തിരുവനന്തപുരം: ഒടുവിൽ വേദനകളുടെ ലോകത്തു നിന്നും മോചനം, ശാസ്താംകോട്ട ക്ഷേത്രത്തിലെ ആന നീലകണ്ഠൻ ചരിഞ്ഞു. ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ വച്ചാണ് ചികിത്സയിലിരിക്കെ നീലകണ്ഠൻ ചരിഞ്ഞത്.
പ്രവാസി ബിസിനസുകാരനായ ശാസ്താകോട്ട അജിത് കുമാർ ആണ് ശാസ്താ ക്ഷേത്രത്തിലേക്ക് ആനയെ വർഷങ്ങൾക്ക് മുൻപ് നടയ്ക്കിരുത്തിയത്. മുൻ കാലുകൾക്ക് രോഗം ബാധിച്ചതിനെത്തുടർന്ന് വർഷങ്ങളായി നീലകണ്ഠന്റെ അവസ്ഥ ദയനീയമായിരുന്നു. ക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിനും മറ്റും ആനയെ ഉപയോഗിക്കാതെ വന്നതോടെ ആനയെ സ്ഥിരമായി ചങ്ങലയിൽ ബന്ധിച്ച് മാറ്റി നിർത്തുന്ന അവസ്ഥ ആയിരുന്നു.
കാര്യമായി പരിചരണം ലഭിക്കാതെ മഴയും വെയിലും കൊണ്ട് തളർന്നു നിന്ന അവന്റെ ദൈന്യത കണ്ട് നടയ്ക്കിരുത്തിയ ആൾ തന്നെ അവന് ഒരു കൊട്ടിലും പണിത് നൽകി. മെച്ചപ്പെട്ട ചികിത്സ നൽകാൻ താൻ ഒരുക്കമാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ അതൊന്നും ഫലവത്തായില്ലെന്ന് മാത്രമല്ല നിരന്തരം കെട്ടിയിടപ്പെട്ട് അവന്റെ പിൻകാലുകളിൽ വ്രണങ്ങൾ വന്നു തുടങ്ങിയിരുന്നു. അക്ഷരാർത്ഥത്തിൽ നരകയാതയായിരുന്നു നീലകണ്ഠൻ അനുഭവിച്ചുകൊണ്ടിരുന്നത്.
പൂരപ്പറമ്പുകളിലെ താരമായി മാറിയ ആനയെ മദ്യലഹരിയിൽ പാപ്പാൻ മർദ്ദിച്ചു. ഇടത്തേ മുൻകാലിന് ഏറ്റ പരിക്ക് മൂലം മുടന്തിയാണ് ആന നടന്നിരുന്നത്.ദേവസ്വം ബോർഡിന് ആന പരിചരണം ബാധ്യതയായതോടെ ഹൈക്കോടതി ഇടപെട്ടാണ് വനം വകുപ്പിന് കൈമാറിയത്. കോട്ടൂരിലെ പരിചരണ കേന്ദ്രത്തിൽ വിദഗ്ധ പരിചരണം നൽകണമെന്നും 24 മണിക്കൂറും വെറ്റിനറി ഡോക്ടറുടെ സേവനം നൽകണമെന്നുമായിരുന്നു ഹൈക്കോടതി നിർദ്ദേശം. എന്നാൽ ഇവിടെ ആനയ്ക്ക് വേണ്ട പരിചരണം കിട്ടാതെ നരകയാതന അൻുഭവിക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച പുലർച്ചെ നീലകണ്ഠൻ എന്നന്നേക്കുമായി വിട ചൊല്ലിയിരിക്കുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.