വരകളുടെ കലൈമാമണി; വര്‍ണ്ണങ്ങളുടെയും

Web Desk
Posted on October 06, 2019, 2:38 am

അനില്‍കുമാര്‍ ഒഞ്ചിയം

അക്ഷരാർത്ഥത്തിൽ ചിത്രകലയ്ക്കായി ജീവിതം സർപ്പിച്ചിരിക്കുകയാണ് സതീശങ്കർ എന്ന സതി ടീച്ചർ. ചിത്രകാരികളിൽ അധികമാരും കൈവെക്കാത്ത ചുമർ ചിത്രകലയിൽ തനതായ ശൈലിവാർത്തെടുത്ത ഈ കലാകാരിയുടെ ചിത്രങ്ങള്‍
ത്രങ്ങൾ ക്ഷേത്രചുവരുകളിലുൾപ്പെടെ സ്ഥാനം പിടിച്ചിട്ടുമുണ്ട്. അധ്യാപിക, എഴുത്തുകാരി, ഫോട്ടോഗ്രാഫർ. ശിൽപി, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം
മുഴുകിയിരിക്കുന്ന സതീശങ്കറിന് കലാപ്രവർത്തനം വിട്ടൊഴിഞ്ഞ നേരമില്ല.

നിറങ്ങള്‍ ചെറുപ്പം മുതല്‍ സതീടീച്ചറുടെ ഉറ്റതോഴരാണ്. വര്‍ണങ്ങളും വരകളും കൊണ്ട് തന്റെ കാഴ്ചപ്പാടുകള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതിന്റെ സംതൃപ്തിയാണ് രചനകള്‍ക്ക് പ്രേരണയെന്ന് ടീച്ചര്‍ പറയുന്നു. വയലുകളും തെരുവുകളും കൊണ്ട് സമ്പന്നമായ ഗതകാലത്തിന്റെ കാഴ്ചകളാണ് ഇവരുടെ ചിത്രങ്ങളുടെ പ്രത്യേകത. മയ്യഴിയുടെ രമണീയതയും സ്ത്രീത്വത്തിന്റെ നിഷ്‌കളങ്കമായ കാത്തിരിപ്പും തെരുവിലെ അനാഥത്വങ്ങളുടെ ദൈന്യതയുമെല്ലാം എത്ര മിഴിവോടെയാണ് സതീശങ്കര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്!. നമുക്ക് കൈമോശം വരുന്ന നാട്ടു നന്‍മകളേയും ചിത്രങ്ങളില്‍ കാണാം. ആകാശത്തിന്റെ നീലിമയും കാടിന്റെ പച്ചപ്പും സ്വച്ഛന്ദമായൊഴുകുന്ന പുഴയുമെല്ലാം ഈ അധ്യാപികയുടെ ക്യാന്‍വാസുകളില്‍ നിറശോഭയാര്‍ന്നു നില്‍ക്കുന്നു. നിറങ്ങളെ സ്വയം മേയാന്‍ വിട്ട് ക്യാന്‍വാസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് അധ്യാപന വൃത്തിയില്‍നിന്നും വിരമിച്ചതിനു ശേഷവും സതിടീച്ചര്‍. ഒരുപക്ഷെ ചിത്രകലയോടുള്ള അഭിനിവേശം കാരണമാവാം വൈവാഹിക ജീവിതംപോലും ടീച്ചര്‍ മറന്നുപോകുകയായിരുന്നു.
‘കലാ രംഗത്തെ മികവിന് പോണ്ടിച്ചേരി സര്‍ക്കാര്‍ ഇവരെ ‘കലൈമാമണി’ പുരസ്‌കാരം നല്‍കിയാണ് ആദരിച്ചത്. പോണ്ടിച്ചേരി ആര്‍ട്ടിസ്റ്റ് സൊസൈറ്റി ചിത്രകാരന്‍മാര്‍ക്ക് നല്‍കി വരുന്ന ഉന്നത ബഹുമതിയായ രവി വര്‍മ്മാ പുരസ്‌കാരവും സതി ശങ്കറിന് ലഭിച്ചിട്ടുണ്ട്. ഒ വി എ തിലകം ചിത്രകലാ പുരസ്‌കാരവും ഇവരെത്തേടിയെത്തി. ഡല്‍ഹി അഗ്‌നിപഥ് സൊസൈറ്റി ദേശീയ തലത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തിലും പ്രദര്‍ശനത്തിലും പുരസ്‌കാരം നേടാനായത് തന്റെ കലാജീവിതത്തിലെ ധന്യ നിമിഷമായി സതി ടീച്ചര്‍ കരുതുന്നു.


‘പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലെ പുതിയപുരയില്‍ പി ശങ്കരന്റേയും ലക്ഷ്മിയുടേയും മകളായി ജനിച്ച സതീശങ്കര്‍ ചെറുപ്പത്തിലെ ചിത്രരചനയില്‍ അഭിരുചി തെളിയിച്ചു. മാഹിയിലെ എനക്സ് (ഇന്നത്തെ ജെ എന്‍ എച്ച് എസ് എസ്), മാഹി ഗേള്‍സ് സ്‌കൂള്‍ (ഇന്നത്തെ സി ഇ ഭരതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) എന്നിവിടങ്ങളിലായിരുന്നു പ്രഥമിക വിദ്യാഭ്യാസം. മദ്രാസ് ഫൈന്‍ ആര്‍ട് കോളേജില്‍ ചിത്രകല അഭ്യസിച്ചു. കോടമ്പാക്കത്തെ ഫൈന്‍ ആര്‍ട്സ് കോളേജില്‍ കെ സി എസ് പണിക്കരുടേയും എം വി ദേവന്റേയുമെല്ലാം കീഴിലായിരുന്നു പഠനം. മദ്രാസ് സെയ്ദാപെറ്റില്‍വെച്ച് ഫൈന്‍ ആര്‍ട്സില്‍ ടെക്നിക്കല്‍ അധ്യാപക പരിശീലനം (ഡിപ്ലോമ) നേടി. പോണ്ടിച്ചേരി സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ ചിത്രാകലാ അധ്യാപകനായ ഇവേര്‍ട്ടിന്റെ കീഴിലും പരിശീലനം നേടി. മൈസൂര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബി എഫ് എയും (ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ്), എം എഫ് എയും (മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്സ്) കരസ്ഥമാക്കി. മാഹി കലാഗ്രാമത്തില്‍ അഞ്ചു വര്‍ഷം ആര്‍ട്ടിസ്റ്റ് കെ ആര്‍ ബാബുവിന്റെ കീഴില്‍ മ്യൂറല്‍ പെയിന്റിംഗ് അഭ്യസിച്ചു. ചുമര്‍ ചിത്രകലയുടെ നിയമാവലി അഭ്യസിക്കുക ഏറെ ശ്രമകരമാണ്. എന്നാല്‍ എല്ലാം വളരെ എളുപ്പം അഭ്യസിക്കാന്‍ സതീ ശങ്കറിന് കഴിഞ്ഞു.


‘ഒന്നാം റാങ്കോടെ ചിത്രകലാധ്യപന പരിശീലനം പൂര്‍ത്തിയാക്കിയ സതീ ശങ്കര്‍ മാഹി പള്ളൂര്‍ ഗവ. ബോയ്സ് സ്‌കൂളി (ഇന്നെത്ത വി എന്‍ പുരുഷോത്തമന്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) ലാണ് ആദ്യം ജോലി ചെയ്തത്. മാഹി ഗവ. റീജണല്‍ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിലുള്ള പാല്‍ കലൈ കൂല്‍ എന്ന സ്ഥാപനത്തിന്റെ മാഹിയിലെ പഠന കേന്ദ്രമായ പാല്‍ കലൈ കൂടത്തിലും കലാ അധ്യപികയായി സേവനം അനുഷ്ഠിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു, ഡ്ഗ്രി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള അഞ്ച് വര്‍ഷത്തെ ചിത്രകലാ കോഴ്സാണ് ഇവിടെ നടത്തിവരുന്നത്. മാഹി കലാഗ്രാമത്തില്‍ ചിത്രകലാ അധ്യാപികയായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നത്തെ പന്തക്കല്‍ ഐ കെ കുമാരന്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും ഫ്രഞ്ച് ഭാഷമാത്രം പഠനമാധ്യമമായിട്ടുള്ള ഇ സി ആന്റ് സി സി സ്‌കൂളിലും (ഇക്കോള്‍ സെന്‍ട്രല്‍) അധ്യാപികയായിരുന്നു.

‘കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ മൂന്ന് തവണ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. മാഹി സെന്റ് തേരേസാ ദേവാലയത്തോടു ചേര്‍ന്നുള്ള മേരി മാതാ കമ്മ്യൂണിറ്റി ഹാളിലും മൂന്ന് തവണ ചിത്ര പ്രദര്‍ശനം നടത്തി. തലശ്ശേരി കീഴന്തിമുക്ക് ലളികതകലാ അക്കാദമി ഹാള്‍, ഏറണാകുളം ദര്‍ബാര്‍ ഹാള്‍, തൃശൂര്‍ ലളിതകലാ അക്കാദമി, പോണ്ടിച്ചേരി അലിയാന്‍സ് ഹാള്‍, ബാംഗ്ലൂര്‍, മദ്രാസ്, മലേഷ്യ എന്നിവിടങ്ങളിലും നിരവധി തവണ ചിത്ര പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.’
‘എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന വിഖ്യാത നോവലിലെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി രചിച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമായി. ഇവയും മയ്യഴിപ്പുഴയുടെ വടക്കു നിന്നും പഴയ മയ്യഴിയെ നോക്കിക്കാണുന്ന ചിത്രവും മാഹി ഗവ. ഗസ്റ്റ് ഹൗസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മയ്യഴിപ്പെരുന്നാളിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി തത്സമയം അവരുടെ ഛായാ ചിത്രം വരച്ചുനല്‍കിവരുന്നു. ഇതിലൂടെ ലഭിക്കുന്ന പ്രതിഫലം മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്. ’


‘കേരളത്തെ മഹാ പ്രളയം വിഴുങ്ങിയപ്പോഴും ടീച്ചര്‍ മാറിനിന്നില്ല. കോഴിക്കോട് മിഠായിത്തെരുവിലെ എസ് കെ പൊറ്റെക്കാട്ട് പ്രതിമയ്ക്കു മുന്നില്‍ രണ്ടു ദിവസം മുഴുവന്‍ തെരുവോര ചിത്രരചന നടത്തുകയും ഈ ചിത്രങ്ങളെല്ലാം കോഴിക്കോട് ഗുരുകുലം ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച് വില്‍പ്പന നടത്തുകയും ചെയ്തു. ഇതിലൂടെ ലഭിച്ച തുക മുഴുവന്‍ അവര്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയായിരുന്നു.’
‘ചിത്രകലയെ ആസ്പദമാക്കി ‘കലാമുകുളം’ എന്ന പേരില്‍ സതീശങ്കര്‍ എഴുതിയ ഇ‑പുസ്തകം ചിത്രകലാ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ പുസ്തകം പിന്നീട് ‘ഷാഡോ’ എന്ന പേരില്‍ ഇംഗ്ലീഷ് ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളില്‍ ചിത്രകലയെ സംബന്ധിച്ച് അവര്‍ ഒട്ടേറെ ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്.’


”ചിത്രകാരികളില്‍ കേരളത്തിന്റെ പ്രഭ നിലനിര്‍ത്തിയത് സി കെ പത്മിനിയാണ്. അപൂര്‍വ്വം ചിത്രകാരികള്‍ വേറെയുമുണ്ട്. എന്നാല്‍ സതിടീച്ചര്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു മാര്‍ഗ്ഗം സ്വീകരിച്ചതായി തോന്നുന്നു. അവര്‍ ഒരു നല്ല ചിത്രകാരിയാണ്. നല്ല കലാ അധ്യാപകയാണ്. കലയുടെ ചരിത്രവും അതിന്റെ ശാഖോപശാഖയായ വികാസ പരിണാമങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ള ഒരു വിജ്ഞാന ദാഹിയുമാണ്. ഇപ്പോള്‍ സതീടീച്ചര്‍ സമര്‍പ്പിക്കുന്ന ഒരു അപൂര്‍വ്വ സിദ്ധിയുടെ സാഫല്യമാണ് ചിന്തകള്‍, ചര്‍ച്ചകള്‍ ചരിത്ര പരിണാമങ്ങള്‍ ഇതെല്ലാം ചേര്‍ന്നിട്ടുള്ള ഇങ്ങനെയൊരു പുതിയ പുസ്തകം. പ്രപഞ്ചം കലാ ലോകത്തിനു മുന്നില്‍ തുറന്നുവെയ്ക്കാന്‍ ധൈര്യം കാണിച്ചവരാണ് സതിടീച്ചര്‍. കേരളീയ സഹൃദയ ലോകം പ്രത്യേകിച്ച് കലാസ്വാദക സമൂഹം ഈ കാണിക്കയെ ബഹമാനത്തോടെ സ്വീകരിക്കുമെന്നും ശ്ലാഘിക്കുമെന്നും വരും തലമുറയ്ക്ക് ഒരു വഴിവെളിച്ചമായി ഇതിനെ നിലനിര്‍ത്തുമെന്നും പ്രതീക്ഷിക്കുന്നു’. എം വി ദേവന്‍ സതീശങ്കറിന്റെ പുസ്തകത്തെ വിലയിരുത്തുന്നത് ഇപ്രകാരമാണ്.’
‘കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ മിക്ക കലാ-സാസംസ്‌കാരിക വേദികളിലും ഫോട്ടോഗ്രാഫറായി പ്രത്യക്ഷപ്പെടാറുള്ള സതീശങ്കറിനെ പലപ്പോഴും തിരിച്ചറിയപ്പെടാറില്ലെങ്കിലും അവരുടെ പല ഫോട്ടോകളും ഏറെ പ്രശംസയ്ക്ക് പാത്രമായവയാണ്. മികച്ച ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ ഇവര്‍ നൃത്ത‑നാടക-കലോത്സവ വേദികള്‍ക്കും സുപരിചിതയാണ്. ’
‘കതിരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ചിത്ര ഗ്രാമം പദ്ധതിയുടെ ഭാഗമായി കതിരൂര്‍ പുലിയോട്ട് എല്‍ പി സ്‌കൂളില്‍ ചുമര്‍ ചിത്ര മാതൃകയില്‍ സതി ശങ്കര്‍ എഴുത്തച്ഛന്റെ ചിത്രം വരയ്ക്കുകയുണ്ടായി. ഇതോടെ ആ സ്‌കൂള്‍ എഴുത്തച്ഛന്റെ സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഇത് തനിക്ക് കിട്ടിയ വലിയ അംഗീകാരമായി സതി ടീച്ചര്‍ കരുതുന്നു. ’


കൂടുതലായും പ്രകൃതി ദൃശ്യങ്ങളാണ് സതി ശങ്കര്‍ തന്റെ ക്യാന്‍വാസില്‍ പകര്‍ത്താന്‍ ഇഷ്ടപ്പെടുന്നത്. ഇതിനായി അക്രലിക്ക്, വാട്ടര്‍ കളര്‍ മാധ്യമങ്ങളാണ് ഉപയോഗിക്കുന്നത്. മ്യൂറല്‍ പെയ്ന്റിംഗില്‍ കഴിവു തെളിയച്ച സതി ശങ്കറിന്റെ ചുമര്‍ ചിത്രങ്ങള്‍ ചില ക്ഷേത്രങ്ങളേയും വര്‍ണാഭമാക്കുന്നു. ശ്രീരാമ പട്ടാഭിഷേകം, പ്രദോഷ നൃത്തം, ഗീതോപദേശം, രാധ‑കൃഷ്ണ പ്രണയം തുടങ്ങിയവ ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. മാഹി ശ്രീകൃഷ്ണ ക്ഷേത്ര ചുമരില്‍ വ്യാളീ മുഖങ്ങള്‍ വരച്ച് സ്ഥാപിക്കാന്‍ കഴിഞ്ഞത് തന്റെ ചിത്രകലാ ജീവിതത്തിന് മുതല്‍ക്കൂട്ടായതായി സതി ടീച്ചര്‍ വിലയിരുത്തുന്നു.’

ക്ലേ മോഡലിംഗിലും സതീശങ്കര്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. യേശു, മഹാത്മാ ഗാന്ധി, ടാഗോര്‍ എന്നിവരുടെ ഒട്ടുവളരെ മാതൃകകള്‍ നിര്‍മ്മിച്ച് വിവിധ സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി നല്‍കിയിട്ടുണ്ട്.’
മാഹി സെന്റ് തെരേസാ പള്ളിയിലെ ചുവരില്‍ സതിശങ്കര്‍ അക്രലിക്കില്‍ വരച്ച വിശുദ്ധ ത്രേസ്യാ മാതാവിന്റെ ചിത്രം വിശ്വാസികളുടെ പ്രീതി പിടിച്ചുപറ്റിവരുന്നു. മാഹി എസ് ബി ഐയില്‍ സ്ഥാപിച്ച പഴശ്ശിരാജാ ചിത്രവും മാഹിയിലെ മുഖ്യ വിദ്യാഭ്യാസ ഓഫീസില്‍ സ്ഥാപിച്ച പ്രകൃതി ചിത്രവും ഫ്രഞ്ച് സ്‌കൂള്‍ ചുമരില്‍ വാട്ടര്‍ കളറില്‍ തീര്‍ത്ത പ്രകൃതി ദൃശ്യങ്ങളും സഞ്ചാരികളുടെയുള്‍പ്പെടെ ശ്രദ്ധയാകര്‍ഷിക്കുന്നു.’
പന്തക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗാന്ധിജിയും ടാഗോറും ഉള്‍പ്പെടെയുള്ള ദേശീയ സ്വാതന്ത്ര്യ സമര നേതാക്കളുടെയും സാംസ്‌കാരിക നായകരടേയും ചിത്രങ്ങള്‍ സതി ശങ്കര്‍ വരച്ചിട്ടുണ്ട്.’
അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്ട്രീയ‑സാമൂഹ്യ ചരിത്രങ്ങളും മനോഭാവങ്ങളും ചിത്രീകരിക്കുന്ന എം മുകുന്ദന്റെ വിഖ്യാത നോവല്‍ മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ഓരോ കഥാപാത്രത്തേയും ഏറെ ചാരുതയോടെയാണ് സതിശങ്കര്‍ ക്യാന്‍വാസില്‍ പകര്‍ത്തിവെച്ചിരിക്കുന്നത്. ദാമു റൈറ്ററുടെ മകന്‍ ദാസനും ലെസ്ലി സായിപ്പും കൊറുമ്പിയും വെള്ളിയാങ്കല്ലുമെല്ലാം ഇങ്ങനെ പുനര്‍ ജനിക്കുന്നു. ഉത്സവ പറമ്പിലും കടലോരത്തും പാര്‍ക്കിലും എന്നു വേണ്ട മയ്യഴിയിലെ ഓരോ തിരക്കിലും സതിശങ്കറുണ്ടാകും. തന്റെ ക്യാന്‍വാസിന് നിറം പകരാന്‍ പുതിയ കാഴ്ചകള്‍ തേടി.’