Sunday
17 Feb 2019

ഗിബല്‍സിയന്‍ നുണശാസ്ത്രപഠനം ശ്രീധരന്‍പിള്ള ഊര്‍ജിതമാക്കണം

By: Web Desk | Wednesday 21 November 2018 10:49 PM IST

narmman

ലോകം കണ്ട പരമോന്നത ഫാസിസ്റ്റ്, അഡോള്‍ഫ് ഹിറ്റ്‌ലറും നാസി ജര്‍മ്മനിയുടെ പ്രചാരണ ചുമതലക്കാരനായിരുന്ന മന്ത്രിയും പില്‍ക്കാലത്ത് ജര്‍മ്മന്‍ ചാന്‍സ്‌ലുമായിരുന്ന പോള്‍ ജോസഫ് ഗീബല്‍സും ചാനല്‍ ചര്‍ച്ചകളിലും പൊതുവേദികളിലും നിരന്തരം വാചക കസര്‍ത്തുമായെത്തുന്ന സംഘ്പരിവാറിലെ തങ്ങളുടെ പിന്‍ഗാമികളെ കേട്ട് ശവക്കുഴികളില്‍ ഞെളിപിരി കൊള്ളുന്നുണ്ടാവും. ‘പൊതുജനങ്ങളുടെ മനസ് ശാന്തമായിരിക്കാന്‍ അനുവദിക്കരുത്, വീഴ്ചകളും തെറ്റുകളും ഒരിക്കലും അംഗീകരിക്കരുത്, പ്രതിയോഗിയില്‍ എന്തെങ്കിലും നന്മയുണ്ടെന്ന് ഒരിക്കലും സമ്മതിക്കാതിക്കരുത്, യാതൊരു ബദലിനും അവസരം നല്‍കരുത്; ഒരു ശത്രുവില്‍ കേന്ദ്രീകരിക്കുക, അഹിതമായ എല്ലാറ്റിന്റെയും, എല്ലാ തെറ്റിന്റെയും പാപഭാരം അവന്റെ തലയില്‍ കെട്ടിയേല്‍പിക്കുക; കൊച്ചു കൊച്ചു നുണകളെക്കാള്‍ വമ്പന്‍ നുണകള്‍ ആളുകള്‍ വിശ്വസിക്കും. അത് നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ അവരിലേറെയും അത് വിശ്വസിച്ചു തുടങ്ങും.’ ഇതായിരുന്നു ലോകം കണ്ട ഏറ്റവും വലിയ നുണപ്രചാരകരുടെ തത്വശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണം. അത്ര പരിപൂര്‍ണതയോടെ അല്ലെങ്കിലും ആ പാത പിന്തുടരുന്നവരാണ് അവരുടെ ഭാരതീയ ശിഷ്യഗണങ്ങള്‍.
ശബരിമലയിലും നിലയ്ക്കലും മറ്റും നിരോധനാജ്ഞ ലംഘിച്ച സംഘ്പരിവാര്‍ നേതാക്കളോടും കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കളോടും വിവേചനപരമായി പെരുമാറിയെന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ സംഘി വക്താക്കള്‍ സഹസ്രനാമജപം നടത്തിക്കൊണ്ടിരിക്കുന്നത്. കെ പി ശശികലയോടും കെ സുരേന്ദ്രനോടും ‘കുരച്ചു ചാടിയ’ എസ് പി യതീഷ്ചന്ദ്ര ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയേയും കണ്ട് വാലാട്ടിയെന്നാണ് ചാനല്‍ ചര്‍ച്ചയില്‍ ഒരു നേതാവ് പരിതപിച്ചത്. അതിന്റെ കാരണം തിരിച്ചറിയണമെങ്കില്‍ മോഡിയുടെയും അമിത്ഷായുടെയും മുമ്പില്‍ ഏറ്റുമുട്ടല്‍ കൊലപാതക വിദഗ്ധര്‍ ഡിഐജി ഡി ജി വന്‍സാരയടക്കം ‘വാലാട്ടി നിന്നി’രുന്നതിന്റെ കാരണം സംഘിവക്താക്കള്‍ തിരിച്ചറിയണം. അത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യം അനുവദിച്ചു നല്‍കുന്ന അവകാശത്തിന്റെ ഭാഗമാണ്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നിലയ്ക്കലെത്തിയ കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കളില്‍ പലരും ആ ഗണത്തില്‍പ്പെടുന്നവരാണ്. അവര്‍ എംഎല്‍എ മാരാണ്. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ള ആചാരമര്യാദാക്രമമനുസരിച്ച് എംഎല്‍എമാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കും മീതെയാണ്. ആ ആദരവ് അവര്‍ക്കു നല്‍കാന്‍ ക്രമമനുസരിച്ച് അതില്‍ താഴെയുള്ള ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥനാണ്. യതീഷ്ചന്ദ്ര ആ ബാധ്യത നിറവേറ്റുക മാത്രമാണ് ചെയ്തത്. ശശികലയും സുരേന്ദ്രനും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എ മാരായി വന്നാല്‍ ആ ആദരവ് അവര്‍ക്കും ലഭിക്കും. അല്ലെങ്കില്‍ മാര്‍ഗം രാജ്യം ഭരിക്കുന്ന ബിജെപി അത്തരം ‘ആചാരമര്യാദാ മുക്ത’മായ ഭാരതത്തിനായി ശ്രമിക്കുകയാണ് വേണ്ടത്. സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു മുന്നില്‍ കൈമലര്‍ത്തുന്ന ബിജെപിയുടെ കേന്ദ്രഭരണ നേതൃത്വത്തിന് അതിനുള്ള ആര്‍ജവമുണ്ടെങ്കില്‍ അവര്‍ അങ്ങനെ ചെയ്ത് മാതൃക കാട്ടുകയാണ് വേണ്ടത്.
ശശികലയ്ക്കും സുരേന്ദ്രനുമുണ്ടായ ദുര്യോഗം അല്‍ഫോണ്‍സ് കണ്ണന്താനത്തിനും വി മുരളീധരനും മറ്റുമുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. കണ്ണന്താനം സന്നിധാനത്ത് ‘വന്നു കണ്ടു, കീഴടക്കി’ എന്നു പറയുന്നതാവും ഏറെ ശരി. തീര്‍ത്ഥാടനത്തിനെത്തിയ ഭക്തര്‍ക്ക് കാര്യമായ പരാതികളൊന്നുമില്ലെന്നും അവിടെ കലാപ ശ്രമവുമായി എത്തുന്ന സംഘികളാണ് ഏക പ്രതിബന്ധമെന്നും അദ്ദേഹത്തിനു ബോധ്യപ്പെട്ടു. നിവൃത്തിയില്ലാതെ പമ്പയിലെ കക്കൂസുകള്‍ പരിശോധിച്ച് തൃപ്തിയടഞ്ഞ് അദ്ദേഹം മടങ്ങി. മുരളീധരനാകട്ടെ പൊലീസ് പിടികൂടിയ കുഴപ്പക്കാരായ സംഘികളെ വിമോചിപ്പിക്കാന്‍ ചില്ലറ ശ്രമവും കുത്തിയിരുപ്പും നടത്തി. പൊലീസ് ബഹുമാനപൂര്‍വം കസ്റ്റഡിയിലെടുത്ത സംഘികളെ കരുതല്‍ തടവുകാരാക്കി സന്നിധാനത്തുനിന്നും നാടുകടത്തി പാര്‍ലമെന്റ് അംഗത്തോടുള്ള ആദരവ് അസന്നിഗ്ധം പ്രകടമാക്കി. അദ്ദേഹത്തെയും ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസൃതമായി യാത്രയാക്കി.
സംഘിവക്താക്കളെ അലട്ടുന്ന മറ്റൊരു ഗുരുതര പ്രശ്‌നം കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ‘ക്രൗഡ് മാനേജ്‌മെന്റി’ലുള്ള വൈദഗ്ധ്യമില്ലായ്മയാണ്. ആള്‍ക്കൂട്ടത്തെ നേരിടാന്‍ ഐപിഎസ് ഉണ്ടായാല്‍ പോര. ഡിജിപിയൊ ഡിഐജിയൊ ഒന്നുമായാലും മതിയാവില്ല. അതിന് ഏറ്റവും ചുരുങ്ങിയത് വത്സന്‍ തില്ലങ്കേരിയെപ്പോലെ ആര്‍എസ്എസ് ക്രാന്തീയകാര്യ സദസ്യനെങ്കിലുമാവണം. അതുകൊണ്ടാണല്ലൊ ശബരിമല സന്നിധാനത്ത് കേരള പൊലീസ് തോറ്റിടത്ത് ‘ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍’ പൊലീസിന് തില്ലങ്കേരിയുടെ സഹായം തേടേണ്ടിവന്നത്. ചിത്തിര ആട്ട വിശേഷ നാളില്‍ ശബരിമല തീര്‍ത്ഥാടകരെ കയ്യേറ്റം ചെയ്യാനും അവിടെവന്ന സ്ത്രീ തീര്‍ത്ഥാടകര്‍ ആര്‍ത്തവ പ്രായം കഴിഞ്ഞവരാണോ എന്നു പരിശോധിക്കാനും സംഘം നിയോഗിച്ചവരായിരിക്കണം അത്തരം ജുക്കൂട്ടമെന്നു മാത്രം. അത് വത്സന്‍ തില്ലങ്കേരി നടത്തിയ ജനക്കൂട്ട നിയന്ത്രണ പ്രസംഗം തന്നെ വ്യക്തമാക്കുന്നുണ്ട്. തീര്‍ത്ഥാടനം നടത്തലല്ല, തീണ്ടാരിക്കാരെ തടയലാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം ഏത് ഡിജിപിയെയും വെല്ലുംവിധം വിശദീകരിക്കുകയും ചെയ്തു.
ബിജെപി സംസ്ഥാന അധ്യക്ഷ മഹോദയ് പി എസ് ശ്രീധരന്‍പിള്ളയ്ക്ക് ഗീബല്‍സീയന്‍ നുണശാസ്ത്രത്തില്‍ വക്കീല്‍ പണിയോളം പ്രാഗത്ഭ്യമായിട്ടില്ല. തുടക്കത്തില്‍ വിശ്വാസികള്‍ക്കൊപ്പം പട്ടേല്‍ പ്രതിമപോലെ ഉറച്ചുനില്‍ക്കുമെന്ന് പിള്ള പറഞ്ഞിരുന്നു. പിന്നീട് ശബരിമല യുവതീപ്രശ്‌നം വീണുകിട്ടിയ സുവര്‍ണാവസരമായി മാറി. തുടര്‍ന്ന് തന്നെ വിളിച്ച തന്ത്രിയാരെന്ന് ആശയക്കുഴപ്പമായി. ഇടക്കാലത്ത് ആചാരാനുഷ്ഠാന സംരക്ഷണത്തിന്റെ മൊത്ത കച്ചവടക്കാരനായി. പിന്നീടാണ് ശബരിമല കമ്യൂണിസ്റ്റ് ഭീഷണിയിലാണെന്നത് പിള്ളേച്ചന്‍ തിരിച്ചറിഞ്ഞത്. ഉടനെ ആ ദുരന്തത്തെ നേരിട്ടു പരാജയപ്പെടുത്തലായി മുഖ്യ ദൗത്യം. ഇരുപത്തിനാല് മണിക്കൂര്‍ പിന്നിടും മുമ്പ് പിള്ളേച്ചന്‍ കമ്യൂണിസ്റ്റുകാരെ കൈവിട്ട് തീണ്ടാരിവിരുദ്ധ പോരാട്ടം മുഖ്യ ലക്ഷ്യമായി പ്രഖ്യാപിച്ചു. ബിജെപിയുടെ സംസ്ഥാനത്തെ പരമോന്നത പദവി വഹിക്കുന്ന ശ്രീധരന്‍ പിള്ളയുടെ ആശയക്കുഴപ്പം കാലക്രമേണ തീരുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും നാഗ്പൂര്‍ ആസ്ഥാനത്തുള്ളവര്‍ ശ്രദ്ധിക്കണം. അദ്ദേഹത്തിന് ഗീബല്‍സിയന്‍ നുണശാസ്ത്രം മനപാഠമാക്കാന്‍ ട്യൂഷനും ആവശ്യമെങ്കില്‍ അധികവായനയ്ക്കുള്ള ഗ്രന്ഥങ്ങളും നല്‍കി നേര്‍വഴിക്ക് നയിക്കാന്‍ കാലവിളംബം അരുത്.

Related News