വാതിൽപ്പഴുതിലൂടെ

ദേവിക

December 28, 2020, 5:23 am

കോണ്‍ഗ്രസില്‍ ഇതു ജയില്‍ ചപ്പാത്തിക്കാലം!

Janayugom Online

കഷ്ടകാലം വരുമ്പോള്‍ കൂടോടെ എന്നല്ലേ പ്രമാണം. പക്ഷേ ഈ ചൊല്ല് കോണ്‍ഗ്രസിനു വേണ്ടി ചമച്ചതാണോ എന്നു ലേശം ശങ്ക. തദ്ദേശ തെരഞ്ഞെടുപ്പില്‍ അടപടലം പൊളിച്ചടുക്കിയശേഷം കെപിസിസിയുടെ മാര്‍പ്പാപ്പ മുല്ലപ്പള്ളി രാമചന്ദ്രന്‍ തോല്‍വിക്ക് ഒരു കാരണം പറഞ്ഞു; ഇന്ദിരാഭവനിലെ ഖജനാവില്‍ എലി പെറ്റുപെരുകി കിടക്കുന്നു. കാലണയുടെ ഫണ്ടില്ല. കെപിസിസിയുടെ നിത്യനിദാനച്ചെലവുകള്‍ക്കുപോലും ഒരു ദമ്പിടിയില്ല. ഗാന്ധിജിയുടെ ചിത്രത്തിനു മുന്നില്‍ അന്തിത്തിരി കൊളുത്താന്‍ വിളക്കെണ്ണയും തിരിയും വാങ്ങാന്‍പോലും കാശില്ല. മഹാത്മജിപോലും ഇത്തിരിവെട്ടം കണ്ടിട്ട് എത്രയോ കാലമായി. ആകെ ദാരിദ്ര്യത്തിന്റെ ‘അന്നംപൊന്നല്‍!’ ആരാന്റെ അയയില്‍ നിന്നും അടിച്ചുമാറ്റിയ പട്ടുകോണകം ഇന്ദിരാഭവന്റെ അയയില്‍ ഉണക്കാനിട്ടാണ് പ്രൗഡികാട്ടി വന്നത്. അതിനും വയ്യാണ്ടായപ്പോഴാണ് മുല്ലപ്പള്ളി ഖജനാവ് മലര്‍ക്കെ തുറന്നുകാട്ടി കോണ്‍ഗ്രസുകാര്‍ പട്ടിണിയാണ് സാറേ എന്നു വയറ്റത്തടിച്ചു പാടിയത്.

പക്ഷേ എന്തു ചെയ്യാന്‍. പട്ടി കടിക്കാന്‍ വന്നപ്പോള്‍ ഉറിയില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു വൃദ്ധന്റെ സ്ഥിതിപോലെയായി കാര്യങ്ങള്‍. ഉറിയില്‍ തൂങ്ങിയ അമ്മാവന്റെ വേണ്ടാത്തിടത്തു തൂങ്ങി രക്ഷപ്പെടാന്‍ മറ്റൊരു വൃദ്ധന്‍ കൂടി വന്നാലോ. അതുപോലെയായി കെപിസിസിയുടെ കാര്യം. ഓട്ടക്കാലണപോലും കയ്യിലില്ലാതിരിക്കുമ്പോഴാണ് തോല്‍വി പഠിക്കാന്‍ ഹെെക്കമാന്‍ഡ് അങ്ങത്തമാര്‍ കുറേപ്പേരെ കൂട്ടം തുറന്ന് കേരളത്തിലേക്ക് വിട്ടിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വലിയ പഠിപ്പിസ്റ്റായി ഇന്നലെ എത്തി. എത്രനാള്‍ പഠിപ്പു തുടരുമെന്നറിയാതെ മുല്ലപ്പള്ളിയുടേയും രമേശിന്റെയും ഉള്ളുകാളുന്നു. ഇനി എത്രനാള്‍ താരിഖിനെ തീറ്റിപ്പോറ്റണമെന്നറിയില്ല. കണ്‍വീനര്‍ എം എം ഹസന്റെ കുടുംബ ബിസിനസായ കാറ്ററിംഗ് സര്‍വീസില്‍ നിന്ന് ഭക്ഷണം വാങ്ങിക്കൊടുക്കാമെന്നു വച്ചാല്‍ ‘ഇന്നു രൊക്കം, നാളെ കടം’ എന്ന് ഹസന്‍. സാരി വേറെ സരസ്വതി വേറെ എന്നു പറയുമ്പോലെ ബിസിനസ് വേറെ കോണ്‍ഗ്രസ് വേറെ എന്ന് കണ്‍വീനര്‍. താരിഖിന്റെ തോല്‍വി പഠനം താല്ക്കാലികമാണെന്നു കരുതി എങ്ങനെയെങ്കിലും അല്ലറചില്ലറ കാശ് ഒപ്പിക്കാം. പക്ഷേ ഹെെക്കമാന്‍ഡില്‍ നിന്ന് മറ്റൊരു മഹാഭീഷണി ഉയര്‍ന്നുകഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മൂന്ന് എഐസിസി സെക്രട്ടറിമാരെ ഇവിടെ താമസിപ്പിച്ചു പഠനം നടത്താനും കോണ്‍ഗ്രസിനെ ശരിപ്പെടുത്താനും ഇങ്ങോട്ടയയ്ക്കാന്‍ പോകുന്നുവെന്നാണ് ഭീഷണി. പ്രഖ്യാപനമുണ്ടാകുന്നതിനു മുമ്പുതന്നെ സെക്രട്ടറിത്രയം ഇന്നലെത്തന്നെയെത്തി. പഠിത്തം പിന്നീട്. ഉച്ചഭക്ഷണ വിഭവങ്ങള്‍ എന്തൊക്കെയെന്നു വന്നപാടെ അവരുടെ ചോദ്യം കേട്ട് മുല്ലപ്പള്ളിയുടെ നെഞ്ചിടിച്ചു. അര കൊല്ലം ഇവരെയൊക്കെ തീറ്റിപ്പോറ്റണമല്ലോ ഭഗവനേ. കുറഞ്ഞ വിലയ്ക്ക് ജയില്‍ ചപ്പാത്തിയും കോഴിക്കറിയും വാങ്ങിനല്കാന്‍ ബാങ്കില്‍ ലോണിന് അപേക്ഷിച്ചിട്ടുണ്ടെന്ന് സെക്രട്ടറിമാരോട് മുല്ലപ്പള്ളിയുടെ മറുപടി. അപ്പോള്‍ ഞങ്ങളുടെ ഭക്ഷണവും താമസവും മസ്കറ്റ് ഹോട്ടലിലല്ലേ എന്ന് ഒരു സെക്രട്ടറി ഐവാന്റെ ചോദ്യം. ഇന്ദിരാഭവന്‍ വില്ക്കാന്‍ പരസ്യം കൊടുത്തിട്ടുണ്ട്. വില്പന ഒത്തുകിട്ടിയാല്‍ താമസം അങ്ങോട്ടുമാറ്റാം സര്‍ എന്ന് പാവം മുല്ലപ്പള്ളിയുടെ ഭവ്യമായ മറുപടി.

എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ കോണ്‍ഗ്രസുകാരെ നന്നായറിയുന്നയാളാണ് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ എന്ന് കട്ടായം. തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനെത്തിയ അദ്ദേഹം നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്കായി കണ്ടാണ് തോല്‍വിയുടെ കാരണങ്ങള്‍ ആരായുന്നത്. രണ്ടുപേരെ ഒന്നിച്ചിരുത്തി പഠിച്ചാല്‍ ഒന്നുപറഞ്ഞ് രണ്ടിന് ചുട്ട തല്ലാകും. ഇന്ദിരാഭവന്‍ രക്തക്കളമാകും. കേരളത്തില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ നിറം ചോരച്ചുവപ്പാണെന്ന് ഒറ്റ വാചകത്തില്‍ ഹെെക്കമാന്‍ഡിന് റിപ്പോര്‍ട്ടെഴുതി നല്കാം. കൂട്ടായി വിളിച്ചാല്‍ തോല്‍വിക്കു കാരണം നിരത്തുന്ന നേതാക്കള്‍ പരസ്പരം തന്തയ്ക്കും തള്ളയ്ക്കും വിളിക്കുന്നത് മലയാളത്തിലാകയാല്‍ അന്‍വറിനതു മനസിലാകുകയുമില്ല. അതുകൊണ്ട് അടി ഒഴിവാക്കാന്‍ നേതാക്കളെ ലോക്കപ്പിലടച്ച് താരിഖ് അന്‍വര്‍ ചര്‍ച്ച നടത്തും. പക്ഷേ സ്ഥിരം പൊറുതിക്കെത്തിയ മൂന്ന് സെക്രട്ടറിമാരുടെ ജീവനു ഭീഷണിയുണ്ടെന്നു കാട്ടി കുടുംബാംഗങ്ങള്‍ സോണിയയ്ക്ക് കത്തെഴുതിയെന്നും ശ്രുതിയുണ്ട്. തീറ്റിപ്പോറ്റാന്‍ കാശില്ലാതെ വരുമ്പോള്‍ അടിയുംകൊടുത്ത് ഉടുപ്പിന്റെ പോക്കറ്റും വലിച്ചുകീറി നാടുകടത്തുമെന്ന പേടികൊണ്ടുള്ള നിവേദനം.

താരിഖ് അന്‍വര്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തുമെന്ന വാര്‍ത്തയും വരുന്നു. പി കെ കുഞ്ഞാലിക്കുട്ടി എന്ന രക്ഷകനോട് ‘പ്രത്യേകിച്ചും’. താരിഖ് അന്‍വറിനാണെങ്കില്‍ ഇംഗ്ലീഷില്‍ സാമാന്യം സംസാരിക്കാനറിയാം. കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്, ‘ഡോണ്ട് തിങ്ക് ദാറ്റ് യുവര്‍ കണ്‍ട്രി റൂള്‍ ഇന്‍ ദിസ് കണ്‍ട്രി ഓഫ് യുവര്‍ മാനിഫെസ്റ്റോ ഓഫ് യു…’ ആ കുഞ്ഞാലിക്കുട്ടി താരിഖ് അന്‍വറിനോട് എജ്ജാതി ഇംഗ്ലീഷാണ് പറയുന്നതെന്നോര്‍ത്ത് അന്തംവിട്ടുപോകുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഇംഗ്ലീഷ് ബര്‍ത്താനം കേട്ട് താരിഖ് അന്‍വറിന് മോഹാലസ്യമുണ്ടാകല്ലേ എന്ന് നമുക്കെല്ലാം പടച്ചോനോട് പ്രാര്‍ത്ഥിക്കാം.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു സര്‍ജറി പ്രൊഫസറുണ്ടായിരുന്നു. കൊല്ലത്തുനിന്നുള്ള കഥാവശേഷനായ ഒരു മന്ത്രിയുടെ മരുമകന്‍. പുള്ളിക്കു സര്‍ജറിയേക്കാള്‍ പ്രണയം ക്രിക്കറ്റിനോടായിരുന്നു. കത്തിയും കത്രികയുമെടുക്കുന്നതിനേക്കാള്‍ ബാറ്റിനോടും ബോളിനോടും കമ്പം. അദ്ദേഹം കത്തിവച്ചാല്‍ രോഗിയുടെ ‘ഖത്തം’ ഉറപ്പ്. ഇക്കാര്യമറിയാവുന്ന രോഗിയുടെ ബന്ധുക്കള്‍ ശസ്ത്രക്രിയയുടെ തലേന്ന് ഡോക്ടറെ കാണാനെത്തും. നാട്ടുനടപ്പുപോലുള്ള മാമൂല്‍പ്പണം നല്കാന്‍. പണപ്പൊതി ഡോക്ടറുടെ കയ്യില്‍ വച്ചുകൊടുത്തിട്ട് ബന്ധുക്കള്‍ കേണപേക്ഷിക്കും നാളെ സാര്‍ ശസ്ത്രക്രിയയ്ക്ക് വരേണ്ട. മറ്റാരെയെങ്കിലും അയച്ചാല്‍ മതി! ഇതുപോലെയായി മോഡിയുടെയും യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെയും നമ്മുടെ റിപ്പബ്ലിക് ദിനത്തിന്റെയും കഥ. ഇത്തവണ റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യാതിഥിയായി ക്ഷണിച്ചത് ബോറിസിനെ. ക്ഷണമെല്ലാം കഴിഞ്ഞപ്പോള്‍ ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന കൊറോണ വെെറസിന്റെ തീവ്രവ്യാപനം. ഇത്തരം കൊറോണ വന്നാല്‍ അവന്‍ രോഗിയെയും കൊണ്ടേ പോകൂ. ഇനി ബോറിസിനോട് മോഡി അഭ്യര്‍ത്ഥിക്കും. അങ്ങു വരേണ്ട. വിശിഷ്ടാതിഥിക്കുള്ള ഉപഹാരം ഓണ്‍ലെെനായി അയച്ചുതരാം.

ചിലര്‍ അങ്ങനെയൊക്കെയാണ് ഭായ്! തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്നാവുമ്പോള്‍ ഒരു വെടി പൊട്ടിക്കും. വെടി കേള്‍ക്കുന്നേടത്തു നോക്കുമ്പോള്‍ പുക മാത്രം. വെടിക്കാരനെ മാത്രം പുകപടലങ്ങളിലൂടെ കാണാം. ഡിജിപി ടോമിന്‍ തച്ചങ്കരി ഇത്തരമൊരു വെടിപൊട്ടിച്ച് വീണ്ടും വാര്‍ത്തയുടെ മഞ്ഞവെളിച്ചത്തിലേക്ക്. പൊലീസിലും തീയണപ്പിലും മുതല്‍ ഒട്ടെല്ലാ സ്ഥാപനങ്ങളിലും സര്‍ക്കാരുകള്‍ അദ്ദേഹത്തെ മാറിമാറി പരീക്ഷിച്ചു. ഇപ്പോള്‍ കെഎഫ്‌സിയില്‍, തച്ചങ്കരി ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ജനത്തിനു സംശയമായപ്പോള്‍ ഇന്നസെന്റ് പറഞ്ഞപോലെ ദേ വരണ്, താന്‍ മാത്രമല്ല രണ്ടുമൂന്ന് വര്‍ഷം മുമ്പ് കൊച്ചിയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ ജെസ്ന എന്ന പെണ്‍കുട്ടിയും ജീവിച്ചിരിപ്പുണ്ടെന്ന തച്ചങ്കരിയുടെ ചോരയുറച്ചുപോകുന്ന വെളിപ്പെടുത്തല്‍. തച്ചങ്കരി ക്രെെംബ്രാഞ്ച് എസ്‌പിയായിരുന്നപ്പോള്‍ ജെസ്നയെ തൊട്ടുതൊട്ടില്ല എന്ന വിധത്തില്‍ കയ്യെത്തുംദൂരത്ത് താനെത്തിയതാണത്രേ. പണ്ടാരമടങ്ങാന്‍ കൊറോണ വന്നു. അന്വേഷണം നിലച്ചു. ജെസ്ന പിന്നെയും കാണാമറയത്ത് ഉണ്ടും ഉറങ്ങിയും കഴിയുന്നു. നമ്മുടെ പഴയ സുകുമാരകുറുപ്പിനെപ്പോലെ. ഇത്ര വലിയൊരു കഥാകാരന്‍ തച്ചങ്കരിയില്‍ ഒളിഞ്ഞുകിടക്കുമ്പോഴാണ് സര്‍ക്കാരുകള്‍ ആ മഹാപ്രതിഭയെ പൊലീസ് കോലം കെട്ടിച്ച് അങ്ങോട്ടുമിങ്ങോട്ടും തട്ടിയുരുട്ടുന്നത്. സഹൃദയര്‍ കോണ്‍ഗ്രസ് സ്റ്റെെലില്‍ ഇനി ഫ്ലക്സുകള്‍ ഉയര്‍ത്തും. ടോമിനെ വിളിക്കൂ, കഥാസാഹിത്യത്തെ രക്ഷിക്കൂ!