Monday
18 Feb 2019

ഈ ഇംഗ്ലീഷിന്റെ ഒരു കാര്യം!

By: Web Desk | Monday 26 November 2018 10:32 PM IST

devika

ഉടുമ്പു പിടിച്ചതുപോലെ, കിനാവള്ളി ചുറ്റിയതുപോലെ എന്നിങ്ങനെ ചില പ്രയോഗങ്ങളുണ്ട്. ഇവറ്റകളുടെ പിടിയില്‍പെട്ടുപോയാല്‍ ഊരിപ്പോകുന്ന കാര്യം അചിന്ത്യം. അതുപോലെയാണ് ഇംഗ്ലീഷും. സായിപ്പ് ഭരണം മതിയാക്കി പടം മടക്കി ഇന്ത്യ വിട്ടിട്ടും ഇംഗ്ലീഷ് ഉടുമ്പ് ഇന്ത്യന്‍ ഗാത്രത്തില്‍ കിനാവള്ളിയെപോലെ ഇപ്പോഴും നമ്മെ ചുറ്റിവരിഞ്ഞിരിക്കുന്നു. ദേവികയുടെ മുത്തച്ഛന്റെ സുഹൃത്തും റേഷന്‍വ്യാപാരിയുമായ കല്ലൂര്‍ അസീസിനെയാണ് ഓര്‍മ വരുന്നത്. അസീസ് മാമയ്ക്ക് ഇംഗ്ലീഷുമറിയില്ല, ഹിന്ദിയുമറിയില്ല. പക്ഷേ പരസ്പരം ഇംഗ്ലീഷ് സംസാരിക്കുന്ന സുഹൃത്തുക്കളായ ചില പ്രവാസികള്‍ പൊട്ട ഇംഗ്ലീഷ് തട്ടിവിടുമ്പോള്‍ അദ്ദേഹവും ഇടയ്ക്കുകയറി ഇംഗ്ലീഷ് കാച്ചിക്കളയും; ‘മൈ സണ്‍, യുവര്‍ സണ്‍, ആള്‍ സണ്‍, വണ്‍ സണ്‍’ എന്ന്. പട്ടാളത്തില്‍ നിന്ന് അവധിയില്‍ വരുന്ന സുഹൃത്തുക്കള്‍ തമ്മില്‍ ഹിന്ദിയില്‍ ഡയലോഗ് ഫിറ്റ് ചെയ്താലും അസീസ് മാമ ഇടപെട്ടുകളയും; ‘ഹം തും ഏക് കമ്രേ മേം ബന്ദ് ഹോ’ എന്നോ ‘ഝൂട്ട് ബോലേ കവ്വാ ഖാട്ടേ’ എന്നോ ഒക്കെ അംഗവിക്ഷേപങ്ങളോടെ അലറും. ഈ വരികള്‍ സംഗീതസാന്ദ്രമായ ഹിന്ദിപാട്ടുകളാണെന്നു പോലും അദ്ദേഹത്തിനറിയില്ല. താനും ആ ഭാഷ പറയുന്നു. അര്‍ഥം വേറെ. അനര്‍ഥം വേറെ. വ്യാകരണവും ഉച്ചാരണഭാവവുമൊന്നും അസീസ് മാമായ്ക്ക് വിഷയമേയല്ല.
ഇതേക്കുറിച്ച് ചികഞ്ഞു ചോദിച്ചാല്‍ അസീസ് മാമ തെളിച്ചുപറയും; ‘മനുഷ്യനെ വടിയാക്കുന്ന അവന്റെയൊക്കെ ഒരു ഇംഗ്ലീഷ്!’ കഥാപുരുഷനെ ഓര്‍ത്തുപോയത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും പൊലീസ് സൂപ്രണ്ട് യതീഷ് ചന്ദ്രയും തമ്മില്‍ ശബരിമല മാര്‍ഗമധേ്യയുള്ള നിലയ്ക്കലില്‍ നടന്ന വാഗ്വാദത്തെയും പിന്നീടു പുകഞ്ഞ ഭാഷാവിവാദവും കേട്ടപ്പോഴാണ്, ഇംഗ്ലീഷില്‍ ‘യു’ എന്ന വാക്കിന് (അക്ഷരത്തിനല്ല) എത്രയെത്ര അര്‍ഥങ്ങളാണുള്ളത്. ‘യു’ വിന് നീയെന്ന അര്‍ഥമുണ്ട്, താങ്കള്‍ എന്ന അര്‍ഥമുണ്ട്, നിങ്ങള്‍ എന്നും അങ്ങ് എന്നും അര്‍ഥമുണ്ട്. ‘വില്‍ യു ടേക്ക് റെസ്‌പോണ്‍സിബിളിറ്റി ഇഫ് സം ലാ ആന്‍ഡ് ഓര്‍ഡര്‍ പ്രോബ്ലം എറൈസ്’ എന്ന് എസ്പി യതീഷ് ചന്ദ്ര മന്ത്രിയോട് ചോദിക്കുന്നു. ഇല്ല പൊന്നേ എന്നെക്കൊണ്ടാവില്ലെന്ന് പൊന്‍മന്ത്രിയുടെ ഒഴിഞ്ഞുമാറല്‍. പൊന്‍ രാധാകൃഷ്ണന് യതീഷ് ചന്ദ്രയുടെ ‘യു’ പ്രയോഗത്തില്‍ ഒരു കീഴാളത്വമുണ്ടെന്നു തോന്നിയില്ലെങ്കിലും തൊട്ടടുത്തുനിന്ന മറ്റൊരു രാധാകൃഷ്ണന്‍ ചാടിവീണു. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. ഇംഗ്ലിഷ് ഭാഷാ സാരസര്‍വസ്വമായ നേതാവ് രാധാകൃഷ്ണന് തന്റെ നേതാവിനെ ‘യു’ വിലൂടെ നീയെന്നു വിളിച്ചെന്ന രോഷം. ആ ‘യു’ വിന് ‘അങ്ങ്’ എന്ന് അര്‍ഥമായിക്കൂടേ എന്ന് ആരും ചോദിച്ചില്ല. യതീഷ് ചന്ദ്ര പോലും.
ഇവിടെയാണ് ഇംഗ്ലീഷ് ഭാഷയിലെ ചാതുര്‍വര്‍ണ്യം മറനീക്കി പുറത്തുചാടുന്നത്. നീയെന്നും നിങ്ങളെന്നും താങ്കള്‍ എന്നും അങ്ങ് എന്നുമുള്ള ചാതുര്‍വര്‍ണാര്‍ഥങ്ങള്‍. അതുമാത്രം പോര സായിപ്പ് ഇട്ടെറിഞ്ഞു പോയ വിഐപി പ്രോട്ടോക്കോള്‍ സംജ്ഞകള്‍ കൂടിചേര്‍ന്നേ മന്ത്രിയോട് സംസാരിക്കാവൂ. ബ്രിട്ടനില്‍ പോലും മുന്നൂറിനു താഴെ വിഐപിമാരുള്ളപ്പോള്‍ ഇന്ത്യയില്‍ മൂന്നേമുക്കാല്‍ ലക്ഷമോ മുപ്പത്തിമുക്കോടിയോ വിഐപികളുണ്ടെന്നാണ് കണക്ക്. അതില്‍ ഒരുവനാണ് പൊന്‍ രാധാകൃഷ്ണന്‍ നാടാരും. ഏഴൈതോഴന്‍ കാമരാജനാടാരുടെ കുലത്തില്‍ പെട്ടവനെങ്കിലും ആ കുലമഹിമയൊന്നും കാട്ടാത്ത പൊന്‍ കന്യാകുമാരി മാവട്ട ചേലാളര്‍ക്ക് തൊട്ടടുത്തുനിന്ന തമ്പി രാധാകൃഷ്ണന്‍ പറഞ്ഞപ്പോഴാണ് ‘യു’ വിലെ കത്തി മനസിലായത്. അതോടെ പുട്ടിനു പീര പോലെ ഓരോ വാചകത്തിന്റെയും തുടക്കത്തിലും ഒടുക്കത്തിലും സര്‍, സര്‍ എന്നു കാച്ചി യതീഷ് ചന്ദ്ര തിരുത്തിയപ്പോള്‍ ആ സാര്‍ വിളിയില്‍ ഒരു ‘ആക്കല്‍’ ഉണ്ടെന്നായി രാധാകൃഷ്ണന്‍മാര്‍.
ഇരുവരുടെയും ഉള്ളിലിരിപ്പ് സായിപ്പിന്റെ വിഐപി സംജ്ഞകള്‍ എസ് പി യതീഷ് ചന്ദ്ര എടുത്ത് അമ്മാനമാടാത്തതിലുള്ള രോഷമായിരുന്നു. രാജാവിനെ ഹിസ് ഹൈനസ് എന്നു വിളിക്കണം. മേയര്‍ ആണെങ്കില്‍ ‘ഹിസ് വര്‍ഷിപ്ഫുള്‍ മേയര്‍’ എന്നു വിളിക്കണം പെണ്ണെങ്കില്‍ ‘ഹെര്‍ വര്‍ഷിപ്ഫുള്‍ മേയര്‍’ എന്നു വിളിക്കണം എന്നു പ്രോട്ടോക്കോള്‍ ഭാഷ. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഗവര്‍ണറുമൊക്കെയെ ഹിസ് എക്‌സലന്‍സി എന്നേ ആകാവൂ. ഇതിലെ ഹിസിലും ഹെറിലും ‘അവളും അവനും’ പുതഞ്ഞുകിടക്കുന്ന കാര്യം വേറെ. യുവര്‍ ബ്ലഡി എക്‌സലന്‍സി സര്‍ എന്ന് പൊന്‍ രാധാകൃഷ്ണനെ അഭിസംബോധന ചെയ്തിരുന്നെങ്കില്‍ യതീഷ് ചന്ദ്ര ഈ പുലിവാല്‍ പിടിക്കേണ്ടി വരുമായിരുന്നോ. ഇനി കേന്ദ്രമന്ത്രിയെ ‘യു’ വിളിച്ചുവെന്ന പേരില്‍ യതീഷ് ചന്ദ്രയെ ശബരിമലയില്‍ നിന്ന് കേന്ദ്രത്തിലേക്ക് തിരിച്ചുവിളിച്ച് മോഡിയുടെ സ്വഛ്ഭാരത് പദ്ധതിയിലെ കക്കൂസ് നിര്‍മാണ കോര്‍പറേഷന്റെ മേധാവിയാക്കി പ്രതികാരം വീട്ടുമോ എന്നറിയില്ല.
തലേലെഴുത്ത് പല തരമുണ്ടെന്നാണ് പ്രമാണം. തലേലെഴുത്തിന് ആസനത്തില്‍ ചൊറിഞ്ഞാല്‍ തലവര മായില്ലെന്നും പഴമക്കാര്‍ പറയും. തലേലെഴുത്ത് മോശമായതുകൊണ്ടാണല്ലോ അല്ലറചില്ലറ വക്കീല്‍ പണിയും സൈഡ് ബിസിനസായി ബിജെപി പണിയും കൊണ്ടുനടന്ന പി എസ് ശ്രീധരപിള്ള ബിജെപി പ്രസിഡന്റായത്. ഒളിമ്പ്യന്‍ ദീപാ കാര്‍മാര്‍ക്കറെപോലെ ഓരോ നിമിഷവും വാക്കുമാറി മാറി ദിനങ്ങള്‍ തള്ളിനീക്കുന്ന പിള്ള നുണകള്‍ ചുമന്നുചുമന്ന് കഴുത്തൊടിഞ്ഞ നിലയിലാണ്. അവിടെയാണ് കുമ്മനം രാജശേഖരന്റെ തലേലെഴുത്ത് വേറെയാവുന്നത്. കേരളത്തില്‍ ബിജെപി പ്രസിഡന്റായിരുന്ന കുമ്മനം ഇപ്പോള്‍ മിസോറാമിലെ ഹിസ് എക്‌സലന്‍സി ഗവര്‍ണറാണ്. ‘അവന്‍ അടിപൊളി ഗവര്‍ണര്‍’ എന്ന് പിള്ള അതിനെ മലയാളീകരിച്ചുകളയരുത്. എക്‌സലന്‍സി സംബോധനയും രാജ്ഭവന്‍ പൊറുതിയും കാറും കാറുമാറുകളും പരിവാരങ്ങളുമായി മുണ്ടഴിച്ചുകളഞ്ഞ് കളസവും കോട്ടുമിട്ടു വിരാജിക്കുന്ന കുമ്മനം ജി ഇതാ ഡോക്ടറാവുന്നു! രാജസ്ഥാനില്‍ ഝുന്‍ഝുനവിലെ ചുരുളേയി മുടുക്കിലുള്ള ജഗദീഷ് പ്രസാദ് ജബര്‍മാല്‍ തിബ്രേവാല സര്‍വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റു നല്‍കി ആദരിക്കാന്‍ പോകുന്നു. വെറും കുമ്മനത്തുകാരന്‍ രാജശേഖരന്‍ ഹിസ് എക്‌സലന്‍സി ഗവര്‍ണറായി, ഇതാ ഇപ്പോള്‍ ഡോ. കുമ്മനമായി മടങ്ങി വരുന്നു. കേരളം കാണാന്‍. അതാണ് തലയിലെഴുത്തിന്റെ യോഗം. ‘ഒന്‍പതു വര്‍ഷം മുമ്പുണ്ടായ ഈ സര്‍വകലാശാല തട്ടുകട ചാത്തന്‍സ് സര്‍വകലാശാലയാണോ എന്നൊന്നും ശ്രീധരന്‍പിള്ളയും വി മുരളീധരനും ഇനി തിരക്കേണ്ടതില്ല. ഡോക്ടറേറ്റ് കൊടുത്താല്‍ കൊടുത്തതു തന്നെ. പണ്ട് കൊല്ലത്തെ കശുഅണ്ടി ഫാക്ടറിയില്‍ അണ്ടിപ്പരിപ്പിന് കാക്കയാട്ടിക്കൊണ്ടിരുന്ന ഒന്നാം ക്ലാസുവരെ മാത്രം പഠിപ്പിസ്റ്റായ ഒരു നേതാവ് കേരള രാഷ്ട്രീയത്തിലും വ്യവസായത്തിലും എവിടം വരെയെത്തിയെന്നു നമുക്കറിയാം. ആ ഒന്നാം ക്ലാസുകാരന്‍ കുഞ്ഞിന്റെ പേരിനു മുന്നില്‍ ഇന്ന് ഡോക്ടറേറ്റുള്ളപ്പോള്‍ ഡോ. കുമ്മനം ധൈര്യമായിരിക്കും. കുറഞ്ഞപക്ഷം കോട്ടയം സിഎംഎസ് കോളജില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദമെങ്കിലുമുണ്ടല്ലോ. പത്രപ്രവര്‍ത്തകനായും എഫ്ബിഐ ഉദേ്യാഗസ്ഥനായും ഉള്ള അനുഭവജ്ഞാനം വേറെ. അതിനാല്‍ ചാത്തന്‍ ഡോക്ടറേറ്റ് എന്നു പറഞ്ഞ് ഒരു ബിജെപിക്കാരനും കുമ്മനത്തെ കുമ്മനടിക്കാന്‍ വരില്ല.
ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ദേവികയ്ക്ക് കലശലായ ഒരു മോഹം നെതര്‍ലാന്‍ഡിലെ എമിലി റാറ്റല്‍ബാന്‍ഡ് എന്ന എഴുപതുകാരന്‍ ചെയ്തതുപോലെ പ്രായം ഒരു ഇരുപതു വര്‍ഷം കുറച്ചുതരണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാലോ. തന്റെ ജനനതീയതിയില്‍ 20 വര്‍ഷം കുറവു വരുത്തണമെന്ന ടിയാന്റെ ഹര്‍ജി കോടതി മുമ്പാകെ എത്തിയിട്ടേയുള്ളു. റാറ്റല്‍ബാന്‍ഡിന് ഇപ്പോള്‍ 40 വയസിന്റെ പ്രായമേയുള്ളുവെന്നും അതിനാല്‍ 20 വര്‍ഷമെങ്കിലും കുറച്ചുകൊടുക്കണമെന്നുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സഹിതമാണത്രേ ഹര്‍ജിയെന്നാണ് വാര്‍ത്ത. കൂടുതല്‍ കാലം ജോലി ചെയ്യണം, ഒത്താല്‍ ഒന്നോ രണ്ടോ സംബന്ധവും കഴിക്കണം. എന്നെല്ലാമാണ് ഹര്‍ജിയിലെ മോഹങ്ങള്‍. ദേവികയ്ക്ക് അമ്മയാണെ ആ ആഗ്രഹങ്ങളൊന്നുമില്ല. ഇനി എത്ര കുമ്മനന്‍മാര്‍ക്കും കുഞ്ഞുമാര്‍ക്കും ഇന്ത്യയില്‍ ഡോക്ടറേറ്റ് കിട്ടും എന്നറിയാനുള്ള മോഹസാക്ഷാല്‍ക്കാരത്തിനുവേണ്ടി ഒരു പത്തുവര്‍ഷത്തെ ആയുസുകൂടി നീട്ടിക്കിട്ടിയാല്‍ മതി. ശ്രീധരന്‍പിള്ള വക്കീല്‍ മുഖേന പ്രായം കുറച്ചുതരണമെന്ന ഹര്‍ജി സമര്‍പ്പിക്കാനായിരുന്നു ഉദ്ദേശം. പക്ഷേ ദേവികയുടെ അഭ്യുദയകാംക്ഷികളും കൂട്ടുകാരികളും പറയുന്നു, അരുത് പെണ്ണേ അരുതെന്ന്. പിള്ള വാദിച്ചാല്‍ കോടതി അന്നുതന്നെ ദേവികയെ വധശിക്ഷയ്ക്ക് വിധിക്കുമെന്നാണ് അവര്‍ എന്നെ പേടിപ്പിക്കുന്നത്!

Related News