ജനാധിപത്യത്തില്‍ പേടിപ്പിക്കുന്ന അഗാധമായ മഞ്ഞളാംകുഴികള്‍

Web Desk
Posted on May 05, 2019, 10:15 pm

വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ഒ മാധവന്റെ കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി എഴുതിയ ഒരനശ്വര നാടകമുണ്ട്. ഡോക്ടര്‍. ആ നാടകത്തില്‍ ഒരു ഡോക്ടറുടെ സംഭാഷണം ഇങ്ങനെ; ‘പണമുണ്ടാക്കി പഠിച്ചത് പണമുണ്ടാക്കാനാണ്…’ ജനാധിപത്യത്തിന്റെ ഉത്സവമെന്ന് നാം പാവം ജനം കൊട്ടിഘോഷിക്കുന്നവയാണ് തെരഞ്ഞെടുപ്പുകള്‍. എന്നാല്‍ ജനാധിപത്യത്തിന്റെ അര്‍ഥസംപുഷ്ടി ചോരുന്ന വിധത്തില്‍ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പണാധിപത്യം കൊടികുത്തിവാഴുന്ന ഭയസങ്കുലമായ ദൃശ്യങ്ങള്‍. മഹാ കോടീശ്വരന്‍മാര്‍ രാഷട്രീയകക്ഷികളെ വിലക്കെടുത്തിരിക്കുന്നുവെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം കഴിയുന്തോറും പുറത്തുവരുന്ന കണക്കുകള്‍. മൂലധനശക്തികള്‍ തെരഞ്ഞെടുപ്പുരംഗവും ഭരണവും കൈപ്പിടിയിലൊതുക്കുന്ന ഭീകരകാഴ്ചകള്‍. തെരഞ്ഞെടുപ്പിന്റെ കഴിഞ്ഞ ഘട്ടത്തില്‍ മത്സരിച്ച 97 ബിജെപി സ്ഥാനാര്‍ഥികളില്‍ 81 പേരും കോടീശ്വരന്‍മാര്‍. അതായത് ആ ഘട്ടത്തില്‍ അങ്കത്തിനിറങ്ങിയ 84 ശതമാനം പേരും ജനാധിപത്യത്തെ പണാധിപ്യത്യം കൊണ്ടുകീഴടക്കാന്‍ കച്ചമുറുക്കിയവര്‍. കോണ്‍ഗ്രസിന്റെ 90 സ്ഥാനാര്‍ഥികളില്‍ 74 പേരും കോടിപതികള്‍. ശതമാനം 82. സമാജ്‌വാദി പാര്‍ട്ടിയിലെ 90 ശതമാനം പേരും മഹാ കോടീശ്വരന്‍മാര്‍.
ഈ ഘട്ടത്തിലാണ് മൂലധനശക്തികള്‍ ജനാധിപത്യത്തെ വിഴുങ്ങുമ്പോള്‍ സാമൂഹ്യപരിസരങ്ങളില്‍ ഇവരുടെ പ്രതിബദ്ധതാരാഹിത്യമാണ് എഴുന്നുനില്‍ക്കുന്നത്. അവര്‍ക്കു തൊഴിലില്ലായ്മയും ദാരിദ്ര്യവും കാര്‍ഷികപ്രതിസന്ധിയും വിലക്കയറ്റവുമൊന്നും ഒരു വിഷയമേയല്ല. ഈ സാഹചര്യത്തിലാണ് സാമൂഹിക പരിസരങ്ങളെ വര്‍ഗീയ പരികല്‍പനകള്‍കൊണ്ട് വിഷലിപ്തമാക്കാന്‍ പണാധിപത്യം തന്ത്രങ്ങള്‍ നെയ്യുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ രാജകുടുംബങ്ങള്‍ അധികാരത്തില്‍ ചേക്കേറാന്‍ കോണ്‍ഗ്രസിന്റെ ചില്ലകളാണ് തേടിയത്. പിന്നീട് രാജകുടുംബങ്ങള്‍ ജനസംഘത്തിലും ബിജെപിയിലും തമ്പടിച്ചുതുടങ്ങി. രണ്ടു ചേരിയിലാണെങ്കില്‍ പോലും രാജകുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം പോരടിക്കില്ലെന്ന നാട്ടുനടപ്പ് ഇന്നുമുണ്ട്. ബിജെപിയുടെ രാജസ്ഥാനിലെ വസുന്ധരരാജ സിന്ധ്യേ മധ്യപ്രദേശില്‍ മത്സരിക്കുന്ന സഹോദരപുത്രന്‍ ജ്യോതിരാദിത്യ സിന്ധ്യേ എന്ന കോണ്‍ഗ്രസ് രാജാവിനെ കയ്യയച്ചു സഹായിക്കുന്ന കാഴ്ച. മധ്യപ്രദേശിലെ ഗുണയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ജ്യോതിവാദിത്യയുടെ സമ്പത്ത് 374.90 കോടി. ഇങ്ങു തെക്കേയറ്റത്ത് കന്യാകുമാരിയിലെ ത്രിസാഗരസന്ധിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വസന്തകുമാറിന്റെ സ്വത്ത് 417 കോടി. മോഡിയും അമിത്ഷായും ഷായുടെ ഭാര്യയും രാഹുല്‍ഗാന്ധിയും നിധിന്‍ഗഡ്കരിയും അഖിലേഷ് യാദവും അജയ്മാക്കനും മുലായവും ശശിതരൂരും കാര്‍ത്തിചിദംബരവും ഹേമമാലിനിയും ഗൗതംഗംഭീറുമടക്കമുള്ളവര്‍ ബഹുകോടീശ്വരന്‍മാര്‍.
ഈ സാഹചര്യത്തിലാണ് ഇടതുപക്ഷങ്ങളുടെ സമ്പത്തുകള്‍ തട്ടിച്ചുനോക്കേണ്ടത്. ബിഹാറിലെ ബഹുസരായില്‍ മത്സരിക്കുന്ന സിപിഐയുടെ തീപ്പന്തമായ കനയ്യകുമാറിന്റെ ആകെ സമ്പാദ്യം ആറുലക്ഷം രൂപ മാത്രം. ഇടതുപക്ഷങ്ങളില്‍ അന്യവര്‍ഗ ചിന്താഗതികള്‍ തൊട്ടുതീണ്ടാത്തതുകൊണ്ടാണ് അവര്‍ മൂലധനവിരുദ്ധ ശക്തികളാകുന്നതും. അവര്‍ക്കു തീക്ഷ്ണമായ സാമൂഹ്യപ്രതിബദ്ധതയേറുന്നതും. പക്ഷെ മൂലധനശക്തികള്‍ എന്ന ചെകുത്താന്‍മാര്‍ ഒരിക്കലും ഉറങ്ങുന്നില്ലെന്നോര്‍ക്കുക. തക്കം കിട്ടിയാല്‍ വളരെ നൈസായി ഇടതുപക്ഷ പാളയത്തിലേക്കും അവര്‍ നുഴഞ്ഞുകയറാന്‍ നോക്കിയേക്കും. ഇക്കാര്യത്തില്‍ നമുക്ക് ഒരടയാളവും മുന്നറിയിപ്പുമാവുന്നത് കോടീശ്വരനായ മഞ്ഞളാംകുഴി അലിയാണ്. അളവറ്റ സമ്പത്തുണ്ടെങ്കിലും സാമൂഹ്യപ്രതിബദ്ധതയുള്ള രാഷ്ട്രിയക്കാരനായിരിക്കും താനെന്ന പ്രഖ്യാപനത്തോടെ ഇടതു ക്യാമ്പിലുള്ള രാഷ്ട്രീയക്കാരനായിരിക്കും താനെന്ന പ്രഖ്യാപനത്തോടെ ഇടതുക്യാമ്പില്‍ ചേക്കേറിക്കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാവം മാറി. തന്റെ മൂലധനശക്തിയില്‍ അധിഷ്ഠിതമായ താല്‍പര്യങ്ങള്‍ക്ക് ഇടതുപക്ഷം കൂട്ടുനില്‍ക്കുന്നില്ലെന്നായപ്പോള്‍ മഞ്ഞളാംകുഴി അലിയെ പിന്നീട് മാലോകര്‍ കാണുന്നത് മുസ്‌ലിം ലീഗില്‍. ഇത്തരം മഞ്ഞളാംകുഴി അലിമാര്‍ക്കെതിരെ ഇടതുപക്ഷം കണ്ണിലെണ്ണയുമൊഴിച്ചിരിക്കുക. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പും നമുക്ക് ഒരു മുന്നറിയിപ്പ് നല്‍കുന്നു; പണാധിപത്യം ജനാധിപത്യത്തെ വിഴുങ്ങാനനുവദിക്കരുതെന്നു പ്രതിജ്ഞയെടുക്കേണ്ടത് ഇടതുപക്ഷ‑മതേതരശക്തികളാണ്. ഇതില്‍ നാം പരാജയപ്പെട്ടാല്‍ പുത്തന്‍ മൂലധനശക്തികള്‍ ഇന്ത്യയുടെ കിരീടവും ചെങ്കോലുമേന്തുന്ന പുതിയ രാജാക്കന്‍മാരായി അവരോധിക്കപ്പെടും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്ന് ഊറ്റംകൊള്ളുന്ന നമുക്ക് പുതിയൊരു രാജവംശത്തിന്റെ ഉദയം നോക്കി നെടുവീര്‍പ്പിടുകയേ ഗത്യന്തരമുണ്ടാകൂ.

ടെലിവിഷനുകള്‍ തുറക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് മലയാളികള്‍. തുറന്നാല്‍ പിന്നെ കള്ളവോട്ടിനെക്കുറിച്ചുള്ള പുരാണപാരായണം മാത്രം. മലയാളക്കരയില്‍ ഉത്സവങ്ങള്‍ എന്നു തുടങ്ങിയോ അന്നുതന്നെ തുടങ്ങിയതാണ് ഉത്സവപറമ്പുകളിലെ പോക്കറ്റടിയും. പോക്കറ്റടി നടക്കുന്നതുകൊണ്ട് ഉത്സവങ്ങള്‍ വേണ്ടെന്നുവയ്ക്കാനാവില്ലല്ലോ. പോക്കറ്റടിക്കാരെ പിടികൂടി രണ്ട് പൂശിവിടുകയല്ലാതെ മറ്റു ഗതിയില്ല. ജനാധിപത്യത്തിന്റെ ഉത്സവപറമ്പാണ് തെരഞ്ഞെടുപ്പുകള്‍. ഈ ഉത്സവം എന്നു തുടങ്ങിയോ അന്നു മുതല്‍ കള്ളവോട്ടുമുണ്ട്. ജനാധിപത്യ പോക്കറ്റടി പോല. നേതാക്കള്‍ മരിക്കുമ്പോള്‍ അനുയായികള്‍ വിളിക്കുന്ന ഒരു മുദ്രാവാക്യമുണ്ട്, ‘ഇല്ലാ അങ്ങു മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന്. കെ എം മാണി സാര്‍ മരിച്ചപ്പോള്‍ ഈ മുദ്രാവാക്യം മുഴങ്ങിക്കേട്ടു. മരിക്കുന്ന നേതാവ് തങ്ങള്‍ ചെയ്യുന്ന കള്ളവോട്ടുകളിലൂടെയാണ് ജീവിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഒരു ന്യൂജന്‍ പയ്യന്‍ പറഞ്ഞതിന് എന്തൊരു അര്‍ഥഗരിമ.

തെരഞ്ഞെടുപ്പ് നടക്കുമ്പോഴൊക്കെ കുട്ടന്‍പിള്ള പോളിങ് ബൂത്തിലെത്തും. 15 വര്‍ഷം മുമ്പ് മരിച്ചുപോയ തന്റെ പ്രിയതമ അമ്മുക്കുട്ടിയമ്മയെ കാണാന്‍. മരിച്ചതിന്റെ മൂന്നാംപക്കം നടന്ന തെരഞ്ഞെടുപ്പിലും അമ്മുക്കുട്ടിയമ്മ വോട്ടു രേഖപ്പെടുത്തിയതായി അറിഞ്ഞു. തുടര്‍ന്നുള്ള എല്ലാ തെരഞ്ഞെടുപ്പിലും പരേതയായ അമ്മുക്കുട്ടിയമ്മ വോട്ടു ചെയ്തിരിക്കും. കഴിഞ്ഞ ദിവസം വോട്ടെടുപ്പിനിടെ കുട്ടന്‍പിള്ള ബൂത്തിലെത്തി. ‘അവള്‍ വന്നോ, ഒന്നു കാണാന്‍ കൊതിയാവുന്നു.’ എന്നു പറഞ്ഞു. ‘അയ്യോ ചേച്ചി രാവിലെ തന്നെ എത്തി വോട്ടു ചെയ്തിട്ടു പോയല്ലോ’ എന്ന് ബൂത്തിലിരുന്ന പ്രവര്‍ത്തകര്‍. അതാണ് കള്ളവോട്ട്. ഇതിന്റെ പേരില്‍ ഒച്ചവച്ചിട്ടൊന്നും കാര്യമില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ജവത്തോടെ ഓരോ തെരഞ്ഞെടുപ്പുവേളയിലും ഒരൊറ്റ കള്ളവോട്ടുപോലും ചെയ്യിക്കില്ലെന്നു പ്രതിജ്ഞയെടുക്കണം. ഇല്ലെങ്കില്‍ ജനാധിപത്യം പോക്കറ്റടിക്കപ്പെടുന്ന അവസ്ഥ തുടരുക തന്നെ ചെയ്യും.

ഏറെ വര്‍ഷങ്ങള്‍ക്കുമുമ്പാണ്. സര്‍ക്കാര്‍ ഗസറ്റിലൂടെ കണ്ണോടിച്ചപ്പോള്‍ ഒരു ലേലവിജ്ഞാപനം കണ്ടു. ഒരു സ്വര്‍ണചെയിന്‍, ഒരു തിരുപ്പന്‍ എന്നിവയാണ് ലേലവസ്തുക്കള്‍. മോഷണശ്രമത്തിനിടയില്‍ ഒരു യുവതിയെ വധിച്ച ഘാതകനില്‍ നിന്നു കണ്ടെടുത്ത തൊണ്ടിമുതലുകള്‍. അവ ആരു ലേലത്തില്‍ പിടിച്ചു എന്ന് അറിയില്ല. ഏതു മോഷണത്തിലും ഒരു തൊണ്ടിമുതലുണ്ടാകും. അതു സ്വര്‍ണമാകാം, പണമാകാം, പാദസരമാകാം. പക്ഷേ ആ പട്ടികയില്‍ കവിത ഉള്‍പ്പെട്ടുകാണുന്നില്ല. അതുകൊണ്ടാണല്ലോ ജനം ‘കവിതക്കള്ളി’ എന്നു വിശേഷിപ്പിക്കുന്ന ദീപാനിശാന്ത് എന്ന കോളജ് അധ്യാപിക ഇത്രനാളും പിടിച്ചുനിന്നത്.
കലേഷ് എന്ന കവിയുടെ പ്രതിഭാ ഈറ്റില്ലത്തില്‍ പിറന്ന ഒരു സ്വയമ്പന്‍ കവിത ദീപാനിശാന്ത് അടിച്ചുമാറ്റി. സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. കവിത മോഷ്ടിച്ചതാണെന്നു ചൂണ്ടിക്കാട്ടിയവരെ ദീപ ടീച്ചര്‍ കടിച്ചുകീറാനൊരുങ്ങി. നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ പ്രതി മോഷണക്കുറ്റം സമ്മതിച്ചു. നാളെയുടെ സംവിധാനശക്തികളെ ക്ലാസുമുറികളില്‍ വാര്‍ത്തെടുക്കുന്ന ഗുരുവരേണ്യ കള്ളിയുമായി. ഇതു കഴിഞ്ഞാലെങ്കിലും നാണംകെട്ട് ഒന്ന് ഒതുങ്ങിക്കഴിയാമായിരുന്നില്ലേ. നാണക്കേട് മറച്ചുവയ്ക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ചാടിക്കയറി അധിക്ഷേപമായി. ആരോ ഒരാള്‍ പ്രകോപിതനായി ഐതിഹാസികമായ കവിത മോഷണത്തെക്കുറിച്ച് യുജിസിക്കു പരാതി നല്‍കി. യുജിസി അനേ്വഷണവും തുടങ്ങി. സ്വര്‍ണവും തിരുപ്പനും മാത്രമല്ല കവിതയും തൊണ്ടിമുതലെന്ന് യുജിസി. കവിതാ മോഷണത്തിന് ഇനി ദീപാനിശാന്ത് അഴിയെണ്ണേണ്ടിവരുമോ? അഴിക്കുള്ളില്‍ നിന്നെങ്കിലും ഈ കവി കുഞ്ജരയില്‍ നിന്ന് നമുക്ക് ഒരു ഒറിജിനല്‍ കാവ്യപ്രപഞ്ചം കിട്ടുമോ!