ഈ മോഡി ആരാ, ഹിറ്റ്‌ലറുടെ കൊച്ചുമോനോ?

Web Desk
Posted on October 07, 2019, 2:23 pm

devikaകുറേക്കാലം മുമ്പ് ഇന്നത്തെ രാജാജിനഗറുണ്ടാകുന്നതിനുമുമ്പ് അന്നത്തെ ചെങ്കല്‍ ചൂളയിലെ ഒരു കൂരയില്‍ നിന്നു കേട്ടശബ്ദമാ. ഇതിയാന് എന്തിന്റെ കേടാ! നാറുന്നതുമറിയില്ല, മണക്കുന്നതുമറിയില്ല. അടിച്ചു പൂസായി വന്ന് മുന്‍വശത്തെ റോഡുവഴി നടന്നു പോവുകയായിരുന്ന കേരളത്തിലെ തന്നെ ഒരു പ്രമുഖ കവിയെ അളിയാ എന്ന സംബോധനയോടെ തെറിവിളിക്കുന്ന മദ്യപന്‍, ഭാര്യ ഓടി വന്ന് അയാളെ പിടിച്ചു വലിച്ചു വീട്ടിലേയ്ക്കകൊണ്ടുപോകുമ്പോഴും മദ്യപന്റെ ആക്രോശം, നിന്നെ ഞാന്‍ എടുത്തോളാമെടാ! ഭാര്യ കവിയോടു ക്ഷമപറയുന്നു; സാറേ ഇയാള്‍ക്ക് ആണുങ്ങളെ കണ്ടാല്‍ തിരിച്ചറിയില്ല, കവി ചിരിച്ചുകൊണ്ട് പ്രസ്‌റോഡിലേയ്ക്കുള്ള കയറ്റം കയറിപോകുന്നു. !

എന്തുചെയ്യാന്‍, ചിലരൊക്കെ അങ്ങനെയാണ്. ‘വസുധൈവ കുടുംബകം’ എന്ന പ്രമാണമോര്‍ത്തു ഇതൊക്കെ ക്ഷമിക്കാം. വിവരമില്ലായ്മയും മദ്യവും സമാസമം ചേര്‍ത്തപ്പോഴാണ് മേല്‍പ്പടി കഥാപാത്രം ഇതൊക്കെ കാട്ടിക്കൂട്ടിയതെന്നും സമാധാനിക്കാം. എന്നാല്‍ നാടു വാഴുന്ന തമ്പുരാക്കന്മാര്‍ക്കും നാറുന്നതും മണക്കുന്നതും തിരിച്ചറിയാനുള്ള ഗ്രാഹ്യ വിവേചന ശക്തിയില്ലാതെ പോയാലോ! അതും ക്ഷമിച്ചുകളയുന്നത് മഹാദുരന്തമാകും. പ്രധാനമന്ത്രിമോഡിയിലൂടെ ഒരു പുതിയ ഹിറ്റ്‌ലറുടെ അവതാരം ഉണ്ടായിക്കഴിഞ്ഞു വെന്ന് മഹത്തായ ഇന്ത്യന്‍ ജനതയെ ബോധ്യപ്പെടുത്തുന്ന സംഭവശ്രേണികളാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. മര്യാദരാമനായ ശ്രീരാമന്റെ പേരിലുള്ള ജയ്ശ്രീറാം മന്ത്രത്തെ ഒരു കൊലവിളിയായി ചാതുര്യത്തോടെ ബിജെപിയും സംഘപരിവാറും മാറ്റിയെടുത്തിരിക്കുന്നു. ജയ്ശ്രീറാം വിളിക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ നിരപരാധികളെ തല്ലിയും വെട്ടിയും ചുട്ടും കൊല്ലുന്നത് ഇന്ത്യയില്‍ ദൈനംദിന സംഭവമാകുമ്പോള്‍ അതേക്കുറിച്ചു കമാ എന്നെരുക്ഷരം മിണ്ടിപോവരുത്. ഈ വര്‍ഗ്ഗീയ ഭീകരതയ്ക്ക് നേതൃത്വം നല്‍കുന്ന മോ!ഡിക്കെതിരെ ശബ്ദിച്ചുപോകരുത്. ! ‘അരചനെ കെടുത്തൊന്ന പറഞ്ഞിടൊല്ല എന്ന പഴയ രാജഭരണ കാലത്തെ അവസ്ഥ തിന്മകളുടെ ചെളിയില്‍ കുളിച്ചു നില്‍ക്കുന്ന മോഡിയെ നോക്കി’ ‘നേപാളക്ഷിതി തന്നില്‍ വസിക്കും ഭൂപാലന്റെ ലലാടം തന്നില്‍, ചേറുപുരണ്ടാലതു കസ്തുരിക്കുറി’ എന്ന പോലെ മംഗളശ്ലോകം ചൊല്ലിക്കൊള്ളണം.

പക്ഷേ മിസ്റ്റര്‍ മോഡി ഇതൊന്നും ശരിയല്ല എന്നു പറഞ്ഞാല്‍ അവരുടെ ഊണകത്തെന്നതിലല്ല ആള്‍ക്കുട്ട ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മോഡിക്കു കത്തെഴുതിയ ഇന്ത്യയിലെ അന്‍പതോളം സാംസ്‌കാരിക നായകര്‍ക്കെതിരേ ബിഹാറിലെ ഒരു കോടതി കേസെടുത്തിരിക്കുന്നു. ഇന്ത്യന്‍ സിനിമയെ ലോക സിനിമയുടെ നെറുകയിലെത്തിച്ച അടൂര്‍ഗോപാലകൃഷ്ണന്‍, ശ്യംബെനഗല്‍, മണിരത്‌നം സാംസ്‌കാരിക ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങളായ രാമചന്ദ്ര ഗുഹ തുടങ്ങിയവരെയാണ് മോഡിക്കു കത്തെഴുതിയതിന് രാജ്യദോഹം, മതസ്പ്പര്‍ദ്ധ വളര്‍ത്തല്‍, കലാപ പ്രേരണ തുടങ്ങി ബ്രഹ്മാണ്ഡത്തിലുള്ള സകലകുറ്റങ്ങളും ചുമത്തി കല്‍ത്തുറങ്കിലടയ്ക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. നാവുകള്‍ പിഴുതെറിയുകയും തൂലികകള്‍ പിടിച്ചുവാങ്ങി തീയിലെറിയുകയും ചെയ്യുന്ന ബീഭത്സവും ഭീതിജനകവുമായ ഒരന്തരീക്ഷത്തില്‍ ഹിറ്റലറുടെ കൊച്ചുമോനായി മോഡി അവതരിച്ചു കഴിഞ്ഞു. സംസ്‌കാരത്തിന്റെ സുന്ധവും സംസ്‌കാരശൂന്യതയുടെ ദുര്‍ഗന്ധവും തിരിച്ചറിയാനാവാത്ത ഭരണകൂട ഭീകരതയുടെ ഈ കറുത്ത ചരിത്രഘട്ടത്തിലൂടെ കടന്നു പോകുന്ന രാജ്യവും അതിലെ മഹത്തായ ജനതയും.

സത്യം വിളിച്ചു പറഞ്ഞതിന് മരണത്തിന്റെ ഗുഹാമുഖത്തിട്ട് സൂഫിവര്യനായ കവിയെ പീഡിപ്പിച്ച ഭരണകൂട ഭീകരതയുടെ ചരിത്രം നമുക്കുണ്ട്. ‘മുറിപ്പിനെന്റെ നാവാദ്യം ഉഗ്രമാമൊരു പീഡയാല്‍, വരേണ്യമായ സത്യത്തെ, വഞ്ചിക്കും വാക്കുരയ്ക്കുവാന്‍, എനിയ്ക്കു തോന്നിപ്പോയാലോ’ എന്നു പറഞ്ഞ ആ സൂഫിവര്യന്റെ പിന്മുറക്കാരായ നമുക്ക് ആ പീഡനങ്ങളുടെ മഹാപര്‍വ്വം താങ്ങാനാവില്ല. മോഡിയിസമെന്ന പുത്തന്‍ ഹിറ്റ്‌ലറിസത്തെ ചെറുത്തുതോല്‍പിക്കാന്‍ ഗാന്ധിസം മാത്രം പോരെന്ന ആപല്‍ക്കരമായ പതനത്തിലേയ്ക്കു കാര്യങ്ങള്‍ എത്തുമ്പോള്‍ ഇതിനെതിരേ ഇന്ത്യന്‍ ജനതയുടെ പടവീര്യം കാട്ടാന്‍ ആവനാഴിയിലെ മറ്റെല്ലാ ആയുധങ്ങളും പുറത്തെടുക്കുക, ഇതുപറഞ്ഞതിന് രക്തരുക്ഷിതമായ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന ദശലക്ഷക്കണക്കിനു കേസുകള്‍കൊണ്ടു കോടതികള്‍ പൊറുതിമുട്ടട്ടെ ഇന്ത്യയെയാകെ ഒരുതുറന്ന ജയിലാക്കിമാറ്റാന്‍ മോഡിയ്ക്കും അമിത്ഷായ്ക്കുമല്ല അവരുടെ കീച്ചിപ്പാപ്പമാര്‍ക്കുപോലുമാവില്ലെന്ന് ആയുധമണിയുന്ന ഇന്ത്യ വിളിച്ചു പറയട്ടെ, കാരണം ഇന്‍ക്വിലാബിന്റെ മക്കളാണു നാം, പൊന്‍കിനാക്കള്‍ സത്യമാക്കിടുന്നു നാം.…
അതുല്യ ബഹുമുഖ പ്രതിഭയും കമ്മ്യൂണിസ്റ്റുമായ കാമ്പിശ്ശേരി കരുണാകരന്റെ പ്രശസ്തമായ ഒരു കൃതിയുണ്ട്, ‘കൂനന്തറ പരമുവും പൂനാ കേശവനും. ’ ഈ പേരുകള്‍ തന്നെയാണ് മുഖ്യകഥാപാത്രങ്ങളും പരസ്പരം പ്രശംസിച്ചും ചൊറിഞ്ഞും രസിക്കുന്നവര്‍. പിന്നീട് ഈ കഥാപാത്രങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുനരവതരിച്ചു. പേരുകള്‍ മാത്രം കൂനനറ മോഡിയെന്നും പൂനാ അമിത്ഷായെന്നുമുള്ള മാറ്റത്തോടെ പരസ്പര പ്രശംസയില്‍ അഗ്രഗണ്യര്‍, കഴിഞ്ഞ ദിവസം അമിത്ഷാ മോഡിയെ സ്തുതിച്ചുകൊണ്ട് ഒരു വചനമങ്ങ് വെച്ചുകാച്ചി; കഴിഞ്ഞ 22 വര്‍ഷമായി മോഡിജി ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ലെന്ന്! ഏതു പൊലീസുകാരനുമാകുന്ന കാര്യം. ഇക്കഴിഞ്ഞ ദിവസം ഒരു വാര്‍ത്തവന്നു. യുഎഇയില്‍ റാസല്‍ഖൈമയിലെ ഒരു പൊലീസുകാരന്‍ 43 വര്‍ഷമായി അവധിയെടുത്തിട്ടേയില്ലെന്ന്. പ്രധാനമന്ത്രിയായി ആറു വര്‍ഷം തികയുംമുമ്പ് നാലരവര്‍ഷവും വിദേശരാജ്യങ്ങളില്‍ വിനോദസഞ്ചാരം നടത്തിയ മോഡി അവധിയല്ലാതെ പിന്നെന്താ ആഘോഷിച്ചതെന്ന് ജനം ചോദിച്ചുപോകുന്നു. ഉലകംചുറ്റും വാലിബനാകുന്നതു തന്നെ അവധിയെടുക്കാനല്ലേ! അതും ജനത്തിന്റെ ചെലവില്‍ ‘കല്യാണം പണ്ണിയും ബ്രഹ്മചാരി’ യെന്നാണല്ലോ മോഡിയെക്കുറിച്ചു പറയാറ്. അതുപോലെ അവധിയെടുക്കാതെയും അവധി!

കാലടി ഗോപിയുടെ ‘ഏഴുരാത്രികള്‍’ എന്ന നാടകത്തില്‍ അവിസ്മരണീയനായ ഒരു കഥാപാത്രമുണ്ട്, തെരുവിലുറങ്ങും നിഴലുകളായ, കടവില്‍ കിടക്കും മോഹങ്ങളായ യാചകക്കുട്ടത്തിലൊരുവനായ പാഷാണം വര്‍ക്കി. ഒരു ഫോട്ടോയുടെ ഒരു വശത്ത് ഉണ്ണി യേശുവിന്റെയും മറുപുറത്ത് ഗുരുവായൂരപ്പന്റെയും ചിത്രങ്ങള്‍ പതിച്ച് ഹിന്ദുക്രിസ്ത്യന്‍ വീടുകളില്‍ തരാതരം പോലെതെണ്ടുന്ന പാഷാണത്തിന്റെ സഹയാചകനായ ഒരാള്‍ക്ക് ക്ഷയരോഗികള്‍ക്കുള്ള പെന്‍ഷന്‍ ലഭിച്ചുവെന്ന അറിയിപ്പുകേട്ട് !അയാള്‍ അറിയാതെ പറഞ്ഞു പോയി. ’ കര്‍ത്താവേ എനിയ്ക്കും ക്ഷയം വരണേ’ കേരള രാഷ്ട്രീയത്തില്‍ ലക്ഷണമൊത്ത ഒരു പാഷാണം വര്‍ക്കിയുണ്ട്. സാക്ഷാല്‍ പി സി ജോര്‍ജ്, കയ്യിലുള്ള ഫോട്ടോയില്‍ ചിലപ്പോള്‍ മോഡിയുടെ പടം, മറ്റു ചിലപ്പോള്‍ സോണിയയുടെ പടം, ഇപ്പോള്‍ ഫോട്ടോയില്‍ മോഡി മാത്രം. പാലാ ഉപതെരഞ്ഞെടുപ്പിനും കഴിഞ്ഞ ലോക!്‌സഭ തെരഞ്ഞെടുപ്പിനുമെല്ലാം മോഡിപ്പടം വച്ച് വേഷം കെട്ടി പാലായിലിറങ്ങി സര്‍വമാന ജനങ്ങളെയും ജോസ് മാണിയേയും അയാളുടെ പെണ്ണുംപിള്ളയേയും വായ്ക്ക് രൂചിയായി തെറിവിളിച്ചു. ഇതുകേട്ട് ജോസ് ഗ്രൂപ്പുകാര്‍ മുട്ടിപ്പായി പ്രാര്‍ഥിച്ചു, പി സിയുടെ തൊണ്ടയിടറിപ്പോണേ അല്‍ഫോണ്‍സാമ്മേ! എന്തായാലും പ്രാര്‍ഥന ഫലിച്ചു, രാപകലില്ലാതെ ശബ്ദമലിനീകരണം നടത്തിവന്ന ജോര്‍ജ് ഇപ്പോള്‍ നിശബ്ദന്‍. പാലാ തെരഞ്ഞെടുപ്പിനു ശേഷം കക്ഷി മൗന വ്രതത്തിലായ കാര്യം തിരക്കിയപ്പോല്ലേ സംഗതി പിടികിട്ടിയത്. തൊണ്ടയില്‍ അസുഖമായി ആശുപത്രിയിലായിരുന്നത്രേ. കുറേക്കാലത്തേയ്ക്ക് സംസാരിച്ചുകൂടെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചത്രേ. ഇതറിഞ്ഞ രാഷ്ട്രീയ കേരളം ഉളളുരുകി പ്രാര്‍ഥിക്കുന്നു. കര്‍ത്താവേ ജോര്‍ജിന് സുദീര്‍ഘ ശബ്ദ നിയന്ത്രണത്തിന് ഉപദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് മനസുണ്ടാകണേ എന്ന്!

കേരളത്തിലെ പെണ്‍കുട്ടികള്‍ വൈകി വിവാഹം കഴിയ്ക്കുന്ന പ്രവണതയേറുന്നുവെന്ന ഒരു കണക്ക് ഈയിടെ പുറത്തുവന്നു. അച്ഛനും കൊച്ചാട്ടനും ഇഷ്ടമെങ്കില്‍ എനിയ്ക്ക് ഇഷ്ടം എന്നു പുറനിറഞ്ഞിരിക്കുന്ന പെണ്ണു പറയാത്തതുകൊണ്ടല്ല ഈ മംഗല്യവൈകല്‍! പലകാരണങ്ങളാല്‍ വിവിധ പ്രണയങ്ങളാല്‍, ചാറ്റും ചീറ്റുമായി പെണ്‍ പിള്ളാര്‍ അങ്ങ് ഇരുന്നുപോകുന്നുവെന്നേയൂള്ളൂ. ഇതിന് ചില സാമൂഹ്യ മാധ്യമ കില്ലാടികള്‍ ഒരു പോംവഴി കണ്ടു പിടിച്ചിരിക്കുന്നു. പുരനിറഞ്ഞുനില്‍ക്കുന്ന ചെറുതരക്കാരികളുമായി രാഹുല്‍ ഒരു പ്രണയത്തിലായാല്‍ മതി. പിറ്റേന്ന് മറ്റാരെങ്കിലുമായി പെണ്ണിന്റെ സംബന്ധം റെഡി. ഈ പോംവഴിക്ക് അവര്‍ ഉദാഹരണങ്ങളും നിരത്തുന്നു. കൊളംബിയക്കാരിയായ ഇപ്പോള്‍ സ്‌പെയിനിലുള്ള വെറോണിക്കാ എന്ന വാസ്തു ശില്പിപ്പെണ്ണുമായി രാഹുല്‍ പ്രണയത്തിലായി. ഇവിടെ ആലപ്പുഴയില്‍ അവളുമൊത്ത് ഒരു ദിവസം ഹൗസ്‌ബോട്ടില്‍ രാപാര്‍ക്കുകയും ചെയ്തു. തിരിച്ചുപോയ വെറോണിക്കയുടെ കഴുത്തില്‍പിറ്റേന്നു തന്നെ ഒരു സായിപ്പ് പയ്യന്‍ താലിചാര്‍ത്തി. രാഹുലിനാകട്ടെ പ്രണയഭംഗം തോന്നിയുമില്ല; ആത്മഹത്യയ്ക്കു ശ്രമിച്ചുമില്ല. അടുത്ത പ്രണയം അഫ്ഗാന്‍ രാജാവിന്റെ കൊച്ചുമോളായ നോയല്‍ സഹറുമായി. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ഈജിപ്റ്റിലെ ഒരു രാജകുമാരന്‍ അണ്ടഫ്ഗാന്‍ രാജകുമാരിയെ കൊത്തിയെടുത്തു പറന്ന് നിക്കാഹ് കഴിച്ചു. അതിലും നിരാശനാകാതെ രാഹുല്‍ ഇപ്പോള്‍ വയനാട്ടില്‍ കേരളത്തിന്റെ എം പി യായുണ്ട്. നമ്മുടെ പെണ്‍കുട്ടികളുടെ മംഗല്യദൗര്‍ഭാഗ്യം ചൂണ്ടിക്കാട്ടി രാഹുലിനെ പ്രണയവഴിയ്ക്കു വീണ്ടും കൂട്ടിക്കൊണ്ടു വന്നാലോ! ‘ആ നുണക്കുഴി കവിളില്‍ നഖചിത്രമെഴുതാന്‍’ ഏതു പുരനിറഞ്ഞു നില്‍ക്കുന്ന പെണ്ണും കൊതിച്ചു പോകില്ലേ!