Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
പ്രമോദ് പയ്യന്നൂർ

April 19, 2020, 8:00 am

മഴയിൽ നിറകൺചിരിയായ്

Janayugom Online

പ്രപഞ്ച കാരുണ്യങ്ങൾ മാനുഷ കുലത്തിനായി നൽകിയ വരദാനമാണ് ചിരി. കഥകളുടെ ബഡാബഡിയൻ വൻകരകളിലൂടെ കടന്നുപോയ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാലോകത്തെ ദൃശ്യങ്ങൾ ഒരുക്കൂട്ടുവാനുള്ള റിഹേഴ്സലിലായിരുന്നു അന്ന് ശശിയേട്ടനും ഞങ്ങളും. ‘നന്മയുടെ അപാരതീരം’ എന്ന പേരിൽ മീഡിയ വൺ ചാനലിന്റെ ഉദ്ഘാടന വേളയ്ക്കുവേണ്ടി ഒരുങ്ങുന്ന മൂന്നരമണിക്കൂർ മൾട്ടിമീഡിയ മെഗാഷോയുടെ ഒരുക്കം. സ്റ്റേജിലും സ്ക്രീനിലുമായി അരങ്ങിലും വെള്ളിത്തിരയിലും ശ്രദ്ധേയരായവർ.

കോഴിക്കോട് സരോവരം ബയോപാർക്കിലൊരുങ്ങുന്ന വേദിയിൽ റിഹേഴ്സൽ കഴിഞ്ഞ് അറുപതോളം വരുന്ന കലാസംഘം പിരിയുന്ന പാതിര. പ്രതീക്ഷിക്കാതെ എത്തിയ രാത്രിമഴയിൽ പാതിതീർന്ന വേദിയുടെ മേൽക്കൂര അഭയമാക്കി ഞങ്ങൾ നിന്നു. മഴ കനത്തു. ഒരുന്മാദത്തിലെന്നപോലെ ശശിയേട്ടൻ മഴയിലേക്കിറങ്ങി. എത്ര വിളിച്ചിട്ടും വരാതെ പെരുമഴയിൽ കുതിർന്നങ്ങനെ നിൽക്കുന്നു. കൂട്ടത്തിലൊരാളുടെ കയ്യിൽ നിന്നും കുടയും വാങ്ങി തിമിർത്തു പെയ്യുന്ന മഴയിലും വിറയ്ക്കാതെ നിൽക്കുന്ന ശശിയേട്ടനരികെയെത്തി. ചുവന്നു കലങ്ങിയ കണ്ണുകളുമായി നിന്ന ശശിയേട്ടനെ കുടയിലേക്ക് ചേർത്തുനിർത്തി ചോദിച്ചു എന്താ. . ? ഒരുപാട് കഥാപാത്രങ്ങളിലൂടെ നമ്മെ ചിരിപ്പിച്ച ശശിയേട്ടൻ വിതുമ്പുന്നു. വേദിയിലെ മേൽക്കൂരയ്ക്കരികിലേക്ക് നടന്നടുക്കുമ്പോൾ വെറുതെ ചോദിച്ചു.

‘ചാപ്ലിനെ ഇഷ്ടാ അല്ലേ? ’ ‘പിന്നല്ലാണ്ട്. മഴയത്ത് കരയുമ്പോൾ ചിരിപ്പിക്കുന്നോന്റെ കണ്ണീര് മറ്റാരും കാണില്ലല്ലൊ. നിനക്കറിയോ ‘ഒരു മനുഷ്യൻ’ എന്ന കഥയിലെ മനുഷ്യത്വമുള്ള പോക്കറ്റടിക്കാരനായി നിന്റെ ക്യാമ്പിൽ ഞാൻ അഭിനയിക്കുന്നതിന്റെ സുഖം. ബഷീറിന്റെ കഥാപാത്രങ്ങളെല്ലാം പച്ച മനുഷ്യരാണെടോ. ഈ നീണ്ട മോന്ത വച്ച് ടൈപ്പ് കാസ്റ്റിങ് മാത്രം ചെയ്യേണ്ടി വരുന്ന ചില സിനിമാ വേഷങ്ങളെക്കാളും എനിക്കിഷ്ടം ഇതുപോലുള്ള കഥാപാത്രങ്ങളാകുന്നതാണ് ’. മഴയൊടുങ്ങാത്ത രാത്രിയിൽ കുറേയേറെ നേരം അന്ന് ഞങ്ങൾ ശശിയേട്ടന്റെ തമാശയും അനുഭവങ്ങളും കേട്ടിരുന്നു. ജനപ്രിയ സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്തേട്ടന്റെ സഹസംവിധായകനായി ‘പാലേരിമാണിക്യം’ എന്ന ചിത്രത്തിൽ പ്രവർത്തിക്കുമ്പോഴാണ് ശശിയേട്ടനുമായി അടുത്തത്. നാടകരംഗത്തെ ശ്രദ്ധേയരായ അഭിനേതാക്കൾക്ക് പാലേരി മാണിക്യത്തിൽ സവിശേഷ കഥാപാത്രങ്ങളെ കരുതിവച്ചിട്ടുണ്ടായിരുന്നു രഞ്ജിത്തേട്ടൻ. ഇതിനായി മുരളി മേനോന്റെ കഥാപാത്ര ശില്പശാലയിലേക്ക് എത്തിയതായിരുന്നു വി ചന്ദ്രകുമാർ എന്ന കലിംഗ ശശി. വിക്രമൻ നായരെന്ന വിഖ്യാത നാടക കലാകാരന്റെ മരുമകൻ. സ്റ്റേജ് ഇന്ത്യയുടെയും കെ ടി മുഹമ്മദിന്റെയും പി എം താജിന്റെയും മറ്റും നാടകങ്ങളിലായി അഞ്ഞൂറോളം വേറിട്ട വേഷങ്ങൾ ചെയ്ത നടൻ. പാലേരിമാണിക്യത്തിന്റെ ചലച്ചിത്ര പരിശീലക്കളരിക്കൊടുവിൽ മികവാർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷം തന്നെ ദീർഘവീക്ഷണമുള്ള സംവിധായകൻ ശശിയേട്ടന് നൽകി. രഞ്ജിത്തേട്ടന്റെ പ്രതീക്ഷയ്ക്കൊപ്പം കലിംഗ ശശി എന്ന നടനും വളർന്നു. തുടർന്ന് ‘കേരള കഫെ’, ‘ഇന്ത്യൻ റുപ്പി’, ‘പ്രാഞ്ചിയേട്ടൻ’ എന്നീ രഞ്ജിത്ത് ചിത്രങ്ങളിൽ അർഹതയ്ക്കുള്ള വേറിട്ട കഥാപാത്രങ്ങൾ ശശിയേട്ടനെ തേടിയെത്തി. ‘തകരച്ചെണ്ട’, ‘ആമേൻ’, ‘വെള്ളിമൂങ്ങ’, ‘ആദമിന്റെ മകൻ’, ‘കസബ’ തുടങ്ങി ഒട്ടേറെ ചലച്ചിത്രങ്ങളിൽ കലിംഗശശി എന്ന നടൻ വേഷപ്പകർച്ചകളിലൂടെ മലയാള ചലച്ചിത്രമേഖലയിൽ കൈയ്യൊപ്പ് ചാർത്തി. ‘ഹലോ ഇന്ന് ഒന്നാം തീയതിയാ’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കലിംഗ ശശി ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. 250 ഓളം ചലച്ചിത്രങ്ങളിലും ഒട്ടേറെ മിനിസ്ക്രീൻ ആവിഷ്കാരങ്ങളിലും ഈ അഭിനേതാവ് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.

വിഖ്യാത ചലച്ചിത്രകാരൻ സ്റ്റീവൻ സ്പിൽബർഗ് നിർമ്മിച്ച ടോം ക്രൂയിസ് നായനായ ചലച്ചിത്രത്തിൽ യൂദാസിന്റെ വേഷം പകർന്നാടിയതും മലയാളത്തിന്റെ കലിംഗ ശശിയായിരുന്നു. പുരോഗമന ചിന്തയുള്ള പ്രത്യയശാസ്ത്രങ്ങളോട് എന്നും ചേർന്നുനിന്ന കലാകാരനാണ് കലിംഗശശി. കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റിക്കുവേണ്ടി അനശ്വര നടൻ തിലകനും നിലമ്പൂർ ആയിഷയും അഭിനയിച്ച ‘മുന്നോട്ട്’ എന്ന ഹ്രസ്വചിത്രത്തിൽ ശശിയേട്ടനും കഥാപാത്രമായിരുന്നു. സംവിധായകൻ എന്ന നിലയിൽ പ്രവർത്തിച്ച ഹ്രസ്വ ചിത്രങ്ങളിലും മൾട്ടിമീഡിയ അവതരണങ്ങളിലും അദ്ദേഹത്തിനൊപ്പം നിൽക്കുമ്പോഴൊക്കെ അറിഞ്ഞൊരു സത്യമുണ്ട്. അരങ്ങിന്റെയും ചലച്ചിത്രത്തിന്റെയും അഭിനയ രസതന്ത്രത്തിന്റെ ഊഷ്മാവിന്റെ അളവുകൾ സൂക്ഷ്മമായി ഹൃദിസ്ഥമാക്കിയ നടനാണ് കലിംഗ ശശി. ഒരിക്കൽ ഷൂട്ടിങ്ങിനിടയിലെ ഇടനേരത്ത് നാട്ടുവിശേഷങ്ങൾ പറഞ്ഞിരിക്കവെ ചോദിച്ചു. ‘ഇപ്പോൾ നാടകത്തോടാണോ സിനിമയോടാണോ പ്രിയം? ’ ചുണ്ട് കോട്ടിപ്പിടിച്ച ചിരിയോടെ ശശിയേട്ടൻ പറഞ്ഞു. ‘ആൾക്കാര് പറയാറ് ഓൻ നാടകത്തിലേക്ക് ഇറങ്ങി. മറ്റവൻ സിനിമയിലേക്ക് കേറി എന്നൊക്കെയാണ്. ജീവിതത്തെ പണവുമായി ചേർത്തുവയ്ക്കുന്ന കയറ്റിറക്കങ്ങളുടെ മുൻവിധികളുടേതാണ് ഇത്തരം പറച്ചിലുകൾ. എനിക്കങ്ങനെയൊന്നും തോന്നിയിട്ടില്ല. കലാകാരൻ എന്ന നിലയിൽ ചെയ്യുന്ന ജോലിയുടെ മാധ്യമശൈലി മാറുന്നു എന്ന് മാത്രം. തെല്ലിട നിർത്തി ശശിയേട്ടൻ തുടർന്നു… . എന്നാലും തുറന്ന് പറയാലൊ, അരങ്ങിൽ ഒരു മുഴുനീള കഥാപാത്രത്തെ ചെയ്യുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. നീരൊഴുക്കുള്ള പുഴേല് നീന്തിക്കുളിച്ച പോലെ…’ ശശിയേട്ടൻ ചിരിച്ചു. കോഴിക്കോടൻ മണ്ണിന്റെ സ്വതസിദ്ധമായ സ്നേഹത്തുടിപ്പിന്റെ ഉള്ളറകൾ തുറന്ന ചിരി…