പിന്‍തിരിഞ്ഞു നീ നില്‍ക്കെ കാണ്മൂ ഞാന്‍…

Web Desk
Posted on February 04, 2018, 10:22 pm

മാലിനിനദിയില്‍ കണ്ണാടിനോക്കുന്ന മാന്‍ ആയിരിക്കണം ഒരുപക്ഷേ മുഖക്കണ്ണാടി നോക്കുന്ന സൗന്ദര്യത്തെക്കുറിച്ചുള്ള ആദ്യ കവിഭാവന. ആ കാളിദാസഭാവനയുടെ സൗന്ദര്യലഹരി അനുപമമായി തലമുറകളിലേക്ക് നീണ്ടുവരുന്നു. പെണ്ണു മുഖം തിരിഞ്ഞുനിന്നാല്‍ ചിലര്‍ക്കൊക്കെ അതു നോക്കി നില്‍ക്കുന്നതുതന്നെ ഒരു ഹരമാണ്. ഹരമെന്നു പറഞ്ഞാല്‍ പോര. ഹരോഹര! ശാകുന്തളകാലത്ത് മാന്‍പേട മാലിനിയാറിലാണ് കണ്ണാടിനോക്കിയതെങ്കില്‍ ഇങ്ങിതാ മണിമലയാറില്‍ തീരത്ത് ഒരു പെണ്ണ് കണ്ണാടിനോക്കി ‘പ്രതിച്ഛായ’ ആസ്വദിക്കുന്നു. പാലാ കരിങ്ങോഴയ്ക്കല്‍ കോലായിലെ ആ പെണ്ണിനെപ്പോലല്ല ഈ മാണിപെണ്ണ്. ചട്ടയും ഞൊറിഞ്ഞുടുത്ത മുണ്ടുമായി ഒരു മധ്യതിരുവിതാംകൂര്‍ നസ്രാണിപ്പെണ്ണ്.
പെണ്ണിനെനോക്കി ഇടുക്കിയില്‍ നിന്ന് മണിപ്രവാളശൈലിയില്‍ ഒരു പാട്ട്. ‘പിന്‍തിരിഞ്ഞു നീ നില്‍ക്കെ കാണ്‍മൂഞാന്‍, മണി തംബുരു ഇതുമിട്ടാന്‍ കൊതിച്ചുനില്‍പൂ, കൈകള്‍ തരിച്ചുനില്‍പൂ…’ പാട്ടുതീരുമ്പോള്‍ ശാസ്തമംഗലത്തെ ഇന്ദിരാഭവന്‍ തറവാട്ടില്‍ നിന്ന് ഒരു വിരഹഗാനം; ‘താമസമെന്തേവരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍…’ കോഴിക്കോട്ടെ ഒരു പച്ചക്കെട്ടിടത്തില്‍ നിന്ന് മറ്റൊരു മാപ്പിളപ്പാട്ട്; മൂത്താണു നീ ഞമക്ക്! പാട്ടുപിന്നെയും നില്‍ക്കുന്നില്ല. ഇത്തവണ പാട്ടിന്റെ ഊഴം തലസ്ഥാനത്ത് കാവിപൂശിയ മാരാര്‍ജി ഭവനില്‍ നിന്ന്, ‘മാണി‘ക്യ വീണയുമായെന്‍ മനസിന്റെ താമരപ്പൂവിലുണര്‍ന്നവളേ!
നാലുപാടുനിന്നും പ്രേമലോലുപരുടെ ഗാനങ്ങള്‍ കേട്ടിട്ടും പെണ്ണിനൊരു കുലുക്കവുമില്ല, അനക്കവുമില്ല. മുണ്ടിനു പിന്നിലെ ഞൊറികള്‍ പോലും കാറ്റിലാടുന്നില്ല. പാട്ടുകേട്ട് അകത്തളത്തില്‍ നിന്ന് കുട്ടിയമ്മ അരിശത്തോടെ ഇറങ്ങിവരുന്നു. എന്നിട്ട് ഒരാക്രോശം. ‘എന്റെ ഇതിയാന്മാരെ ഇതു പെണ്ണൊന്നുമല്ല. വെറും വെള്ള പ്രതിമയാ. ഈ പ്രതിമകൊണ്ട് നിങ്ങടെ ഒരു കാര്യവും സാധിക്കുകേല എന്റെ പൊന്നേ…’ ഇളിഭ്യരായി നില്‍ക്കുന്ന പ്രണയഗായകരുടെ മുഖമൊന്നു കാണണം!

കെ എം മാണിക്കിപ്പോള്‍ വല്ലാത്ത എകെജി പ്രണയം ‘നിന്നെ കരവലയത്തിലൊതുക്കുവാന്‍, ഒന്നു ചുംബിക്കുവാന്‍ അഭിനിവേശം’ എന്ന്പ്രതിച്ഛായ യില്‍ കുറിമാനം എഴുതുന്നു. അമരാവതിയില്‍ പണ്ട് കര്‍ഷകസമരം നടത്തിയത് നമ്മൊന്നിച്ചല്യോ എന്ന് എകെജിയോടൊരു ചോദ്യവും. എകെജിയെ മാണി കണ്ടിട്ട് പോലുമില്ലെന്ന് മാലോകര്‍ക്കും മാണിക്കുമറിയാം. ഇതിനിടെയാണ് കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവായിരുന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ രംഗപ്രവേശം. എകെജിക്കൊപ്പം ഹൈറേഞ്ചിലും അമരാവതിയിലും കര്‍ഷകസമരം നടത്തിയത് തന്റെ അപ്പനാ എന്നു വെളിപ്പെടുത്തല്‍. അന്ന് മാണി കേരളാ കോണ്‍ഗ്രസുകാരനുമല്ല മാണി കോണ്‍ഗ്രസുകാരനുമല്ല, കോണ്‍ഗ്രസിലെ മാണി എന്നുകൂടി കടത്തി പറഞ്ഞപ്പോള്‍ മാണി മോന്‍ ജോസുകുട്ടി മാണിയോട് ചോദിക്കുന്നു. അപ്പോ ആരാടാ ഈ എകെജി.
കേന്ദ്ര‑സംസ്ഥാന ബജറ്റുകള്‍ അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ ചാനലുകള്‍ക്ക് ഒരുത്സവമാണ്. കിട്ടുന്ന സാമ്പത്തിക ശാസ്ത്രജ്ഞരെയൊക്കെ വിളിച്ചുകൂട്ടി തലനാരിഴ കീറി അഹോരാത്ര ചര്‍ച്ചകളാണ്. സ്ഥിരം നിലയവിദ്വാന്മാര്‍ക്കൊപ്പം ചില വ്യാജസാമ്പത്തിക വിദഗ്ധരും ചാനല്‍ ചര്‍ച്ചയില്‍ കടന്നുകയറി സമ്പത്തിനെയോ സാമ്പത്തിക വിനിയോഗത്തിന്റെ ഗുണദോഷങ്ങളോ അറിയാതെ ഓരോന്നു തട്ടിവിടുന്നതു കേള്‍ക്കുന്നത് എന്ത് അറുബോറാണ്. ചാനലിലെ അവതാരകന്‍ സംസ്ഥാന സാമ്പത്തികരേഖയെക്കുറിച്ച് സംസാരിച്ചതുതന്നെ ഉദാഹരണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തോമസ് ഐസക് ആര്‍ജവത്തോടെ തന്നെ സമ്മതിച്ചു. സാമ്പത്തിക വളര്‍ച്ച താഴേയ്ക്കാണെന്നും ബജറ്റ് കമ്മിയും ധനക്കമ്മിയും വര്‍ധിച്ചുവെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. പക്ഷേ എന്തു വര്‍ധിച്ചാലും അതുനേട്ടമാണെന്നാണ് ഈ ചാനല്‍ ധരിച്ചുവച്ചിരിക്കുന്നത്. ‘ബജറ്റ് കമ്മിയും ധനക്കമ്മിയും വര്‍ധിച്ചത് പ്രതീക്ഷ നല്‍കുന്നു‘വെന്നു പറഞ്ഞ അവതാരകനെ ആമത്തിലിടുകയല്ലേ വേണ്ടത്.
മഹാലക്ഷ്മിമാര്‍ നാടുവാണിടും കാലം എന്നു പറയാന്‍ തോന്നിപ്പോകുന്നു. ഫോണ്‍ കെണിക്കേസില്‍ മന്ത്രിസ്ഥാനം പോയ എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ ദിവസം രാവിലെ തലസ്ഥാനത്തെ വഴുതയ്ക്കാട്ടുകാരി ഒരു മഹാലക്ഷ്മി അങ്ങനെയങ്ങ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കി വീണ്ടും മന്ത്രിക്കസേരയില്‍ ഇരുത്തരുതെന്ന് കാണിച്ച് കോടതിയില്‍ ഹര്‍ജി നല്‍കുന്നു. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി മഹാലക്ഷ്മിയുടെ ഹര്‍ജിയും തള്ളിയപ്പോള്‍ ഹര്‍ജിക്കാരി വഞ്ചിയൂര്‍ കോടതിയില്‍ നിന്നുമുങ്ങുന്നു. ഒരു വേണുഗോപാലന്‍ നായരുടെ ഭാര്യ മഹാലക്ഷ്മിയെന്ന ഹര്‍ജിയില്‍ കണ്ട വിവരവുമായി തലസ്ഥാനത്തെ മാധ്യമ ശിങ്കിടി മുങ്കന്മാര്‍ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനപാത വെട്ടുന്നു. പാതചെന്നെത്തിയ വിലാസത്തില്‍ ഒരു മഹാലക്ഷ്മി പോയിട്ട് ഒരു പൂച്ചക്കുട്ടിപോലുമില്ല. മകന്‍ ഗണേശ്കുമാറിനെ തോമസ് ചാണ്ടിക്കുപകരം മന്ത്രിയാക്കാന്‍ പാവം പിള്ള ഒപ്പിച്ച പണിയാകാം ഹര്‍ജിക്കു പിന്നിലെന്ന് മാധ്യമജഗജില്ലാടികളുടെ നിഗമനമായി. വേണുഗോപാലന്‍ നായര്‍ക്കാണെങ്കില്‍ മനസാവാചാ കര്‍മണാ മഹാലക്ഷ്മിയെന്ന് ഒരു ഭാര്യയെക്കുറിച്ചുമറിയില്ല.
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകയൊന്നുമല്ലെങ്കിലും ദേവിക കഴിഞ്ഞ ഈ കോളത്തില്‍ പറഞ്ഞതോര്‍ക്കുക. വഞ്ചിയൂരില്‍ നിന്നു മുങ്ങിയ മഹാലക്ഷ്മി ഒന്നു മുങ്ങി ഞാന്‍ പൊങ്ങിവന്നു ഞാന്‍ തുള്ളുമോടമായ് നീന്തിനീന്തി ഞാന്‍ കടവിലണഞ്ഞു എന്നു പാടി ഈറനോടെ തോമസ് ചാണ്ടിയുടെ ലേക്പാലസിലേക്ക് കയറിപ്പോയതുകണ്ട വേമ്പനാട്ടുകായലിലെ മീന്‍പിടിത്തക്കാരുണ്ടെന്ന് ദേവിക പറഞ്ഞത് വെറും സാമാന്യബുദ്ധി കൊണ്ടു മാത്രമാണ്. ഒരാഴ്ചയിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ വാട്ടര്‍ഗേറ്റ് വീരന്മാരെപ്പോലെ മാധ്യമ പ്രവര്‍ത്തകര്‍ മഹാലക്ഷ്മിയെ കണ്ടെത്തിയിരിക്കുന്നു. തോമസ്ചാണ്ടിയുടെ പി എ ശ്രീകുമാറിന്റെ വീട്ടിലെ അടിച്ചുതളിക്കാരിയാണ് ഹര്‍ജിക്കാരി മഹാലക്ഷ്മിയെന്ന്. എങ്ങനെയുണ്ട് സാമാന്യബുദ്ധിയും മാധ്യമബുദ്ധിയും.

വാല്യക്കാരി മഹാലക്ഷ്മിക്ക് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിക്കൂടെന്ന് എവിടെയും പറഞ്ഞിട്ടില്ല. പക്ഷേ നാണംകെട്ട് മന്ത്രിക്കസേരപോയ തോമസ്ചാണ്ടി നാണംകെട്ട കളികള്‍ ശീലമാക്കിപ്പോയി എന്നതിന് തെളിവായി മഹാലക്ഷ്മി എഴുന്നുനില്‍ക്കുന്നു. കൊലക്കേസ് പ്രതികളും ബലാല്‍സംഗക്കേസുകളില്‍ പിടിക്കപ്പെട്ടവരും തൂവാലകൊണ്ടും തോര്‍ത്തുകൊണ്ടും മുഖംപൊത്തി ജനത്തിനുമുന്നില്‍ ഹാജരാകുന്നത് നാമൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ ഒരു ഹര്‍ജിക്കാരി അഭിഭാഷകനുപിന്നിലൊളിച്ചും കൈലേസുകൊണ്ട് മുഖം മറച്ചും കോടതിവളപ്പില്‍ ഉഴറി നടക്കുന്ന അത്യപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ ദൃശ്യസൗകുമാര്യം ഒരുക്കിത്തന്ന തോമസ് ചാണ്ടിക്ക് വ്യവഹാരകേരളത്തിന്റെ നന്ദി, നല്ലനമസ്‌കാരം.

അഭിഭാഷകയായ രഞ്ജിനിയും ചലച്ചിത്രനടി സനുഷയും പ്രബുദ്ധ കേരളത്തിനുമുന്നില്‍ അവിസ്മരണീയരായ രണ്ട് അടയാളങ്ങളായി. കമ്മലിട്ട ആണ്‍കുലത്തെ നാണംകെടുത്തിച്ച അടയാളങ്ങളായി. ബഹുനില മന്ദിരത്തിനു മുകളില്‍ നിന്നും കാല്‍വഴുതി താഴേയ്ക്ക് വീണ തൊഴിലര്‍ഥിയായ ഒരു യുവാവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം ആ പാവത്തിന്റെ മരണവെപ്രാളം കണ്ട് രസിച്ചുനിന്നവരും ഒന്നുമറിയാതെ കടന്നുപോയവരുമായ ആണ്‍കൂട്ടത്തിനിടയില്‍ ഒരു പെണ്‍തരിയായി പ്രത്യക്ഷപ്പെട്ട രഞ്ജിനി ആണുങ്ങളെന്നു പറയാന്‍ എന്തവകാശം എന്ന ചോദ്യചിഹ്നം പോലെയായി. മരണാസന്നനായ ആ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ഒരു പോരാട്ടംതന്നെ രഞ്ജിനിക്ക് നടത്തേണ്ടിവന്നത് ആണ്‍കുലത്തിനേറ്റ നാണക്കേടിന്റെ ആക്കം കൂട്ടുന്നു. തീവണ്ടിയില്‍ സഞ്ചരിക്കവേ ഒരു യുവാവ് നടി സനുഷയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സഹയാത്രികര്‍ ഉറക്കം നടിക്കുകയോ പീഡനം ആസ്വദിക്കുകയോ ചെയ്ത ലജ്ജാകരമായ സംഭവം. പീഡനശ്രമം നടത്തിയ ആണാളിനെ കൈക്കുപിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുന്നതിന് സഹായിച്ച രണ്ട് യുവാക്കളുമുണ്ടായിരുന്നുവെന്നതുകൊണ്ട് മറ്റ് സഹയാത്രികരായ ആണുങ്ങള്‍ നെഞ്ചുവിരിച്ച് നപുംസകങ്ങളാകാതിരുന്നാല്‍ മതി. രഞ്ജിനിക്കും സുഷയ്ക്കും ദേവികയുടെ അരുണാഭിവാദ്യങ്ങള്‍.