ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയെ വാനോളം പുകഴ്ത്തിയ ശശി തരൂര്‍ എംപിയും കോണ്‍ഗ്രസുമായുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ഒരു സര്‍വകക്ഷി സംഘത്തെ നയിക്കുന്ന തരൂരിന്റെ പ്രസ്താവനയാണ് വീണ്ടും നേതാക്കള്‍ തമ്മിലുള്ള പോരിലേക്ക് നയിച്ചത്. വിവാദം കൊഴുക്കുന്നതിനിടെ തരൂരിനെ പിന്തുണച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവും മുതലെടുപ്പിന് രംഗത്ത് വന്നു. ഫിലിപ്പൈന്‍സ് സന്ദര്‍ശന വേളയിലാണ് കേന്ദ്ര സര്‍ക്കാരിനെ തരൂര്‍ പുകഴ്ത്തിയത്. ആക്രമണം നടത്തിയാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ഭീകരര്‍ക്കും മനസിലായി എന്നതാണ് സമീപവര്‍ഷങ്ങളില്‍ വന്ന മാറ്റമെന്ന് പനാമ ഇന്ത്യന്‍ എംബസിയില്‍ ശശി തരൂര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
2011ലെ സര്‍ജിക്കല്‍ സ്ട്രൈക്ക്, 2019ലെ ബാലാകോട്ട് വ്യോമാക്രമണം എന്നിവയെയും തരൂര്‍ വാഴ്ത്തി. തരൂരിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ഉദിത് രാജ്, പ്രവര്‍ത്തക സമിതി അംഗം പവന്‍ഖേര എന്നിവരാണ് ആദ്യം രംഗത്തുവന്നത്. ബിജെപിയുടെ സൂപ്പര്‍ വക്തവായി തരൂര്‍ മാറിയെന്നായിരുന്നു ഉദിത് രാജ് എക്സില്‍ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് ഭരണത്തിലാണ് രാജ്യം പാകിസ്ഥാനെ കീഴ്പ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്തും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ടെന്നായിരുന്നു പവന്‍ഖേരയുടെ പ്രതികരണം. നരേന്ദ്ര മോഡി രാഷ്ട്രീയ പ്രചരണത്തിന് സൈന്യത്തെ ഉപയോഗിക്കുന്നതായി 2018ല്‍ പ്രസിദ്ധീകരിച്ച തരൂരിന്റെ ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തില്‍ തരൂര്‍ പറഞ്ഞതിനോട് യോജിക്കുന്നതായും പവന്‍ഖേര എക്സില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെതിരെ വിമര്‍ശനം ശക്തമാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു തരൂരിനെ പിന്തുണച്ച് രംഗത്തുവന്നത്. നമ്മുടെ എംപിമാര്‍ വിദേശ രാജ്യങ്ങളില്‍ പോയി രാജ്യത്തെ കുറ്റം പറയണമെന്നാണോ കോണ്‍ഗ്രസിന്റെ ആഗ്രഹമെന്ന് റിജിജു ചോദിച്ചു. പ്രധാനമന്ത്രിയെയും ഇന്ത്യന്‍ നിലപാടിനെയും കുറ്റം പറയുകയല്ല എംപിമാരുടെ ദൗത്യം. കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ നിരാശയ്ക്ക് അതിരുണ്ടെന്നും റിജിജു എക്സില്‍ കുറിച്ചു. ഇതിനിടെ വിമര്‍ശകര്‍ക്കെതിരെ ശശി തരൂരും രംഗത്ത് വന്നു. ഭ്രാന്തന്‍മാരും ട്രോളര്‍മാരുമാണ് തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്നായിരുന്നു തരൂരിന്റെ പ്രതികരണം. തരൂരിന്റെ മോഡി സ്തുതിയും കേന്ദ്ര സര്‍ക്കാരിനെ വാനോളം പുകഴ്ത്തുന്നതും കോണ്‍ഗ്രസില്‍ കടുത്ത അമര്‍ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.