തും സംവിധാനവും നെടുമുടിക്ക് വഴങ്ങിയിരുന്നു. ടെലിവിഷൻ ചരിത്രത്തിൽ എന്നും പരാമർശിക്കപ്പെടുന്ന ‘കൈരളി വിലാസം ലോഡ്ജ് ’ എന്ന പരമ്പര സംവിധാനം ചെയ്തത് നെടുമുടി ആയിരുന്നുവെന്ന് ഇന്ന് നാം വിസ്മയത്തോടെ ഓർമ്മിക്കുന്നു. ‘പൂരം’ എന്ന ചലച്ചിത്രം, നാലു തിരക്കഥകൾ, ഒന്‍പത് ചലച്ചിത്ര കഥകൾ… ഒരിടത്തും അദ്ദേഹത്തെ മാറ്റി നിർത്തേണ്ടതില്ലായിരുന്നു. മോഹൻലാലിനൊപ്പം അൻപതിലേറെ ചിത്രങ്ങളിലാണ് നെടുമുടി വേഷമിട്ടത്. ഒരിക്കലും നമുക്കു മറക്കാനാവാത്ത അഭിനയപ്രതിഭ, ആ മഹാ നടൻ ഭൂമിയോട് വിട വാങ്ങിയിരിക്കുന്നു. രാജീവ് മേനോൻ എന്ന സംവിധായകന്റെ ശീർഷകം ഞാനിവിടെ കടം കൊള്ളുന്നു. സർവം താളമയം… ‘ആലായാൽ തറ വേണം…’ എന്ന നാടൻ പാട്ടിനും ‘വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ ‘എന്ന പരിഭവത്തിനും എനിക്ക് മറ്റൊരു ശബ്ദം വേണ്ട. ആ താളവിദ്വാന്, ആ മഹാനടന്, ആ കുട്ടനാട്ടുകാരന് പ്രണാമം…

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.