വെള്ളിത്തിരയിലെ ജീവിത സത്യങ്ങള്‍

Web Desk
Posted on July 21, 2019, 10:25 am

അശ്വതി

‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ ഒരു സിനിമയെ സംബന്ധിച്ച് വളരെ ആകര്‍ഷണീയവും ഒരുപാട് പ്രതീക്ഷകളും ഉദ്യേഗവും ജനിപ്പിക്കുന്നതുമായ പേരാണ്. ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ കഥപറച്ചിലിന്റെ മാജിക് മലയാളിയെ ബോധ്യപ്പെടുത്തിയ എഴുത്തുകാരനാണ് സജീവ് പാഴൂര്‍. മികച്ച തിരക്കഥയ്ക്കുള്ള വിവിധ അവാര്‍ഡുകള്‍ നേടിയ തൊണ്ടിമുതലിന് ശേഷം രണ്ടാമത്തെ ചിത്രമെന്ന നിലക്ക് വലിയ പ്രതീക്ഷയും ബാധ്യതയുമാണ് ഗൗരവത്തോടെ സിനിമയെ സമീപിക്കുന്നവരില്‍ നിന്നും സജീവ് നേരിടുന്നത്. സമൂഹത്തിന്റെ മുഖ്യധാരയിലുള്ളവരുടെ കണ്ണില്‍പ്പെടാത്ത ഒരിക്കലും ചര്‍ച്ചാവിഷയമാകാത്ത സാധാരണക്കാരുടെ ജീവിതമാണ് രണ്ടു ചിത്രങ്ങള്‍ക്കും വിഷയമായത് എന്നതുമാത്രമാണ് അവ തമ്മിലെ സാമ്യം. നിലനില്‍പിന് വേണ്ടിയുള്ള സമരത്തിനിടയില്‍ മനുഷ്യന്‍ പകര്‍ന്നാടുന്ന നിരവധി നാടകീയമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പ്രേക്ഷകരെ അമ്പരപ്പിച്ചത്. ചെറിയൊരു കള്ളം മറച്ചുവയ്ക്കാനായി പെടുന്ന തത്രപ്പാടുകളും അതിനിടെ പിണയുന്ന അബദ്ധങ്ങളുമാണ് ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ പറയുന്നത്.

വാര്‍ക്കപ്പണിക്കാരുടെ ജീവിതം

കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ വിവിധ പ്രായത്തിലെ ഒരു കൂട്ടം ആള്‍ക്കാരുടെ ജീവിതത്തിലൂടെയാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ സഞ്ചരിക്കുന്നത്. മദ്ധ്യവയസ്സുള്ള മൂത്ത മേസ്തിരി സുനിയായി ബിജുമേനോനും അയാളുടെ കൈയ്യാളായി ദിനേശ് നായര്‍, സുധി കോപ്പ, സുമംഗല്‍ തുടങ്ങിയവരും മൂത്താശ്ശാനായി അലന്‍സിയറുമാണ് വേഷമിട്ടത്. വിദ്യാഭ്യാസവും സാമാന്യ ലോകവിവരവും ഇല്ലാത്തതുകൊണ്ട് ദൈനംദിന ജീവിതത്തില്‍ ഇവര്‍ നേരിടുന്ന പ്രതിസന്ധികളിലൂടെയാണ് തിരക്കഥാകൃത്തും സംവിധായകനും ചിരിയുണ്ടാക്കാന്‍ ശ്രമിക്കുന്നത്. അവരാഗ്രഹിച്ച തരത്തില്‍ പ്രേക്ഷകര്‍ അത് സ്വീകരിച്ചുവോ എന്ന കാര്യം സംശയമാണ്. ഒരു വീടു പണിക്കിടെ കുശുമ്പും കുന്നായ്മയുമുള്ള അയല്‍ക്കാരന്‍ മേസ്തിരിമാരെ കുറിച്ച് പരാതി പറയുന്നതും പാട്ട് പാടിച്ച് തെളിവെടുപ്പ് നടത്തിക്കുന്നതും, ഓട്ടോ ഡ്രൈവര്‍ ട്വന്റിഫൈവ് എന്ന് പറയുമ്പോള്‍ അതിലും കുറഞ്ഞ തുകയാണെന്ന് തെറ്റിധരിച്ച് മുപ്പത് രൂപകൊടുത്ത് നടന്നുപോകുന്നതും, പഞ്ചായത്ത് മെമ്പര്‍ വിളിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് പറയുമ്പോള്‍ എന്തിനെന്ന് പോലും തിരക്കാതെ ഒളിവില്‍ പോകുന്നതുമൊക്കെ കാണികളില്‍ ചിരിയുണര്‍ത്തിയോ എന്നകാര്യം ചിന്തനീയം.

മികച്ച ഫോമില്‍ ബിജുവും സംവൃതയും

അയല്‍വീട്ടിലെ സാധാരണക്കാരന്റെ മുഖം ഏറെ സ്വാഭാവികമായി പകര്‍ന്നാടാന്‍ തനിക്ക് കഴിയുമെന്ന് ബിജുമേനോന്‍ മുമ്പും തെളിയിച്ചിട്ടുള്ളതാണ്. വാര്‍ക്കപ്പണിക്കാരനായി ബിജുവിന്റെ സ്വാഭാവിക പരിണാമം ഏറെ കൗതുകകരമാണ്. കയലിമുണ്ടിന്റെ കോന്തലകൊണ്ടുള്ള മുഖം തുടക്കലില്‍ തുടങ്ങി ബിജുവിന്റെ നോട്ടവും നടപ്പും കഴിപ്പും സംസാരരീതിയുമൊക്കെ വളരെ യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്ന രീതിയിലായി. പക്ഷെ പണിക്കുപോയ വലിയ വീട്ടിലെ പെണ്‍കുട്ടി അയാള്‍ക്കൊപ്പം ഇറങ്ങിപ്പോരാന്‍ മാത്രം എന്ത് സ്വഭാവസവിശേഷതയാണ് ആ കഥാപാത്രത്തിനുള്ളത് എന്ന് വ്യക്തമാക്കുന്നുമില്ല. പ്രണയത്തിന് ഇരയായി ഒളിച്ചോടിയെത്തിയ ഭാര്യയും എട്ടുവയസ്സുകാരി മകളുടെ അമ്മയുമായി സംവൃത ചെറിയ ഭാഗമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതില്‍ കവിഞ്ഞ ആഴമുള്ള കഥാപാത്രമല്ല സംവൃതയുടേത്. മൂത്ത മേസ്തിരിയായി അലന്‍സിയര്‍ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. സ്വഭാവനടന്മാരുടെ കാര്യത്തില്‍ മലയാളം ഇന്നും ദരിദ്രമല്ലെന്ന് അരക്കിട്ടുറപ്പിക്കുകയാണ് കൊച്ചച്ചന്‍ മേസ്തിരിയിലൂടെ അലന്‍സിയര്‍. വാര്‍ക്കപ്പണിക്കാരായി ഒപ്പം നില്‍ക്കുന്ന ദിനേഷ് നായര്‍, സുധി കോപ്പ, ബംഗാളി പണിക്കാരനായി സുമംഗല്‍ തുടങ്ങിയവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. ശ്രീകാന്ത് മുരളി, ശ്രുതി ജയന്‍, സൈജു കുറുപ്പ് , ജാഫര്‍ ഇടുക്കി, സുധീഷ,് വെട്ടുകിളി പ്രകാശ്, തുടങ്ങിയ ഒരു വലിയ നിര അഭിനേതാക്കള്‍ക്കൊപ്പം, തിരക്കഥാകൃത്ത് സജീവ് പാഴൂരും സ്‌ക്രീനിലെത്തുന്നുണ്ട്.

ഒടുവില്‍ മനോഹരമായ സന്ദേശം

ജീവിതത്തില്‍ നാളെ വലിയ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയിലൊന്നുമല്ല മുഖ്യധാരയില്‍ വരാത്ത തൊഴിലാളികള്‍ അടക്കം സാധാരണക്കാരുടെ ജീവിതം. എന്നാല്‍ എല്ലാ കഷ്ടപ്പാടുകള്‍ക്കിടയിലും പണം കൊണ്ട് സ്വയം ഉന്നത ശ്രേണിയില്‍ പ്രതിഷ്ഠിക്കപ്പെട്ടവരേക്കാള്‍ അതത് ദിവസം അതത് നിമിഷത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് ജീവിതം ആസ്വദിക്കുന്നവരാണവര്‍. മനസ്സില്‍ വലിയ ഭാരമില്ലാതെയാണ് അവര്‍ ഓരോ ദിവസവും ഉറങ്ങുന്നതെന്ന് സാരം. മുഖ്യധാരയിലുള്ള ചിലരെങ്കിലും ധരിക്കുന്നത്‌പോലെ ലക്ഷങ്ങള്‍ വിലയുള്ള ആര്‍ഭാടം നിറഞ്ഞ വീടും കാറും ഇല്ലാത്തത് കൊണ്ടോ മക്കളെ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ പഠിപ്പിക്കാന്‍ കാശില്ലാത്തത്‌കൊണ്ടോ വിഷമിച്ച് വിഷാദം ബാധിച്ച് എല്ലാ ദിവസവും കരഞ്ഞ് ഉറങ്ങുന്നവരല്ല ദിവസവേതനക്കാരായ സാധാരണക്കാര്‍. ജീവിതത്തിന്റെ ഈ ഒരു വശം ഭംഗിയായി അവതരിപ്പിക്കാന്‍ സജീവ്-പ്രജിത് കൂട്ടുകെട്ടിന് കഴിഞ്ഞിട്ടുണ്ട്.
സമാധാനവും ക്ഷമയും കൊണ്ട് ഏത് കാണാക്കയത്തില്‍ നിന്നും ജീവിതം തിരിച്ച് പിടിക്കാന്‍ കഴിയുമെന്നതാണ് ഈ ചിത്രം പങ്കുവയ്ക്കുന്ന പ്രധാന സന്ദേശം. ഭാര്യയുടെ നിഷ്‌കളങ്കമായ സ്‌നേഹത്തിനും ക്ഷമക്കും മുന്നില്‍ മുട്ടുകുത്തുന്ന നായകനെയാണ് അവസാന ഷോട്ടില്‍ നമ്മള്‍ കാണുന്നത്.